ഇതുപോലൊന്ന് പിന്നെ വാങ്ങാൻ കിട്ടില്ല, കൂടുതൽ റേഞ്ചും കരുത്തുമുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ 'പണി തുടങ്ങി'
ഇന്ത്യക്കാരുടെ ആവശ്യതകൾ മനസിലാക്കി വൈവിധ്യമാർന്ന ഇവികൾ പുറത്തിറക്കുന്ന കമ്പനികളിൽ ഒന്നാണ് ഏഥർ എനർജി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് ഇപ്പോൾ പുതിയൊരു ഫാമിലി സ്‌കൂട്ടറിന്റെ പണിപ്പുരയിലാണെങ്കിലും ഈയടുത്ത് യൂത്തിനെ പിടിക്കാനായി പുറത്തിറക്കിയ 450 അപെക്‌സ് എന്ന മോഡലിനെ വിപണിയിലേക്ക് എത്തിക്കാനുള്ള പുറപ്പാടിലാണ്.
ഏഥറിന്റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇവി അവതരിപ്പിച്ചിരിക്കുന്നതു തന്നെ. പേര് സൂചിപ്പിക്കുന്ന പോലെ ഏഥറില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450 അപെക്‌സ്. 1.89 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് കമ്പനിയുടെ അതിഗേവ സ്‌കൂട്ടർ ഇന്ത്യയിലെത്തുന്നത്. ഇവി ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നവർക്കായുള്ള സന്തോഷ വാർത്തയാണ് ബ്രാൻഡ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

മറ്റൊന്നുമല്ല, നിരത്തുകളിൽ ചീറിപ്പായാൻ ഒരുങ്ങുന്ന 450 അപെക്‌സ് ഇവിക്കായുള്ള നിർമാണം ആരംഭിച്ചിരിക്കുകയാണ് ഏഥർ എനർജിയിപ്പോൾ. സഹസ്ഥാപകൻ സ്വപ്‌നിൽ ജെയിനാണ് ഇക്കാര്യം X എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ഈ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറികൾ മാർച്ചിൽ ആരംഭിക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ തന്നെ ധാരാളം പ്രത്യേകതകളുമായാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.
450X എന്ന ഫ്ലാഗ്ഷിപ്പ് മോഡലിലെ 90 കിലോമീറ്ററിന് പകരം 100 കിലോമീറ്ററാണ് 450 അപെക്‌സിൻ്റെ പരമാവധി വേഗത. കൂടാതെ 0-40 കിലോമീറ്റർ വേഗത ഇപ്പോൾ വെറും 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ഇലക്‌ട്രിക് സ്‌കൂട്ടറിന് ഇപ്പോൾ സാധിക്കും. ഇത് 450X പതിപ്പിനേക്കാൾ 0.4 സെക്കൻഡ് വേഗതയുള്ളതാക്കുന്ന കാര്യം കൂടിയാണ്. പ്രാരംഭ ആക്‌സിലറേഷൻ 13 ശതമാനം മെച്ചപ്പെട്ടതായാണ് ഏഥർ പറയുന്നത്.

അതേസമയം 40-80 കിലോമീറ്റർ വേഗതയിൽ 30 ശതമാനം ആക്‌സിലറേഷനും മെച്ചപ്പെടുത്തിയിട്ടുണ്ട്. 450X ഇവിയിലെ 6.4 kW (8.5 bhp) എന്നതിൽ നിന്ന് ഇപ്പോൾ 7 kW (9.3 bhp) ഉത്പാദിപ്പിക്കുന്ന PMS ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് 450 അപെക്‌സ് മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. ഹോഴ്‌സ് പവറിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും പീക്ക് ടോർക്ക് 26 Nm ആയി അതേപടി തുടരുന്നു.
അധിക പവർ ഡെലിവറിക്കായി 450X-ൽ ലഭ്യമായ വാർപ്പ് മോഡിന് പകരമായി 450 അപെക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് ഒരു പുതിയ വാർപ്പ് പ്ലസ് മോഡ് ഏഥർ കൊണ്ടുവന്നിട്ടുണ്ട്. റീജനറേറ്റീവ് ബ്രേക്കിംഗിനായി 450 അപെക്‌സിലേക്ക് നെഗറ്റീവ് ത്രോട്ടിൽ കൊണ്ടുവരുന്ന പുതിയ മാജിക് ട്വിസ്റ്റ് ഫീച്ചറാണ് 450 അപെക്‌സ് ഇവിയിലെ പുതിയൊരു കൂട്ടിച്ചേർക്കൽ. ത്രോട്ടിൽ എതിർ ദിശയിൽ 15 ഡിഗ്രി വരെ ട്വിസ്റ്റ് ചെയ്യാൻ കഴിയും.

