സ്കോർപിയോ 7 സീറ്ററിന്റെ വിലയുള്ള ആഡംബര ബൈക്ക് വരുന്നു, വാങ്ങിയാൽ ചെത്തി നടക്കാം
സ്‌കൂട്ടറുകളിലൂടെയാണ് ഇന്ത്യക്കാർക്ക് അപ്രീലിയ എന്ന ഇരുചക്ര വാഹന നിർമാതാക്കളെ പരിചയം. SR150 മോഡലുകളിലൂടെ ഒരിടയ്ക്ക് ട്രെൻഡായി മാറിയ കമ്പനി ഇപ്പോൾ കാര്യമായ വിൽപ്പനയൊന്നുമില്ലാതെ സൈഡായിരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം. അപ്പോഴാണ് കമ്പനിക്കൊരു പ്ലാൻ മനസിലുദിച്ചത്. അങ്ങനെ സൂപ്പർബൈക്ക് കമ്പക്കാരെ ബ്രാൻഡിലേക്ക് അടുപ്പിക്കുക എന്ന പദ്ധതി ഓണാക്കി മുന്നോട്ടുപോവുകയാണ് ബ്രാൻഡ്.
SR160, SR125 സ്‌കൂട്ടറുകളിലൂടെ നമുക്ക് ഏറെ പരിചിതമായ അപ്രീലിയ ആഗോളതലത്തിൽ നല്ല ഒന്നാന്തരം സൂപ്പർബൈക്കുകൾ നിർമിക്കുന്നവരാണ്. വണ്ടിഭ്രാന്തൻമാരായ പലർക്കും ഇക്കാര്യം അറിയാവുന്നതാണ്. സൂപ്പർബൈക്കുകളിലൂടെ ആളുകളെ കൈയിലെടുക്കാനുള്ള ഐഡിയ എന്തായാലും വർക്ക്ഔട്ടായെന്ന് പറയാം. പൂർണമായും ഇന്ത്യയിൽ നിർമിച്ച RS 457 കാര്യമായ ഡിമാന്റ് നേടിയപ്പോൾ ഇതിനു പിന്നാലെ മറ്റൊരു കിടിലൻ ബൈക്കിനെ കൂടി പുറത്തിറക്കാൻ പോവുകയാണ് കമ്പനി.

അതും ഇന്ത്യക്കാർക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട അഡ്വഞ്ചർ ബൈക്കാണ് അപ്രീലിയ കൊണ്ടുവരുന്നത് എന്നുകേൾക്കുമ്പോൾ റോയൽ എൻഫീൽഡ് ഹിമാലയൻ ഫാൻസ് ഒന്ന് ഞെട്ടിയേക്കാം. പക്ഷേ ആ പേടി വേണ്ട കേട്ടോ. കാരണം വലിയ എസ്‌യുവികൾ വാങ്ങുന്ന വിലക്കായിരിക്കും അപ്രീലിയയുടെ ഈ പ്രീമിയം ആഡംബര മോട്ടോർസൈക്കിൾ വിപണിയിലെത്തുക എന്നതു തന്നെ. ഏപ്രിൽ 16-ന് ടുവാരെഗ് 660 എന്ന കൊമ്പനെ അവതരിപ്പിക്കാനാണ് അപ്രീലിയ തയാറെടുക്കുന്നത്.
ഇതിന്റെ ഭാഗമായി മോട്ടോർസൈക്കിൾ അടുത്തിടെ അപ്രീലിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട. ആട്രിഡ്സ് ബ്ലാക്ക്, ക്യാന്യൻ സാന്റ്, ഇവോക്കേറ്റീവ് ഡാക്കർ പോഡിയം എന്നീ മൂന്ന് കളർ ഓപ്ഷനുകളിലായിരിക്കും ടുവാരെഗ് 660 ആഭ്യന്തര വിപണിയിൽ എത്തുക. ആദ്യത്തെ രണ്ട് നിറങ്ങളുള്ള മോഡലിന് എന്നിവയ്ക്ക് 18.85 ലക്ഷം രൂപയാണ് ഇന്ത്യയിൽ വരുന്ന എക്‌സ്‌ഷോറൂം വില.

