മാനേജരോട് ശമ്പളം കൂട്ടി ചോദിച്ചോ, ഈ ബൈക്കിന് ജനുവരി മുതൽ 10,000 രൂപ വില കൂട്ടുമെന്ന് കമ്പനി
ഏതൊരു ചെറുപ്പക്കാരന്റേയും സ്വപ്‌നങ്ങളിൽ ഒന്നാവും എന്നെങ്കിലും ഒരു സൂപ്പർബൈക്ക് വാങ്ങിക്കണം എന്നുള്ളത്. പക്ഷേ പോക്കറ്റിൽ ഒതുങ്ങില്ലെന്ന കാരണത്താൽ ഈ മോഹം ഉപേക്ഷിച്ചവരുടെ ലിസ്റ്റാവും അധികവും ഉണ്ടാവുക. എന്നാൽ ഇത്തരക്കാരെയെല്ലാം സന്തോഷിപ്പിക്കാനും അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനുമായി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ അടുത്തിടെ കുറഞ്ഞ വിലയുള്ള മെയ്‌ഡ് ഇൻ ഇന്ത്യ സൂപ്പർബൈക്ക് പുറത്തിറക്കുകയുണ്ടായി. താങ്ങാനാവുന്ന വിലയെന്നത് ചുമ്മാതെ പറഞ്ഞതല്ല കേട്ടോ. റോയൽ എൻഫീൽഡിന്റെ 650 പാരലൽ ട്വിൻ ബൈക്കുകൾ വാങ്ങുന്ന ബജറ്റിൽ അപ്രീലിയയുടെ സുന്ദരക്കുട്ടപ്പനെ നിങ്ങൾക്കും മുറ്റത്തെത്തിക്കാം.
SR160, SR125 സ്‌കൂട്ടറുകളിലൂടെ നമുക്ക് ഏറെ പരിചിതമായ അപ്രീലിയയും ആഗോളതലത്തിൽ നല്ല ഒന്നാന്തരം സൂപ്പർബൈക്കുകൾ നിർമിക്കുന്നവരാണെന്ന കാര്യം പലർക്കും അറിയാത്തൊരു രഹസ്യമാണ്. അവർക്ക് കുറഞ്ഞ വിലയിൽ സൂപ്പർബൈക്ക് നിർമിക്കുക എന്നത് പുഷ്‌പം പറിക്കുന്ന പോലെ എളുപ്പമാണല്ലോ. നല്ല വിലയുള്ള പ്രീമിയം ബൈക്കുകൾ വരെ ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റഴിക്കുന്ന കാലത്ത് എന്തായാലും കമ്പനിക്ക് നേട്ടം കൊയ്യാനും സാധിക്കും.

കഴിഞ്ഞ വർഷം ഡിസംബറിൽ 2023 ഇന്ത്യ ബൈക്ക് വീക്കിലൂടെ സർപ്രൈസായി രാജ്യത്ത് പുറത്തിറക്കിയ RS457 എന്ന സൂപ്പർബൈക്കിന് 4.10 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ പുതുവർഷം പിറക്കുമ്പോൾ മോട്ടോർസൈക്കിൾ പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്നാണ് അപ്രീലിയ പറയുന്നത്. പക്ഷേ പോക്കറ്റ് കീറുന്ന രീതിയിൽ ഒന്നുമല്ല കേട്ടോ വില കൂട്ടാൻ പോവുന്നത്.
2025 ജനുവരി മുതൽ അപ്രീലിയ RS457 മോഡലിന് 10,000 രൂപയാണ് ഇനി അധികമായി മുടക്കേണ്ടി വരിക. അതായത് പുതുവർഷം മുതൽ മിഡ്-പെർഫോമൻസ് സ്‌പോർട്‌സ് ബൈക്കിന് 4.10 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരികയെന്ന് സാരം. പുതുക്കിയ വില മോട്ടോർസൈക്കിളിന്റെ മൂന്ന് കളർ ഓപ്ഷനുകൾക്കും ബാധകമായിരിക്കുമെന്നും പിയാജിയോ വെഹിക്കിൾസ് അറിയിച്ചു.

വില കൂട്ടാൻ പോവുകയാണല്ലോയെന്ന് വിചാരിച്ച് അപ്രീലിയയോട് നീരസമൊന്നും തോന്നേണ്ട കേട്ടോ. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി കമ്പനി 2024 ഡിസംബർ 31 വരെ ഇന്ത്യയിലെ ഡീലർഷിപ്പുകളിൽ പ്രത്യേക ഡിസ്‌കൌണ്ട് ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ബ്രാൻഡിന്റെ ഏത് മോഡൽ വാങ്ങാൻ എത്തിയാലും പരമാവധി 5,000 രൂപ വരെ ഓഫർ ലഭിക്കും.
ഇനി RS457 മോഡലിന്റെ വിശേഷങ്ങളിലേക്ക് തിരികെയെത്തിയാൽ ഇന്ത്യയിലെ സബ്-500 സിസി സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R3, കവസാക്കി നിഞ്ച 500, കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G310 RR എന്നീ പുലിക്കുട്ടൻമാരുമായാണ് അപ്രീലിയയുടെ എൻട്രി ലെവൽ സൂപ്പർബൈക്ക് മാറ്റുരയ്ക്കുന്നത്. 457 സിസി പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് അപ്രീലിയ RS457 മോഡലിന്റെ ഹൃദയം.

സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആർപിഎമ്മിൽ 47.6 bhp പവറും 6,700 ആർപിഎമ്മിൽ 43.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 വരുന്നത്. കൂടാതെ ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോൾ ഫീച്ചറും വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ടെന്നതും കളറാക്കുന്ന കാര്യങ്ങളാണ്.
എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, 5 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് കൺസോൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ, ടു-ഇൻ-വൺ അണ്ടർസ്ലംഗ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ആൻ്റി-റോൾ സിസ്റ്റം, റൈഡ്-ബൈ-വയർ ത്രോട്ടിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയുൾപ്പെടെ നിരവധി ആധുനിക ഫീച്ചറുകളോടെയാണ് അപ്രീലിയ RS 457 എത്തുന്നത്.
അലുമിനിയം പെരിമീറ്റർ ഫ്രെയിമിലാണ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്ന അപ്രീലിയ RS457 സ്പോർട്‌സ് ബൈക്കിന് വെറും 175 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. മികച്ച പവർ-ടു-വെയ്റ്റ് അനുപാതമുള്ളതിനാൽ കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസാണ് മോട്ടോർസൈക്കിളിന് പുറത്തെടുക്കാനാവുക. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് കൊടുത്തിരിക്കുന്നത്.
വീൽ സ്കിഡ്ഡിംഗ് ഒഴിവാക്കാൻ ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഉപയോഗിച്ച് ബ്രേക്കിംഗ് ചുമതലകളും നിറവേറ്റുന്നു. മഹാരാഷ്ട്രയിലെ ബാരാമതി പ്ലാൻ്റിൽ നിർമിച്ച് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന അപ്രീലിയ RS 457 ബ്രാൻഡിന്റെ പ്രധാന മോഡലുകളിൽ ഒന്നാണ്. പുതുവർഷം പിറക്കുന്നതു മുതൽ വില കൂടുമെങ്കിലും വിൽപ്പനയെ കാര്യമായി ബാധിക്കില്ലെന്നാണ് അനുമാനം.


Click it and Unblock the Notifications