ഇത് മികച്ച സ്പീഡ് മോഡുലേഷൻ അനുവദിക്കുന്നുവെന്ന് സാരം. ദിവസേനയുള്ള റൈഡിംഗ് സ്പീഡിൽ ബ്രേക്കിന് ആയാസം കുറയ്ക്കാനാണ് 450 അപെക്‌സിൽ ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. 150 കി.മീ മുതൽ 157 കി.മീ വരെ റേഞ്ച് മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് ഏഥർ എനർജി പറയുന്നത്. വാഹനം വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2,500 രൂപ ടോക്കണ്‍ തുക നല്‍കി ഔദ്യോഗിക വെബ്‌സൈറ്റോ ഷോറൂമോ സന്ദര്‍ശിച്ച് വാഹനം ഇപ്പോഴും ബുക്ക് ചെയ്യാൻ കഴിയും.
450S, 450X എന്നിവയ്ക്ക് സമാനമാണ് ഡിസൈന്‍ എങ്കിലും പെര്‍ഫോമന്‍സിലാവും പ്രധാന വ്യത്യാസം വരിക. ലുക്ക് ഒന്നുതന്നെയാണെങ്കിലും ഏഥര്‍ 450 അപെക്സിനെ വേറിട്ടുനിർത്താനായി അതിന്റെ ബോഡി പാനലുകള്‍ക്ക് ഒരു പ്രത്യേക ഇന്‍ഡിയം ബ്ലൂ കളർ ഓപ്ഷനും സമ്മാനിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിയർ പാനൽ ട്രാന്‍സ്പരന്റാണെന്നതും പ്രീമിയം ഫീൽ വർധിപ്പിക്കുന്ന കാര്യമാണ്.

2020-ല്‍ പുറത്തിറങ്ങിയ സീരീസ് 1 കളേഴ്‌സ് എഡിഷനില്‍ ഇത്തരത്തിലുള്ള ട്രാന്‍പരെന്റ് ബോഡി പാനല്‍ അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് കമ്പനി അത് നിർത്തലാക്കുകയായിരുന്നു. 450 അപെക്സ് ഏഥറിന്റെ 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ പുതിയ ലിമിറ്റഡ് എഡിഷൻ സ്‌കൂട്ടറിന്റെ സീറ്റ് ഹൈറ്റ്, വീല്‍ബേസ്, ടയര്‍ സൈസ്, ഗ്രൗണ്ട് ക്ലിയറന്‍സ് പോലുള്ള സവിശഷതകളിലൊന്നു മാറ്റങ്ങളൊന്നുമില്ല.
2024 ഒക്‌ടോബര്‍ വരെ മാത്രം ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിച്ചാല്‍ മതിയെന്നാണ് ഏഥർ എനർജിയുടെ തീരുമാനം. പക്ഷേ കൃത്യമായി എത്ര യൂണിറ്റുകൾ നിർമിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. നിലവിൽ, റിസ്‌ത എന്ന പുതിയ ഫാമിലി സ്‌കൂട്ടറിൻ്റെ പണിപ്പുരയിലാണ് ഏഥർ എനർജി. ഇതുവരെ കണ്ടതിൽ വെച്ച് ലുക്കിലും വർക്കിലുമെല്ലാം തികച്ചും വ്യത്യസ്‌തമായാവും ഈ ഇവി വിപണിയിലേക്കെത്തുക.


Click it and Unblock the Notifications








