ഈ ഇലക്‌ട്രിക് സ്കൂട്ടർ ബുക്ക് ചെയ്‌തായിരുന്നോ? ഏഥറിന്റെ പുത്തൻ ഇവി നാളെയെത്തും
പുതുവർഷം പിറന്നതോടെ ഇലക്‌ട്രിക് വിപണി കൂടുതൽ ഉഷാറാവുകയാണ്. ഇന്ന് ബജാജ് ചേതക്കിന്റെ പുത്തൻ പതിപ്പ് എത്തിയതിനു പിന്നാലെ ഏഥർ എനർജിയും (Ather Energy) തങ്ങളുടെ പുത്തൻ പടക്കുതിരയുമായി നാളെയെത്തും. 2024 ജനുവരി ആറിന് അവതരിപ്പിക്കുമെന്ന് ഉറപ്പുനൽകിയ 450 അപെക്‌സ് വേരിയന്റുമായാണ് ബെംഗളൂരു ബ്രാൻഡ് എത്തുന്നത്.
ശരിക്കും പറഞ്ഞാൽ ഇതൊരു പൊർഫോമൻസ് ഇവിയായിരിക്കുമെന്ന സൂചനയാണ് കമ്പനി ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കുറച്ചുകാലമായി ടീസറുകളിലൂടെ ആകാംക്ഷ നിറച്ച ഇലക്ട്രിക് സ്കൂട്ടറാണ് 450 അപെക്‌സ്. 450X പതിപ്പിലെ ക്വിക്ക് വാർപ്പ് മോഡിനേക്കാൾ വേഗമേറിയ പുതിയ വാർപ്പ് പ്ലസ് മോഡ് ഫീച്ചർ ചെയ്യുന്ന ടെക്‌നിക്കാണ് ഏഥർ ഇവിടെ പരീക്ഷിക്കുന്നത്.

ഇതുവരെയുള്ള വിപണിയിൽ എത്തിയിട്ടുള്ള ഏറ്റവും വേഗതയേറിയ ഏഥർ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമിത് എന്നതും ശ്രദ്ധേയമാവും. 450 അപെക്‌സിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. വാഹനം വാങ്ങാൻ താത്പര്യമുള്ളവർ 2,500 രൂപ ടോക്കൺ തുക നൽകി ഇവി ഇപ്പോൾ റിസർവ് ചെയ്‌തിടാം. ജനുവരി ആറിന് ഉച്ചയ്ക്ക് 12 മണിക്കാണ് ഔദ്യോഗിക ലോഞ്ച് നടക്കുക. പുതിയ ഫ്ലാഗ്ഷിപ്പ് ഇവിയുടെ ടീസറുകള്‍ പുറത്തുവിട്ട് ഏഥർ ഹൈപ്പുയര്‍ത്തിയിട്ടുണ്ട്.
450 അപെക്‌സ് ബുക്ക് ചെയ്യാൻ ഏഥർ എനർജിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് പുതിയ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാം. അവതരണം നാളെ നടക്കുമെങ്കിലും 450X അപെക്‌സിന്റെ ഡെലിവറികൾ 2024 മാർച്ച് മാസത്തോടെയാവും ആരംഭിക്കുക. ഏഥർ എനർജി സ്ഥാപിതമായിട്ട് 10 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്ത സ്‌കൂട്ടർ കൂടിയാണ് 450 അപെക്‌സ്. 450S, 450X എന്നിവയ്ക്ക് സമാനമാണ് ഡിസൈൻ എങ്കിലും പെർഫോമൻസിലാവും പ്രധാന വ്യത്യാസം വരിക.