അതേസമയം അപ്രീലിയ ടുവാരെഗ് 660 ഡാക്കർ പോഡിയത്തിന് 19.16 ലക്ഷം രൂപയുമാണ് മുടക്കേണ്ടി വരിക. സമ്പൂർണ ഇറക്കുമതിയായി എത്തുന്നതിനാൽ ഈ അഡ്വഞ്ചർ ടൂററിന് അതിൻ്റെ മിക്ക എതിരാളികളേക്കാളും വില കൂടുതലാണ്. ആഡംബര ബൈക്ക് വിഭാഗത്തിൽ സുസുക്കി V-സ്ട്രോം 800DE, ട്രയംഫ് ടൈഗർ 900, ബിഎംഡബ്ല്യു F 850 GS, ഹോണ്ട XL750 ട്രാൻസാൽപ് എന്നിവയ്‌ക്കെതിരെയാണ് അപ്രീലിയ മത്സരിക്കുന്നത്.
കംപ്ലീറ്റ്ലി ബിൽറ്റ് അപ് യൂണിറ്റ് വഴി അപ്രീലിയ ടുവാരെഗ് 660 ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനാൽ മോട്ടോർസൈക്കിൾ ബുക്ക് ചെയ്തതിന് ശേഷം ഡെലിവറിക്കായി ഉപഭോക്താക്കൾക്ക് ഏകദേശം 3 മാസം കാത്തിരിക്കേണ്ടി വരും. ട്യൂണോ 660, RS660 സൂപ്പർബൈക്കുകളിൽ നിന്നും കടമെടുത്ത അതേ 659 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഈ ലക്ഷ്വറി അഡ്വഞ്ചർ ബൈക്കിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

പക്ഷേ അഡ്വഞ്ചർ ടൂററിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ടുവാരെഗിൽ ഈ എഞ്ചിൻ 9,250 ആർപിഎമ്മിൽ പരമാവധി 80 bhp പവറും 6,500 ആർപിഎമ്മിൽ 70 Nm ടോർക്കും ഉത്പാദിപ്പിക്കാനാണ് വലിയ പാരലൽ-ട്വിൻ എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ക്വിക്ക്‌ഷിഫ്‌റ്ററുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് വാഹനം വരുന്നത്.
ലോവർ, മിഡ് റേഞ്ച് കൂടുതൽ പെർഫോമൻസ് തരുന്ന രീതിയിലാണ് അപ്രീലിയ ട്യൂണിംഗ് നടത്തിയിരിക്കുന്നത്. മോട്ടോർസൈക്കിളിന് നാല് റൈഡിംഗ് മോഡുകൾ ഉണ്ട്. അവയിൽ രണ്ടെണ്ണം കസ്റ്റമൈസ് ചെയ്യാനാവുന്നതാണ്. സ്വിച്ചബിൾ എബിഎസാണ് മറ്റൊരു പ്രത്യേകത. ഇത് രണ്ട് വീലുകളിലും അല്ലെങ്കിൽ റിയർവീലിൽ മാത്രം പ്രവർത്തനരഹിതമാക്കാനും സാധിക്കും.
APRC സിസ്റ്റം അല്ലെങ്കിൽ അപ്രീലിയ പെർഫോമൻസ് റൈഡ് കൺട്രോൾ ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, എഞ്ചിൻ മാപ്പ്, എഞ്ചിൻ ബ്രേക്ക് എന്നിവയാണ് അപ്രീലിയ ബൈക്കിന്റെ പ്രധാന സവിശേഷതകൾ. 5 ഇഞ്ച് TFT സ്‌ക്രീനിലൂടെ ഇവയെല്ലാം ആക്‌സസ് ചെയ്യാവുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. സസ്പെഷൻഷനായി മുന്നിൽ 43 mm അപ്സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ പ്രോഗ്രസീവ് ലിങ്കേജ് റിയർ മോണോഷോക്കുമാണ് ഉൾപ്പെടുന്നത്.


Click it and Unblock the Notifications








