മോഹവിലയിൽ വാങ്ങാം 120 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ, ഓലയോട് മത്സരിക്കാൻ AMO
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പലരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞുവെന്ന് വേണം പറയാൻ. എണ്ണിയാലൊടുങ്ങാത്തത്ര കമ്പനികളും മോഡലുകളുമാണ് ഇന്ന് വിപണിയിലുള്ളതും. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ വിരാജിക്കുന്ന വിഭാഗത്തിൽ പുതുതായി വീണ്ടും നിറയെ ഇവി നിർമാതാക്കളാണ് ഇന്ത്യൻ വൈദ്യുത വാഹന രംഗത്തേക്ക് കടന്നുവരുന്നത്. അത്തരത്തിലൊരു പുതിയ കമ്പനി കിടിലൻ സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.
AMO മൊബിലിറ്റി എന്ന ബ്രാൻഡാണ് ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജോണ്ടി ഐ പ്രോ എന്ന് വിളിക്കപ്പെടുന്ന ഇതിൻ്റെ എക്‌സ്‌ഷോറൂം വില 1.15 ലക്ഷം രൂപയാണ്. ഈ വിലയിൽ സ്‌കൂട്ടർ വിഡ V1 പ്ലസ്, ടിവിഎസ് ഐക്യൂബ്, ഏഥർ 450 പ്ലസ് എന്നിവയ്‌ക്കെതിരെയാണ് സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ മത്സരം. പക്ഷേ പുതിയൊരു ഉപഭോക്താവിനെ AMO എങ്ങനെയാണ് ആകർഷിക്കാൻ പോവുന്നതെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

അടുത്തിടെ ബോളിവുഡ് നടൻ അജയ് ദേവ്ഗണുമായി സഹകരിച്ച് വരാനിരിക്കുന്ന 'മൈദാൻ' എന്ന സിനിമയുടെ മാർക്കറ്റിംഗിനും റിലീസിനുമായി കൈകൊടുത്തിരിക്കുകയാണ് AMO മൊബിലിറ്റി. ഇതിലൂടെ ഭൂരിഭാഗം ആളുകളിക്കും ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കൾക്ക് എത്തിച്ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡൽ ജോണ്ടി ഐ പ്രോ ഇവി സാങ്കേതികവിദ്യയിലെ നൂതനമായ മുന്നേറ്റത്തിൻ്റെ പ്രകടനമാണെന്ന് കമ്പനിയുടെ സ്ഥാപകൻ സുശാന്ത് കുമാർ പറഞ്ഞു.
അതോടൊപ്പം തന്നെ മോഡലിൻ്റെ പ്രധാന സുരക്ഷാ സവിശേഷതകളും നൂതന ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും (BMS) വിപണിയിലെ ഡിമാൻഡ് നിറവേറ്റുന്ന ഒരു സ്മാർട്ട് വാഹനമാക്കി മാറ്റുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ സ്വീകരിക്കുന്നതിന് ഏറ്റവും ആവശ്യമായ 2.52 kWh ബാറ്ററി ശേഷിയും സമാനതകളില്ലാത്ത റേഞ്ചും കോർത്തിണക്കിയാണ് AMO ജോണ്ടി ഐ പ്രോ ഇലക്ട്രിക് സ്‌കൂട്ടർ പണികഴിപ്പിച്ചിരിക്കുന്നതെന്നും സുശാന്ത് കുമാർ കൂട്ടിച്ചേർത്തു.

ഇനി ഇലക്ട്രിക് സ്‌കൂട്ടറിന്റെ കാര്യത്തിലേക്ക് തിരികെ വന്നാൽ പുതിയ ജോണ്ടി ഐ പ്രോ ഇവി വൈറ്റ്, ബ്ലൂ, ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാങ്ങാനാവുക. കൂടാതെ 200-ലധികം ശക്തമായ ഡീലർഷിപ്പ് നെറ്റ്‌വർക്കുകൾ ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് വാങ്ങാനും മറ്റ് സർവീസുകൾക്കുമെല്ലാമായി എളുപ്പത്തിൽ ബ്രാൻഡിനെ നേരിട്ട് സമീപിക്കാനാവും. 2.52 kWh ബാറ്ററി പായ്ക്കിൽ നിന്ന് ഒറ്റ ചാർജിൽ 120 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് സ്കൂട്ടറിന് സാധിക്കും.
ഏകദേശം 3.5 മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് പൂർണമായി ടോപ്പ് അപ്പ് ചെയ്യാൻ കഴിയുന്ന ഒരു സ്മാർട്ട് ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റവും ഫാസ്റ്റ് ചാർജറും ഉണ്ട്. ജോണ്ടി ഐ പ്രോയ്ക്ക് 151 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയുമെന്നും മണിക്കൂറിൽ 60 കിലോമീറ്ററിന്റെ പരമാവധി വേഗമുണ്ടെന്നും AMO മൊബിലിറ്റി അവകാശപ്പെടുന്നു. ഇക്കണോമിക്, സിറ്റി റൈഡ്, പവർ മോഡ് എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ സ്കൂട്ടറിനുണ്ട്.
AMO ജോണ്ടി ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്ന BLDC ഹബ് മോട്ടോറിന് 3.95 bhp അല്ലെങ്കിൽ 2.95 kWh പരമാവധി പവർ ഔട്ട്പുട്ടും 143 Nm ടോർക്കും ഉത്പാദിപ്പിക്കാനാകും. സുരക്ഷയ്ക്കായി സ്കൂട്ടറിൽ കോമ്പിനേഷൻ ബ്രേക്കിംഗ് സംവിധാനമുണ്ട്, അതായത് റൈഡർ ഒരു ബ്രേക്ക് പ്രയോഗിക്കുമ്പോൾ മറ്റൊന്ന് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന രീതിയാണിത്. ബാറ്ററി താപനിലയെക്കുറിച്ചുള്ള അലേർട്ടുകൾ അയയ്ക്കുന്ന ഒരു ബസറും ഇവിയിൽ ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ടയർ-1, ടയർ-2 നഗരങ്ങളുടെയും ലാസ്റ്റ്-മൈൽ ഡെലിവറി വിഭാഗത്തിൻ്റെയും വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ ജോണ്ടി ഐ പ്രോ ഇലക്ട്രിക് സ്‌കൂട്ടർ ഡിസൈൻ ചെയ്‌തിരിക്കുന്നത് തന്നെ. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച FAME പദ്ധതി അവസാനിച്ചതോടെ ഇവികളുടെ വിൽപ്പന എന്താവുമെന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് കേട്ടത്.
എന്നാൽ കമ്പനികൾക്കും ഇവി വാങ്ങാനിരുന്നവർക്കും ആശ്വാസമേകുന്ന ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം (EMPS) ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപയാണ് വകയിരുത്തിയത്. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയുടെ വികാസത്തിനായി 2024 മാര്‍ച്ച് 13-നാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാർ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി വാഹനങ്ങള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഇരുചക്രവാഹനത്തിന് 10,000 രൂപ സബ്സിഡി നല്‍കുന്നതാണ് തീരുമാനം. ടൂവീലറുകള്‍ക്കൊപ്പം ഇലക്ട്രിക് ത്രീവീലറുകള്‍ക്കും സബ്‌സിഡി ലഭിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ചെറിയ മുച്ചക്ര വാഹനങ്ങള്‍ക്ക് 25,000 രൂപ വരെയും വലിയ മുച്ചക്ര വാഹനങ്ങള്‍ക്ക് 50,000 രൂപ വരെയും സബ്സിഡി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.


Click it and Unblock the Notifications