2020-ൽ പുറത്തിറക്കിയ സീരീസ് 1 കളക്‌ടേഴ്‌സ് എഡിഷൻ മോഡലുകളിൽ കണ്ടതു പോലെ ട്രാൻസ്പരന്റ് ബോഡി പാനലുകൾ ചിലപ്പോൾ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് എത്തിയേക്കും. അങ്ങനെയെങ്കിൽ വിപണിയിൽ ഇതൊരു ട്രെൻഡായി മാറിയേക്കുമെന്ന് കരുതാം. 450X ഇവിക്ക് സമാനമായ 7 ഇഞ്ച് TFT ടച്ച്‌സ്‌ക്രീനുമായാണ് 450 അപെക്‌സ് മോഡലും വിപണിയിലേക്ക് എത്തുക. അതിനാൽ മിക്ക സവിശേഷതകളും അതേപടി തന്നെ നിലനിർത്തിക്കൊണ്ടുപോയേക്കാം.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓൺ-ബോർഡ് നാവിഗേഷൻ, ഹിൽ-ഹോൾഡ്, ഫോൺ കോളുകൾക്കും മ്യൂസിക് പ്ലേബാക്കിനുമുള്ള കൺട്രോളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 450X അപെക്‌സ് മൾട്ടി-ലെവൽ ബ്രേക്ക് റീജനറേഷനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ ടീസറുകൾ വെളിപ്പെടുത്തുന്നുണ്ട്. അതിനാൽ റൈഡർക്ക് ബ്രേക്ക് അധികം ഉപയോഗിക്കേണ്ടി വരില്ല. പകരം റൈഡർ ത്രോട്ടിൽ വിടുമ്പോഴേക്കും സ്കൂട്ടർ ബ്രേക്ക് റീജനറേറ്റ് ചെയ്യാൻ തുടങ്ങും.

അതായത് ബ്രേക്ക് റീജനറേഷന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് റൈഡര്‍ക്ക് ത്രോട്ടില്‍ മറുവശത്തേക്ക് ട്വിസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് സാരം. ചില ഇലക്ട്രിക് കാറുകളിലെ സിംഗിൾ-പെഡൽ പ്രവർത്തനത്തിന് സമാനമായി സ്‌കൂട്ടർ ഉയർന്ന തലത്തിലുള്ള റീജനറേഷനായേക്കാം ഇത്. ഇതുവഴി ഇലക്ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് വര്‍ധിക്കുകയും ചെയ്യും. 3.7kWh ബാറ്ററി പായ്ക്ക് തന്നെയാവും അപെക്‌സ് വേരിയന്റിലും തുടിപ്പേകാനെത്തുക.
എന്നാൽ മുകളിൽ പറഞ്ഞതുപോലെ പെർഫോമൻസിലായിരിക്കും വ്യത്യാസം കാണാനാവുക. നിലവിൽ 450X ഇവിക്ക് 3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഇതിലും മിന്നുന്ന പ്രകടനമായിരിക്കും പുത്തൻ ഇവിക്ക് മുന്നോട്ടുവെക്കാൻ കഴിയുക. 1.45 ലക്ഷം രൂപയാണ് ഏഥർ 450 സ്കൂട്ടറിന്റെ ഏറ്റവും ഉയർന്ന എക്സ്ഷോറൂം വില വരുന്നത്. ഫാൻസി കണക്റ്റഡ് ഫീച്ചറുകൾ കൊണ്ടുവരുന്ന പ്രോ പായ്ക്ക് തെരഞ്ഞെടുക്കുന്നവർ ഇവിക്കായി 1.68 ലക്ഷം രൂപയും ചെലവഴിക്കേണ്ടതായി വരും.

450 അപെക്‌സ് പെർഫോമൻസ് മോഡലായതിനാൽ തന്നെ അപെക്‌സിന്റെ വില X പതിപ്പിന് മുകളിലായിരിക്കുമെന്നതിൽ തർക്കമൊന്നും വേണ്ട. ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഇവി പുറത്തിറക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം നിർമാണം എന്ന നേട്ടവും അടുത്തിടെ കമ്പനി പൂർത്തിയാക്കിയിരുന്നു. 2018-ല്‍ മുന്‍നിര മോഡലായ 450-യിലൂടെ ആയിരുന്നു കമ്പനിയുടെ തുടക്കം.


Click it and Unblock the Notifications








