'തികച്ചും ഫീ' ഈ ഇലക്‌ട്രിക് സ്‌കൂട്ടറുകളിലേക്ക് അടിപൊളി ഫീച്ചറുകൾ കൊണ്ടുവന്ന് ഏഥർ
ഇന്ത്യൻ വാഹന വിപണി അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക എല്ലാ സെഗ്‍മെന്റുകളും ഇപ്പോൾ കൈയടക്കി വെച്ചിരിക്കുന്നത് ഇലക്ട്രിക് മോഡലുകളാണെന്ന് വേണം പറയാൻ. പ്രത്യേകിച്ച് ഇരുചക്ര വാഹന വിപണിൽ ഇവികളുടെ അതിപ്രസരമാണ് കാണാനാവുന്നത്. പുത്തൻ ഒരെണ്ണം വാങ്ങാൻ പ്ലാനിട്ടാൽ ഇലക്ട്രിക് വേണോ അതോ പെട്രോൾ വാങ്ങണോയെന്ന് കൺഫ്യൂഷനടിച്ച് നിൽക്കുന്നവരായിരിക്കും പലരും. പക്ഷേ ഇതിൽ ഏഥറിന്റെ ഷോറൂം വരെയൊന്ന് ചെന്നാൽ ഇതിനൊരു പരിഹാരം കിട്ടും.
കൃത്യമായ ഇടവേളകളിൽ തങ്ങളുടെ ഇവി ശ്രേണി പരിഷ്ക്കരിക്കുന്നതിൽ പ്രത്യേക മിടുക്കുള്ളവരാണ് ഏഥർ എനർജി എന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ്. 450X, 450S, 450 അപെക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് കമ്പനി ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നത്. യൂത്തിന്റെ ഏറ്റവും ഇഷ്‌ട്ടപ്പെട്ട ഇവി ബ്രാൻഡുകളിൽ ഒന്നായ ഇവർ ഇപ്പോൾ നിശബ്‌ദമായി സ്‌കൂട്ടറുകളിൽ ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.

450X, 450S ഇലക്ട്രിക് സ്കൂട്ടറുകളിൽ ബെൽറ്റ് കവറും പിന്നിൽ പുതിയ ഏഥർ ലോഗോയും പുതുതായി കൂട്ടിച്ചേർത്തതാണ് ഈ പരിഷ്ക്കാരം. സംഭവം വളരെ ചെറിയ കാര്യമാണെങ്കിലും ബെൽറ്റ് കവർ സമ്മാനിച്ചത് ഒരു പ്രായോഗികമായ നീക്കമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് മഴക്കാലത്ത് അടിഞ്ഞുകൂടുന്ന ചെളിയിൽ നിന്നും ബെൽറ്റിനെ സംരക്ഷിക്കാൻ ഇത് സഹായിക്കും. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ബെൽറ്റിൽ നിന്നും ചില അസാധാരണ ശബ്ദങ്ങൾ ഉണ്ടാവുന്നത് സാധാരണ കാഴ്ച്ചയായിരുന്നു.
അതിനാൽ പുതുതായി കൊണ്ടുവന്നിരിക്കുന്ന കവർ ബെൽറ്റിൻ്റെ ആയുസ് വർധിപ്പിക്കാനും ഉപഭോക്താവിൻ്റെ സർവീസ് സെന്ററുകളിലേക്കുള്ള സന്ദർശനങ്ങളുടെ എണ്ണം കുറയ്ക്കാനും സഹായിക്കും. ക്രോം പോലെ തോന്നിക്കുന്ന പുതിയ ലോഗോ ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിൻവശത്ത് കാണാനാവും. നേരത്തെ ഇത് പ്ലാസ്റ്റിക്കിൽ ഒരു ഇൻഡൻ്റ് മാത്രമായിരുന്നു. ഈ മാറ്റവും വാഹനത്തിന്റെ പ്രീമിയം ഫീൽ ഉയർത്തുന്ന കാര്യമാണെന്നതിൽ സംശയമൊന്നുമില്ല.

