ഇന്ത്യ കാത്തിരുന്ന 4.10 ലക്ഷത്തിന്റെ സൂപ്പബൈക്ക്, അപ്രീലിയ RS 457 അടുത്ത മാസം നിരത്തിലേക്ക്
നല്ല വിലയുള്ള പ്രീമിയം ബൈക്കുകൾ വരെ ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റഴിക്കുന്ന കാലമാണിത്. ഡ്യുക്കാട്ടി, കവസാക്കി, ബിഎംഡബ്ല്യു, ട്രയംഫ് പോലുള്ള മോട്ടോർസൈക്കിൾ നിർമാതാക്കളെല്ലാം കൂട്ടത്തോടെ ലാഭം കൊയ്യുന്ന സാഹചര്യത്തിൽ ബജറ്റ് സെഗ്മെന്റിലേക്ക് വരെ ഇറങ്ങി ചെല്ലാൻ ഊ സൂപ്പർബൈക്ക് ബ്രാൻഡുകളെല്ലാം തയാറായി എന്നതാണ് ശ്രദ്ധേയം. അതോടൊപ്പം തന്നെ പരമ്പരാഗതമായി വിറ്റിരുന്ന പ്രീമിയം മോഡലുകൾക്കും ആവശ്യക്കാർ ഏറെയാണിപ്പോൾ.
SR160, SR125 സ്‌കൂട്ടറുകളിലൂടെ നമുക്ക് ഏറെ പരിചിതമായ അപ്രീലിയയും ആഗോളതലത്തിൽ നല്ല ഒന്നാന്തരം സൂപ്പർബൈക്കുകൾ നിർമിക്കുന്നവരാണെന്ന് വണ്ടിഭ്രാന്തൻമാർക്കറിയാം. ഇന്ത്യയിൽ ഇത്തരം മോഡലുകൾ കമ്പനി കാര്യമായി പുറത്തിറക്കിയിട്ടില്ലെങ്കിലും അടുത്തിടെ അപ്രീലിയ രാജ്യത്തിനായി പുത്തനൊരു സൂപ്പർബൈക്ക് പുറത്തിറക്കുകയുണ്ടായി. അതും ആക്രമണാത്മകമായ വിലയിൽ ആണെന്നത് കൂടി കണക്കിലെടുക്കുമ്പോൾ ആളുകൾ ഒഴുകിയെത്തുമെന്ന് ഉറപ്പ്.

RS 457 എന്ന മോഡലിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ഗോവയിൽ കഴിഞ്ഞ വർഷം നടന്ന 2023 ഇന്ത്യാ ബൈക്ക് വീക്കിലാണ് (IBW) പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ഈ സൂപ്പർബൈക്കിനെ അപ്രീലിയ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഇറ്റാലിയൻ ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളിന് 4.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. ദേ ഇപ്പോൾ ഏപ്രിൽ മാസത്തോടെ വാഹനത്തിന്റെ ഡെലിവറിയും രാജ്യത്ത് തുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.
അപ്രീലിയ റേസിംഗിന്റെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്ന് പിറന്ന ഈ സൂപ്പർബൈക്ക് ലോകോത്തര നിർമാണ നിലവാരം ഉറപ്പുവരുത്തികൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ അപ്രീലിയ RS 457 സ്പോർട്‌സ് ബൈക്കിന്റെ കയറ്റുമതി കേന്ദ്രമായും മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ ഇന്ത്യയുടെ നിർമാണശാല പ്രവർത്തിക്കും. നിലവിൽ ബുക്കിംഗ് നടക്കുകയാണെങ്കിലും ഡെലിവറി വൈകുന്നത് ബ്രാൻഡിന് ക്ഷീണമായേക്കാം.

ഈ അവസരത്തിലാണ് അടുത്ത മാസം മുതൽ RS 457 മോഡലിനായുള്ള വിതരണം തുടങ്ങുന്നുവെന്ന പ്രഖ്യാപനം വരുന്നത്. മാർച്ച് ആദ്യം മുതൽ ഡെലിവറി ആരംഭിക്കാൻ കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇത് ഏപ്രിലിലേക്ക് മാറ്റാൻ അപ്രീലിയ നിർബന്ധിതരാവുകയായിരുന്നു. എന്തായാലും ടെസ്റ്റ് റൈഡുകൾക്കും ധാരാളം ആളുകൾ കാത്തിരിക്കുന്നുണ്ടെന്നാണ് വിവരം. ബൈക്കുകൾ ഷോറൂമുകളിൽ എത്തിയതിന് തൊട്ടുപിന്നാലെ അപ്രീലിയ RS 457-ൻ്റെ ടെസ്റ്റ് റൈഡുകളും ആരംഭിക്കും.
ഒരു ലിക്വിഡ്-കൂൾഡ്, 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് അപ്രീലിയയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സൂപ്പർബൈക്കിന് തുടിപ്പേകുന്നത്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആർപിഎമ്മിൽ 47.6 bhp പവറും 6,700 ആർപിഎമ്മിൽ 43.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാനാവും. ഓപ്ഷണലായി ക്വിക്ക്ഷിഫ്റ്ററും പുത്തൻ മോഡലിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 സ്പോർട്സ് ബൈക്ക് വരുന്നത്. കൂടാതെ ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോൾ ഫീച്ചറും വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. വെറും 175 കിലോഗ്രാം ഭാരമുള്ള മോഡലിന് മികച്ച പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നുവെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. ഒരു അലുമിനിയം പെരിമീറ്റർ ഫ്രെയിമിലാണ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്.
മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി അപ്രീലിയ RS 660 മോഡലിന് സമാനമായി RS 457 എൻട്രി ലെവൽ മോഡലിന് അപ്-സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. സസ്പെൻഷന്റെ രണ്ട് വശവും പ്രീലോഡായി ക്രമീകരിക്കാനും സാധിക്കുമെന്നും അപ്രീലിയ പറയുന്നു. ബ്രേക്കിംഗിനായി രണ്ടറ്റത്തും ഡിസ്ക്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

അപ്രീലിയ RS 457 മോഡലിന്റെ മുൻവശത്ത് ബിബ്രെയിൽ നിന്നുള്ള റേഡിയൽ മൗണ്ടഡ് ഫോർ പിസ്റ്റൺ കാലിപ്പറുള്ള 320 mm ഫ്രണ്ട് ഡിസ്ക്കും പിന്നിൽ ബിബ്രെ കാലിപ്പറുള്ള 220 mm സ്റ്റീൽ ഡിസ്‌ക്കുമാണ് ലഭിക്കുക. റൈഡറിന്റെ അധിക സുരക്ഷക്കും പ്രായോഗികതയ്ക്കുമായി ഡ്യുവൽ-ചാനൽ എബിഎസ്, സ്വിച്ചബിൾ റിയർ എബിഎസ് പോലുള്ള അധിക ഫീച്ചറുകൾ ബൈക്കിൽ സ്റ്റാൻഡേർഡായി തന്നെ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.


Click it and Unblock the Notifications








