ലൈസൻസും വേണ്ട രജിസ്ട്രേഷനും വേണ്ട, 59,900 രൂപയ്ക്ക് 70 കി.മീ. റേഞ്ചുള്ള ആംപിയർ ഇലക്‌ട്രിക് സ്‌കൂട്ടർ
ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് അടുത്തിടെയായി മോഡലുകളെല്ലാം കൂടുതൽ താങ്ങാനാവുന്ന വിലയിൽ വിപണിയിൽ എത്തുന്ന ട്രെൻഡാണ് കാണാനാവുന്നത്. പെട്രോൾ സ്‌കൂട്ടറുകൾക്ക് മുടക്കുന്നതിന്റെ പകുതി പൈസയുണ്ടെങ്കിൽ ഇപ്പോൾ ഇവികൾ വാങ്ങാൻ പറ്റുമെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. അങ്ങേയറ്റം ഫാഷനുള്ള മോഡലുകൾ ഒന്നുമല്ലെങ്കിലും ദൈനംദിന യാത്രകൾ കുറഞ്ഞ ചെലവിൽ സാധ്യമാക്കാൻ പറ്റും.
ഇപ്പോഴിതാ ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിൻ്റെ ഇ-മൊബിലിറ്റി വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ആംപിയർ സ്‌കൂട്ടർ ശ്രേണിയുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആംപിയർ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയിൽ കാര്യമായ വില പരിഷ്‌കരണം പ്രഖ്യാപിച്ചത് അമ്പരപ്പോടെയാണ് എതിരാളികളായ ഓലയും ഏഥറുമെല്ലാം കാണുന്നത്.

കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ മാഗ്നസ് LT വേരിയന്റിന് മുമ്പുണ്ടായിരുന്ന 93,900 രൂപയിൽ നിന്നും 9,000 രൂപ വെട്ടിക്കുറച്ച് 84,900 രൂപയാക്കി മാറ്റി പുതുക്കിയ എക്സ്ഷോറൂം വില. റിമൂവബിൾ ബാറ്ററി പായ്ക്ക്, ഒന്നിലധികം റൈഡ് മോഡുകൾ, വലിയ സീറ്റ്, പ്രീമിയം മെറ്റാലിക് നിറങ്ങൾ എന്നിവയുള്ള മാഗ്നസ് താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവുന്ന മോഡേൺ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായ ഇതിന് 80 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
ഇതോടൊപ്പം തന്നെ മാഗ്നസ് EX ടോപ്പ് എൻഡ് വേരിയന്റിനും വില കുറച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന 104,900 രൂപയിൽ നിന്നും 10,000 രൂപയാണ് ഇവിക്ക് കുറച്ചിരിക്കുന്നത്. അതായത് 10,000 രൂപയോളം ലാഭിക്കാനാവുമെന്ന് സാരം. 100-ൽ അധികം കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോൾ കൂടുതൽ വാല്യു ഫോർ മണിയായെന്ന് വേണമെങ്കിൽ പറയാം. എന്തായാലും പുതിയ തീരുമാനം ആംപിയർ ബ്രാൻഡിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആംപിയറിന്റെ എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടറായ റിയോ Li പ്ലസിനും കമ്പനി വില കുറച്ചിട്ടുണ്ട്. മുമ്പ് 69,900 രൂപ വിലയുണ്ടായിരുന്ന മോഡലിന് പുതിയ തീരുമാനത്തോടെ എക്സ്ഷോറൂം വില 59,900 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതിലും 10,000 രൂപയോളമാണ് വിലക്കുറവുണ്ടായിരിക്കുന്നത്. റിമൂവബിൾ ലിഥിയം-അയൺ ബാറ്ററി പായ്ക്കോടു കൂടിയാണ് വരുന്ന ഇവിക്ക് ഒറ്റ ചാർജിൽ 70 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് കമ്പനി പറയുന്നത്.
എല്ലാത്തരം ഉപയോഗങ്ങൾക്കും അനുയോജ്യമായ വാഹനം ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. പോരാത്തതിന് ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ വരുന്നതിനാൽ ആംപിയർ റിയോ Li പ്ലസ് ഉപയോഗിക്കാൻ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. ഉപയോഗിക്കാൻ എളുപ്പമുള്ളതും എന്നാൽ ഉറപ്പുള്ളതുമായ ഒരു ഇലക്ട്രിക് സ്കൂട്ടറാണിത്.

ഈ മൂന്ന് മോഡലുകൾക്കും പുറമെ ആംപിയർ അടുത്തിടെ പുതിയ നെക്‌സസ് ഇലക്ട്രിക് സ്‌കൂട്ടറും പുറത്തിറക്കിയിരുന്നു. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച് നിർമിച്ച ഇവിയാണ് ഇതെന്നും ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു. EX, ST എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന മോഡലിന് യഥാക്രമം 1.10 ലക്ഷം, 1.20 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
പ്രാരംഭ ഓഫർ അവസാനിക്കുമ്പോൾ ഈ വിലകൾ 10,000 രൂപയോളം വർധിക്കുമെന്നും ആംപിയർ വ്യക്തമാക്കിയിട്ടുണ്ട്. ബുക്കിംഗ് ഇതിനോടകം ആരംഭിച്ച നെക്സസ് ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറി മെയ് രണ്ടാം പകുതിയോടെ തുടങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു മിഡ് മൌണ്ടഡ് പെർമനെന്റ് മാഗ്നെറ്റ് മോട്ടോറുമായി ജോടിയാക്കിയ 3 kWh LFP ബാറ്ററി പായ്ക്കാണ് ആംപിയർ നെക്‌സസിൽ പ്രവർത്തിക്കുന്നത്.

പരമാവധി 4 kW പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നെക്‌സസിന് 93 കിലോമീറ്റർ വേഗതയാണ് പരമാവധി കൈവരിക്കാനാവുന്നത്. റൈഡറിന്റെ ആവശ്യത്തിന് അനുസരിച്ച് റേഞ്ചും പെർഫോമൻസും മാറ്റാൻ സാധിക്കുന്ന ഇക്കോ, സിറ്റി, പവർ, ലിമ്പ് ഹോം എന്നിങ്ങനെ നാല് റൈഡ് മോഡുകളും ഇവിയിലുണ്ട്. കൂടാതെ ഹൈജീൻ റിവേഴ്‌സ് മോഡും വാഹനത്തിന്റെ പ്രത്യേകതയാണ്.
പുതിയ ഫാമിലി പെർഫോമൻസ് ഇല്ട്രിക് സ്‌കൂട്ടറിന് സിംഗിൾ ചാർജിൽ 136 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് ഉണ്ടെന്ന് ബ്രാൻഡ് പറയുന്നു. ചാർജ് ചെയ്യാനുള്ള സമയം 3 മണിക്കൂറും 30 മിനിറ്റും ആണ്. എന്നാൽ ഒരു ഫാസ്റ്റ് ചാർജർ ഓപ്ഷനായി ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ ഏഥർ റിസ്‌തയുമായാണ് പ്രധാന മത്സരമെങ്കിലും ഒന്നാം സ്ഥാനക്കാരായ ഓലയുടെ ഇവികളുമായും ആംപിയറിന് മത്സരിക്കേണ്ടി വരും.


Click it and Unblock the Notifications