ഇക്കാര്യങ്ങൾ ഒഴികെ ബാക്കിയെല്ലാം നിലവിലെ മോഡലുകൾക്ക് സമാനമാണെന്ന് വേണം പറയാൻ. അതായത് ബാറ്ററിയിലോ റേഞ്ചിലോ പരിഷ്ക്കാരങ്ങളൊന്നുമില്ലെന്ന് സാരം. ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ അടിസ്ഥാന വേരിയന്റ് സ്വന്തമാക്കാന്‍ ഇപ്പോള്‍ വെറും 1.09 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി മുടക്കിയാല്‍ മതി. അതേസമയം പ്രോ പായ്ക്ക് വേണ്ട ഉപഭോക്താക്കള്‍ക്ക് 10,000 രൂപ കൂടി മുടക്കി 1.19 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ ഈ വേരിയന്റ് ലഭ്യമാകും.
ഇനി ഏഥർ 450X മോഡലാണ് നോക്കുന്നതെങ്കിൽ 1.37 ലക്ഷം രൂപ മുതലാണ് മുടക്കേണ്ടി വരിക. ഏഥ 450 അപെക്‌സ് എന്നൊരു മോഡൽ കൂടി ഇക്കഴിഞ്ഞ ജനുവരി മാസം 1.89 ലക്ഷം രൂപയ്ക്ക് അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഡെലിവറികൾ 2024 മാർച്ചിൽ ആരംഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുത്തൻ ഇവിക്കായുള്ള നിർമാണവും ബ്രാൻഡ് തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ഏഥർ എനർജിയുടെ പ്ലാൻ്റിലാണ് വാഹനം പൂർണമായും പണിതിറക്കുന്നത്.

ഏഥർ 450 അപെക്‌സിന് കരുത്തേകുന്നത് 450X ഇവിയിൽ നിന്നുള്ള അതേ 3.7kWh ബാറ്ററി പായ്ക്കാണ്. 7kW പീക്ക് പവറിന് റേറ്റുചെയ്ത മോട്ടോറാണ് കമ്പനി വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സ്മാർട്ട് ഇക്കോ മോഡിൽ 450 അപെക്‌സിന് 157 കിലോമീറ്ററിന്റെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. വാർപ്പ് പ്ലസ് മോഡ് ഉപയോഗിച്ചുകഴിഞ്ഞാൽ ഇലക്ട്രിക് സ്കൂട്ടറിന് പരമാവധി 100 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പെർഫോമൻസ് അധിഷ്ഠിത ഇവിയായതിനാൽ തന്നെ വെറും 2.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ പുതിയ ഏഥർ സ്കൂട്ടറിനാവുമെന്നതാണ് പ്രത്യേകത. എന്നിരുന്നാലും ഈ സ്‌പെഷ്യൽ എഡിഷൻ വളരെ കുറച്ച് യൂണിറ്റുകൾ മാത്രമേ നിർമിക്കൂവെന്നും കമ്പനി പറയുന്നു. 450 പ്ലാറ്റ്‌ഫോമിനോട് ചേർന്ന് നിൽക്കുന്നതിനാൽ സീറ്റ് ഹൈറ്റ്, വീൽബേസ്, ടയർ സൈസ്, ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ പ്രധാന വശങ്ങളെല്ലാം 450X മോഡലിന് സമാനമാണ്.

പരിചിതമായ ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ 450 അപെക്‌സ് അതിൻ്റെ ട്രാൻസ്പാരന്റ് ബോഡി പാനലുകളും പ്രത്യേക ഇൻഡിയം ബ്ലൂ കളർ ഓപ്ഷനും അവതരിപ്പിച്ചിരിക്കുന്നതും പ്രീമിയം ഫീൽ വർധിപ്പിക്കുന്ന കാര്യമാണ്. അപ്‌ഡേറ്റ് ചെയ്ത റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റമാണ് ഇവിയിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. റീജനറേറ്റീവ് ബ്രേക്കിംഗിനായി 450 അപെക്‌സിലേക്ക് നെഗറ്റീവ് ത്രോട്ടിൽ കൊണ്ടുവരുന്ന പുതിയ മാജിക് ട്വിസ്റ്റ് ഫീച്ചറാണ് 450 അപെക്‌സ് ഇവിയിലെ പുതിയൊരു കൂട്ടിച്ചേർക്കൽ.
ത്രോട്ടിൽ എതിർ ദിശയിൽ 15 ഡിഗ്രി വരെ ട്വിസ്റ്റ് ചെയ്യാൻ കഴിയും. ഇത് മികച്ച സ്പീഡ് മോഡുലേഷൻ അനുവദിക്കുന്നുവെന്ന് സാരം. ദിവസേനയുള്ള റൈഡിംഗ് സ്പീഡിൽ ബ്രേക്കിന് ആയാസം കുറയ്ക്കാനാണ് 450 അപെക്‌സിൽ ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. പെർഫോമൻസിന്റെ കാര്യത്തിൽ വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ലെന്നു വേണം പറയാൻ.


Click it and Unblock the Notifications








