വില 6,000 രൂപ കുറച്ചു, എഞ്ചിൻ കിടുവാക്കി; ഹിമാലയനെ ഷോറൂമിൽ തന്നെയിരുത്താൻ പുതിയ യെസ്‌ഡി അഡ്വഞ്ചർ
ക്ലാസിക് മോട്ടോർസൈക്കിളുകൾ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ആദ്യം ഓർമ വരിക റോയൽ എൻഫീൽഡിന്റെ പേരാവും അല്ലേ. എന്നാൽ ഒരുകാലത്ത് റെട്രോ മോഡലുകളുടെ അവസാന വാക്കായി കേട്ടിരുന്ന പേരാണ് യെസ്‌ഡിയുടേത്. ഇന്നും ബ്രാൻഡിന്റെ സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് പൊന്നും വിലയാണുള്ളത്. മഹീന്ദ്രയുടെ കീഴിൽ തിരികെ വിപണിയിലേക്ക് എത്തിയെങ്കിലും പഴയ പ്രതാപത്തിന്റെ അത്രയും ഉയരാൻ ക്ലാസിക് ലെജൻഡ്‌സിനായിട്ടില്ല. എന്നിരുന്നാലും പുത്തൻ അടവുകളുമായി പടപൊരുതാൻ തന്നെയാണ് കമ്പനിയുടെ ശ്രമം. അതിന്റെ ഭാഗമായി യെസ്‌ഡി അഡ്വഞ്ചറിനെ പുത്തൻ മാറ്റങ്ങളുമായി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.
തെരഞ്ഞെടുക്കുന്ന കളർ ഓപ്ഷനുകൾക്ക് 2.10 ലക്ഷം മുതൽ 2.20 ലക്ഷം വരെയാണ് ഏറ്റവും പുതിയ 2024 മോഡൽ യെസ്‌ഡി അഡ്വഞ്ചർ ബൈക്കിന് ഇപ്പോൾ വരുന്ന എക്സ്ഷോറൂം വില. അതായത് നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ ഏകദേശം 6,000 രൂപയോളം കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ചുരുക്കം. മോട്ടോർസൈക്കിളിന് കോസ്മെറ്റിക് നവീകരണങ്ങൾക്ക് പുറമെ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.

പ്രധാന ശത്രുവായ റോയൽ എൻഫീൽഡ് ഹിമാലയനൊപ്പം പിടിച്ചുനിൽക്കാനുള്ള മാറ്റങ്ങളാണ് ഏറെയും. ഡിസൈനിലും രൂപഭാവത്തിലും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ലെന്ന് ആദ്യ നോട്ടത്തിൽ തോന്നിയേക്കാമെങ്കിലും ഫ്യുവൽ ടാങ്കിലെ നിറങ്ങളും ഗ്രാഫിക്‌സുമെല്ലാമാണ് അഡ്വഞ്ചർ മോട്ടോർസൈക്കിളിന് പുതുമ സമ്മാനിക്കുന്നത്. മാഗ്നൈറ്റ് മെറൂൺ, ടൊർണാഡോ ബ്ലാക്ക്, വുൾഫ് ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നിവയാണ് പുതിയ കളർ ഓപ്ഷനുകൾ.
ഇതിൽ യെസ്‌ഡി അഡ്വഞ്ചറിന്റെ മാഗ്നൈറ്റ് മെറൂണിന് 2.13 ലക്ഷം, ടൊർണാഡോ ബ്ലാക്കിന് 2.10 ലക്ഷം, വുൾഫ് ഗ്രേയ്ക്ക് 2.16 ലക്ഷം, ഗ്ലേസിയർ വൈറ്റിന് 2.20 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ നിറങ്ങൾ കൂടാതെ ടാങ്കിന് ചുറ്റുമുള്ള റെയിലുകൾ വളരെ ചെറുതാക്കിയിട്ടുമുണ്ട് യെസ്‌ഡി. ഈ നീക്കം ബൈക്കിന്റെ ഭാരം 5 കിലോഗ്രാമോളം കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്.

യെസ്‌ഡി മോട്ടോർസൈക്കിൾ ബ്രാൻഡ് സ്ഥാപിതമായ വർഷത്തെ അടയാളപ്പെടുത്തുന്ന 'ESTD 69' എന്ന് എഴുതിയ ഒരു പുതിയ സ്റ്റിക്കറും വശങ്ങളിൽ കാണാം. എഞ്ചിന് മികച്ച സംരക്ഷണം നൽകുന്നതിനായി പുതിയ സമ്പ്ഗാർഡും അഡ്വഞ്ചർ ബൈക്കിന് സമ്മാനിച്ചിട്ടുണ്ട്. കോസ്മെറ്റിക് മാറ്റങ്ങൾക്ക് പുറമേ ചെറിയ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളും ഏറ്റവും പുതിയ 2024 മോഡലിൽ കമ്പനി നടപ്പിലാക്കിയിട്ടുണ്ടെന്നതും ആളെക്കൂട്ടാൻ സഹായിക്കും.
പുതുക്കിയ 334 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. യെസ്‌ഡി ഇതിനെ ആൽഫ 2 എഞ്ചിൻ എന്ന് വിളിക്കുന്ന ഇത് നിലവിലുണ്ടായിരുന്ന ബൈക്കിനേക്കാൾ മികച്ച ഡ്യൂറബിളിറ്റിയും റിഫൈൻമെന്റുമാണ് വാഗ്‌ദാനം ചെയ്യുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 29.68 bhp പവറിൽ പരമാവധി 29.84 Nm torque വരെ ഉത്പാദിപ്പിക്കാനാവുമാവും.

പുതിയ എഞ്ചിൻ്റെ NVH, മൈലേജ് എന്നിവയിൽ ക്ലാസിക് ലെജൻഡ്‌സ് സമഗ്രമായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇത്തരം കാര്യങ്ങളിൽ കാര്യമായ നവീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സസ്പെൻഷൻ, വീൽ, ടയറുകൾ എന്നിവയിൽ മാറ്റങ്ങളൊന്നുമില്ല. സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിളും ഉൾപ്പെടുന്ന ലോംഗ്-ട്രാവൽ സസ്പെൻഷൻ സജ്ജീകരണവുമാണ് യെസ്‌ഡി അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുള്ളത്.
ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ മുൻവശത്ത് 320 mm ഡിസ്‌ക്കും പിൻവശത്ത് 240 mm ഡിസ്‌ക്കുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 21 ഇഞ്ച് ഫ്രണ്ട് വീൽ സെറ്റപ്പിലും 17 ഇഞ്ച് റിയർ വീൽ സെറ്റപ്പിലുമാണ് ബൈക്ക് നിരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. 815 മില്ലീമീറ്റർ സീറ്റ് ഹൈറ്റുള്ള അഡ്വഞ്ചർ മോഡലിന് 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








