പഴയ സ്‌കൂട്ടറുണ്ടേൽ നല്ല വില കിട്ടും, പകരം പുത്തൻ വണ്ടിയും, ഏഥറിന്റെ അടിപൊളി എക്സ്ചേഞ്ച് ഓഫർ അറിഞ്ഞോ
ഇപ്പോൾ പ്രത്യേകിച്ച ആമുഖമൊന്നും വേണ്ടാത്ത വാഹനങ്ങളാണ് ഇലക്‌ട്രിക്കുകൾ. പണ്ടൊക്കെ ആളുകൾ വാങ്ങാൻ കാര്യമായ താത്പര്യം കാണിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ സ്ഥിതിയാകെ മാറിയിട്ടുണ്ടെന്ന് വേണം പറയാൻ. പുതിയൊരു വണ്ടിയെടുക്കാൻ തീരുമാനിച്ചാൽ തന്നെ ഇവി പോരെയെന്നാവും പലരുടേയും മനസ് ചോദിക്കുക. ഉയർന്ന് നിൽക്കുന്ന പെട്രോൾ വില തന്നെയാണ് ഇതിനു കാരണം.
പിന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രോത്സാഹനവും ഇവി വിപണിക്ക് കരുത്തായിട്ടുണ്ട്. 2019 മുതൽ പലർക്കും പരിചിതമായ പേരുകളിൽ ഒന്നാവും ഏഥർ എനർജിയുടേത്. 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെ രാജ്യം വെട്ടിപ്പിടിച്ച ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് ഇന്നും പലരുടേയും ഫേവറീറ്റ് വൈദ്യുത വാഹന നിർമാതാക്കളാണ്. ആളുകളെ കൈയിലെടുക്കാൻ അടിക്കടി പ്രത്യേക ഓഫറുകളും പരിപാടികളുമെല്ലാം കമ്പനി പ്രഖ്യാപിക്കാറുമുണ്ട്.

അത്തരത്തിലൊരു ഓഫറുമായി ഏഥർ എനർജി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 450X അല്ലെങ്കിൽ 450 അപെക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ അവസരം ഉപയോഗപ്പെടുത്താനാവുക. അതായത് നിലവിൽ ഏഥറിന്റെ ഏതെങ്കിലും ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കായി കമ്പനി പുതിയ എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിച്ചതാണ് വാർത്ത.
2023 ജനുവരിയിൽ ഏഥർ അപ്‌ഗ്രേഡ് പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്ത തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായാണ് ഈ പ്രോഗ്രാം ലഭ്യമാവുക. കൂടാതെ ബെംഗളൂരുവിൽ മാത്രമാണ് ഇപ്പോൾ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പ്രോഗ്രാം നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ കേരളം പോലുള്ള ബ്രാൻഡിന്റെ ജനപ്രിയ വിപണികളിലേക്കും കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഥർ അപ്‌ഗ്രേഡ് പ്രോഗ്രാമിന് മാർച്ച് 31 വരെയാണ് സാധുതയുള്ളത്. 450X-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഏഥർ 450 ജെൻ 1, ജെൻ 1.5 എന്നിവയുടെ ഉടമകൾ 2024 മാർച്ച് 31-നകം അവരുടെ വാങ്ങലും ഇൻവോയ്‌സിംഗും രജിസ്‌ട്രേഷനും പൂർത്തിയാക്കണം. അതേസമയം 450 അപെക്‌സ് തെരഞ്ഞെടുക്കുന്നവർക്ക് ഏപ്രിൽ 30 വരെ സമയമുണ്ട്. പഴയ സ്കൂട്ടർ കൈമാറുന്നതുൾപ്പെടെയുള്ള മുഴുവൻ നടപടികളും അന്നുതന്നെ പൂർത്തിയാക്കണം.
ഈ സേവനം ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന ഏഥർ ഇലക്ട്രിക് സ്‌കൂട്ടർ ഉടമകൾ തങ്ങളുടെ വാഹനം ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ഏഥർ സ്‌പേസ് എക്‌സ്പീരിയൻസ് സെൻ്ററിലേക്ക് കൊണ്ടുവരണം. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സ്കൂട്ടറിൻ്റെ കണ്ടീഷൻ വിലയിരുത്തുകയും എന്തെങ്കിലും ഗതാഗത ലംഘനമോ പിഴയോ തീർപ്പുകൽപ്പിക്കാത്തവയോ പരിശോധിക്കുകയും ചെയ്യും. ഈ പരിശോധനകളുടെ അടിസ്ഥാനത്തിൽ യോഗ്യത സംബന്ധിച്ച അന്തിമ തീരുമാനം ഏഥർ എനർജി എടുക്കും.

സെക്കൻഡ് ഹാൻഡ് ഏഥർ 450 വാങ്ങിയ ഉപഭോക്താക്കൾക്ക് പോലും ഏഥർ അപ്‌ഗ്രേഡ് പ്രോഗ്രാമിൻ്റെ പ്രയോജനം നേടാനാകും. 36 മാസത്തിലധികം പഴക്കമുള്ള സ്‌കൂട്ടറുകൾക്ക് പോലും നല്ല വില കുട്ടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ഏഥർ ഇവി മോഡലുകളുടെ വില ഏകദേശം 450 പതിപ്പിന് 1.10 ലക്ഷം, പ്രോ പായ്ക്കിനൊപ്പം വരുന്ന 3.7kWh 450X ഇവിക്ക് 90,000 രൂപയോളം മാത്രം മുടക്കിയാൽ മതിയാവും.
ഇനി പ്രോ പായ്ക്കിനൊപ്പം 450X 2.9kWh മോഡലാണ് നോക്കുന്നതെങ്കിൽ 80,000 രൂപയോളം മുടക്കിയാൽ മതിയാവുമെന്നാണ് കമ്പനി അറിയിക്കുന്നത്. 36 മാസത്തിൽ താഴെ പഴക്കമുള്ള സ്കൂട്ടറുകളുടെ റിട്ടേൺ നിരക്കുകൾ ഏഥർ എനർജി വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഈ എക്സ്ചേഞ്ച് ഓഫർ പഴയ ഇവി ഉടമകൾക്ക് വലിയ അനുഗ്രഹമാവുന്ന കാര്യമാണ്. മറ്റ് നഗരങ്ങളിലേക്ക് കൂടി സേവനം ദീർഘിപ്പിച്ചാൽ ബ്രാൻഡിനും അതൊരു മൈലേജാവും.

നിലവിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിസ്‌റ്റ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഏഥർ എനർജി. 2024 ഏപ്രിൽ ആറിന് ഏഥർ കമ്മ്യൂണിറ്റി ദിനത്തിൽ വാഹനം വിപണിയിൽ അരങ്ങേറ്റം കുറിക്കും. ബാറ്ററി ഡ്രോപ് ടെസ്റ്റ്, വാട്ടർ വേഡിംഗ് ടെസ്റ്റുകൾക്ക് വിധേയമായ റിസ്റ്റയുടെ സമീപകാല വീഡിയോയും കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു. എന്തായാലും റിസ്റ്റയുടെ വരവ് ഓല പോലുള്ള ബ്രാൻഡുകൾക്ക് വലിയ തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








