രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ പണികഴിഞ്ഞ് ഷോറൂമിലുമെത്തി, ഡെലിവറി ആദ്യം ഈ നഗരങ്ങളിൽ
രാജ്യത്തെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും വിപണത്തിന് എത്തുന്നത് ഒരുപാട് മോഡലുകളാണെന്നു വേണം പറയാൻ. എന്നിരുന്നാലും ഈ വിഭാഗത്തിൽ ഏവർക്കും താതപര്യം ഏഥർ എനർജി അല്ലെങ്കിൽ ഓല പോലുള്ള പ്രീമിയം ബ്രാൻഡുകളോടാണ്. അതിന്റെ കാരണം വിശ്വാസ്യത മാത്രമല്ല മുടക്കുന്ന പണത്തിന് മൂല്യം കിട്ടുന്ന എന്തെങ്കിലും സ്വന്തമാക്കാനല്ലേ എല്ലാവർക്കും താത്പര്യം.
ആദ്യ ചോയ്‌സ് ഈ ബ്രാൻഡുകളാണെങ്കിലും മറ്റ് ബ്രാൻഡുകളും വിപണിയിൽ നേട്ടം കൊയ്യുന്നുണ്ട് കേട്ടോ. അടുത്തിടെ ഒരു ഫ്ലാഗ്ഷിപ്പ് ഇലക്‌ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ചാണ് ഏഥർ ഇവരിൽ നിന്നെല്ലാം അകലം പാലിക്കുന്നത്. പെർഫോമൻസ് അധിഷ്‌ഠിതമാക്കി അവതരിപ്പിച്ച 450 അപെക്‌സ് എന്ന മോഡലിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. മാർച്ച് മാസം മുതൽ ഡെലിവറി ആരംഭിക്കാനിരിക്കുന്ന ഇതിന്റെ നിർമാണവും ഇക്കഴിഞ്ഞ ദിവസം കമ്പനി തുടങ്ങിയിരുന്നു.

അതിനു പിന്നാലെയിതാ ബ്രാൻഡിൻ്റെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടറായ 450 അപെക്‌സ് ഇപ്പോൾ ഏഥർ എനർജിയുടെ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിയിരിക്കുകയാണ്. ഏഥർ 450 അപെക്‌സ് 2024 ഫെബ്രുവരി 23 മുതൽ 50 ഡീലർഷിപ്പുകളിൽ പ്രദർശിപ്പിച്ചിരിന്നു. മാർച്ച് ആദ്യവാരം മുതൽ ബെംഗളൂരു, പൂനെ, ഗോവ എന്നിവിടങ്ങളിലായിരിക്കും ഏഥർ പുതിയ പെർഫോമൻസ് സ്‌കൂട്ടറിന്റെ ഡെലിവറികൾ ആരംഭിക്കുക.
അതിനുശേഷമായിരിക്കും കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ വിതരണം തുടങ്ങുക. 450X പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പെർഫോമൻസിന്റെ പരകോടിയാണ് ഏഥർ എനർഡി 450 അപെക്‌സ് ഇവിയിൽ ഒരുക്കിയിരിക്കുന്നതെന്ന് വേണം പറയാൻ. ഇതോടൊപ്പം സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് പ്രകടനത്തിലും സ്റ്റൈലിംഗിലും അപ്‌ഗ്രേഡുകളും കൂടിയാവുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടർ കളറാവുന്നുണ്ട്. ഡിസൈനിലെ പ്രധാന ശ്രദ്ധാകേന്ദ്രം എന്താണെന്ന് ചോദിച്ചാൽ ഷാസി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഓറഞ്ച് ഹൈലൈറ്റുകളുള്ള പുതിയ ബ്ലൂ കളർ ഓപ്ഷനും പിന്നിലെ ട്രാൻസ്പാരന്റ് ബോഡിയുമാണെന്ന് വേണം പറയാൻ.

