ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ
ഇലക്ട്രിക് സ്‌കൂട്ടറുകൾ ഹിറ്റായതോടെ പ്രമുഖ ബ്രാൻഡുകളെല്ലാം ഇവി രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാൽ ഇതിനെല്ലാം മുമ്പേ തങ്ങളുടെ ഐക്കണിക് സ്‌കൂട്ടറായ ചേതക്കിനെ വൈദ്യുതീകരിച്ച് നിശബ്‌ദ വിപ്ലവത്തിന് തിരികൊളുത്തിയവരാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളാണ് നമ്മുടെ ബജാജ്. തുടക്കത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് കമ്പനി വിൽപ്പന കേന്ദ്രീകരിച്ചത്.
പിന്നീട് ഇതെല്ലാം വിപുലീകരിച്ച് ഇന്ന് കേരളത്തിന്റെ ഓരോ നഗരത്തിലും പ്രത്യേകം ഷോറൂമുകൾ തുറന്ന് ജനങ്ങളോട് അടുത്തിരിക്കുകയാണ് ബജാജ്. പക്ഷേ ഓലയും ഏഥറും അരങ്ങുവാഴുന്നിടത്ത് പിടിച്ചുനിൽക്കാൻ അൽപം വിയർപ്പൊഴുക്കേണ്ടി വരുന്നുണ്ടെന്നതാണ് സത്യം. ഇതെല്ലാം മറികടക്കാനായി പുത്തൻ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ട് സജീവമായി നിൽക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

അതിന്റെ ഭാഗമായി ചേതക് ഇവിയുടെ കുറഞ്ഞ വിലയുള്ള മറ്റൊരു വേരിയന്റ് കൂടി അവതരിപ്പിക്കാനുള്ള പുറപ്പാടാണ് അണിയറയിൽ ഒരുങ്ങുന്നത്. ഉടൻ വിൽപ്പനയ്‌ക്കെത്തുന്ന ചേതക്കിൻ്റെ കൂടുതൽ താങ്ങാനാവുന്ന വകഭേദത്തിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. മൊത്തത്തിലുള്ള രൂപം അതേപടി തുടരുമ്പോൾ വില കുറയ്ക്കാൻ ബജാജ് ഫീച്ചറുകൾ വെട്ടിക്കുറച്ചാവും അവതരിപ്പിക്കുക.
ഈ പുതിയ വേരിയന്റ് കിടിലൻ കളർ ഓപ്ഷനുകളോടെയാവും വാങ്ങാനാവുക. എന്നാൽ നിലവിലെ ടോപ്പ് വേരിയൻ്റുകളിൽ ലഭ്യമായ അലോയ് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾക്കും പകരമായി ഡ്രം ബ്രേക്കുകളുള്ള സ്റ്റീൽ വീലുകളായിരിക്കും ബജാജ് ചേതക് ഇവിയുടെ പുതിയ ബേസ് മോഡൽ വാഗ്‌ദാനം ചെയ്യുക. ഈ പതിപ്പ് കൂടുതൽ പരമ്പരാഗതവും ചെലവ് കുറഞ്ഞതുമായ ഫിസിക്കൽ കീ സ്ലോട്ടായിരിക്കും അവതരിപ്പിക്കുക.

കൂടാതെ ചെലവ് കുറക്കാനായി കളർ എൽസിഡി ഡിസ്പ്ലേയ്ക്ക് പകരമായി 2020-ൽ സ്‌കൂട്ടറിൽ ആദ്യമായി അവതരിപ്പിച്ച മോണോക്രോം ഡിസ്‌പ്ലേയായിരിക്കും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനും സമ്മാനിക്കുക. ബാറ്ററി പായ്ക്കിലോ റേഞ്ചിലോ മോട്ടോറിലോ നവീകരണങ്ങളൊന്നും ഉണ്ടാവാനും ചാൻസില്ല. എന്നാൽ ബേസ് മോഡലായതിനാൽ തന്നെ പെർഫോമൻസിൽ കുറവുണ്ടാവാൻ സാധ്യതയുണ്ട്.
ഈ സ്‌കൂട്ടറിന് ഹബ് മോട്ടോറും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. സിംഗിൾ ചാർജിൽ 113 കിലോമീറ്റർ IDC റേഞ്ച് അവകാശപ്പെടുന്ന ചേതക് അർബനിലെ അതേ 2.9kWh ബാറ്ററി പായ്ക്കാവും ഇവിയിലുണ്ടാവുക. നിലവിലെ ബജാജ് ചേതക്ക് പ്രീമിയം, അർബൻ എന്നീ രണ്ട് വേരിയൻ്റുകളിൽ ലഭിക്കും. പ്രീമിയം വേരിയൻ്റിന് 3.2kWh ബാറ്ററിയും 126 കിലോമീറ്റർ IDC റേഞ്ചും ഉണ്ട്. ഈ വേരിയൻ്റിൽ TFT ഡിസ്പ്ലേ വരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീമിയം വേരിയൻ്റിന് 1.47 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് അർബൻ പതിപ്പിന് 1.23 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇതുവരെ, നിർമാതാവ് 140 ലധികം നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം ചേതക് ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. പുത്തൻ പരിഷ്ക്കാരങ്ങളും കുറഞ്ഞ വിലയുള്ള മോഡലിന്റെ വരവും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നാണ് അനുമാനം.
ചേതക് ഇവിക്ക് മുമ്പായി പൾസറുകളുടെ വല്യേട്ടനായി പുതിയ 400 സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബജാജ്. ഇതുവരെയുള്ള ഏറ്റവും ശക്തവും വിലകൂടിയതുമായ പൾസറായിരിക്കും ഇതെന്നതാണ് ഹൈലൈറ്റ്. 373 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാവും ഇതിന്റെ ഹൃദയം. ഇത് 40 bhp കരുത്തിൽ പരമാവധി 35 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായിട്ടായിരിക്കും എഞ്ചിൻ ജോടിയാക്കുക.

ഡിസൈനിലേക്ക് നോക്കിയാൽ ഹെഡ്‌ലൈറ്റ് ഡിസൈനായിരിക്കും ഏറ്റവും വലിയ ഹൈലൈറ്റ്. ഇത് പൾസർ N സീരീസിൻ്റെയും പുതിയ പൾസർ NS സീരീസിൻ്റെയും സംയോജനമായിരിക്കും. നേക്കഡ് ബൈക്ക് ആയിരിക്കുമെങ്കിലും മസ്ക്കുലർ ലുക്ക് കൈവരിക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ബെല്ലി പാൻ, വിശാലമായ സിംഗിൾ പീസ് ഹാൻഡിൽബാർ, ഷാർപ്പ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, പൾസറിൻ്റെ പരിചിതമായ സ്വിച്ച് ഗിയർ എന്നിവയുമെല്ലാം പൾസർ 400 ബൈക്കിലുണ്ടാവും.


Click it and Unblock the Notifications