ഇലക്ട്രിക് സ്‌കൂട്ടറിലെ ബാക്കി കളർ ടോണുമായി പൊരുത്തപ്പെടുന്നതിന് ബ്ലൂ പിഗ്മെൻ്റേഷനുമായി വരുന്ന സുതാര്യമായ പാനലുകൾ ഏഥർ പ്രത്യേകം വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇ-സ്‌കൂട്ടറിൽ നെഗറ്റീവ് ത്രോട്ടിൽ ഇൻപുട്ടിനൊപ്പം റീജനറേറ്റീവ് ബ്രേക്കിംഗ് കൊണ്ടുവരുന്ന പുതിയ മാജിക് ട്വിസ്റ്റ് ഫീച്ചറും ഏഥർ 450 അപെക്‌സിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ത്രോട്ടിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരികയും വാഹനത്തിന്റെ ബ്രേക്ക് ലിവർ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്ന സംവിധാനമാണിത്.
അതായത് ത്രോട്ടിൽ എതിർ ദിശയിൽ 15 ഡിഗ്രി വരെ ട്വിസ്റ്റ് ചെയ്യാൻ കഴിയും. ഇത് മികച്ച സ്പീഡ് മോഡുലേഷൻ അനുവദിക്കുന്നുവെന്ന് സാരം. ദിവസേനയുള്ള റൈഡിംഗ് സ്പീഡിൽ ബ്രേക്കിന് ആയാസം കുറയ്ക്കാനാണ് 450 അപെക്‌സിൽ ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നതെന്നും ഏഥർ എനർജി പറയുന്നു.

450X ഇവിയിലെ ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് എന്നതിൽ നിന്ന് 450 അപെക്‌സിൽ ക്ലെയിം ചെയ്‌ത റേഞ്ച് കണക്കുകൾ 7 ശതമാനം വരെ മെച്ചപ്പെടുത്താനും ഈ ഫീച്ചർ സഹായിച്ചിട്ടുണ്ട്. 450 പ്ലാറ്റ്‌ഫോമിനോട് ചേർന്ന് നിൽക്കുന്നതിനാൽ സീറ്റ് ഹൈറ്റ്, വീൽബേസ്, ടയർ സൈസ്, ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ പ്രധാന വശങ്ങളെല്ലാം 450X മോഡലിന് സമാനമാണെന്ന കാര്യവും എടുത്തു പറയേണ്ടതാണ്.
450X ഇലക്ട്രിക് സ്‌കൂട്ടറിലെ 6.4 kW (8.5 bhp) എന്നതിൽ നിന്ന് ഇപ്പോൾ 7 kW (9.3 bhp) ഉത്പാദിപ്പിക്കുന്ന PMS മോട്ടോറിലേക്ക് 450 അപെക്‌സിന് അപ്‌ഗ്രേഡുകളും ലഭിക്കുന്നു. 0-40 കിലോമീറ്റർ വേഗത ഇപ്പോൾ വെറും 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഇവി പ്രാപ്‌തമായി. 450X മോഡലിനേക്കാൾ 0.4 സെക്കൻഡ് വേഗത്തിലായെന്ന് സാരം. ഇലക്ട്രിക് സ്‌കൂട്ടറിൽ സ്‌ക്രീനിൽ പ്രത്യേക ഗ്രാഫിക്‌സുള്ള ഒരു പുതിയ വാർപ്പ് പ്ലസ് മോഡും ഒരുക്കിയിട്ടുണ്ട് കമ്പനി.

അത് റൈഡിംഗ് മോഡ് ഉപയോക്താക്കൾക്ക് കൂടുതൽ സവിശേഷമാക്കുന്ന ഒന്നാണ്. സ്മാർട്ട് ഇക്കോ മോഡിൽ 450 അപെക്‌സിന് 157 കിലോമീറ്ററിന്റെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. വാർപ്പ് പ്ലസ് മോഡ് ഉപയോഗിച്ചുകഴിഞ്ഞാൽ ഇലക്ട്രിക് സ്കൂട്ടറിന് പരമാവധി 100 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സ്‌പെഷ്യൽ എഡിഷന്റെ വളരെ കുറച്ച് യൂണിറ്റുകൾ മാത്രമേ നിർമിക്കൂവെന്നാണ് ഏഥർ എനർജി വെളിപ്പെടുത്തിയിരിക്കുന്നത്.
ഏഥർ 450 അപെക്‌സിന് ഇന്ത്യയിൽ 1.89 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില വരുന്നത്. എന്നാൽ ഈ മോഡൽ FAME II സബ്‌സിഡിക്ക് യോഗ്യമല്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല, 450 അപെക്‌സിനെ എല്ലാ ഇവി വാങ്ങുന്നവർക്കും വേണ്ടിയുള്ള ഒരു മോഡലായി അടയാളപ്പെടുത്തേണ്ടതുമാണ്. കൃത്യമായ ഇടവേളകളിൽ തങ്ങളുടെ ഇവി ശ്രേണി പരിഷ്ക്കരിക്കുന്നതിൽ പ്രത്യേക മിടുക്കുള്ളവരാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഏഥർ എനർജി. ഇതിന്റെ നേട്ടം വിൽപ്പന കണക്കുകളിൽ കാണാനും സാധിക്കും.


Click it and Unblock the Notifications








