ആക്‌ടിവ ഇവി ഹാപ്പിയാവും, 159 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ ഇനി പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ല
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിഭാഗത്തിലെ കുടുംബിനിയായി എത്തി ഹിറ്റടിച്ച മോഡലാണ് ഏഥർ റിസ്‌ത (Ather Rizta). ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഓല S1 തുടങ്ങിയ വമ്പൻമാരോട് ഏറ്റുമുട്ടാനായിട്ടാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡ് റിസ്‌തയ്ക്ക് രൂപം കൊടുക്കുന്നത്. ഇഷ്‌ടം പോലെ സ്ഥലം, വലിയ സീറ്റ്, നല്ല റേഞ്ച് ഇതെല്ലാം കുറഞ്ഞ വിലയ്ക്ക് കൊടുത്താണ് ഏഥർ ആളുകളെ ചാക്കിലാക്കിയത്. കടയിൽ വല്ലതും പോയാൽ ഒരുമാസത്തേക്കുള്ള സാധനങ്ങളെല്ലാം ഒന്നിച്ച് വാങ്ങി കൊണ്ടുവരാം എന്നതാണ് റിസ്‌തയുടെ പ്രത്യേകത.
1.10 ലക്ഷം മുതല്‍ 1.47 ലക്ഷം രൂപ വരെയാണ് ഏഥര്‍ റിസ്‌ത വാങ്ങാൻ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എന്നാൽ 2025 ജനുവരി മുതൽ ഈ വിലയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടർ തരാൻ പറ്റില്ലെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. ഏഥറിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലിൻ്റെ വില ജനുവരി 1 മുതൽ വർധിപ്പിക്കുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. പുതുവര്‍ഷത്തോട് അനുബന്ധിച്ച് വാഹന നിര്‍മാതാക്കൾ പ്രഖ്യാപിപ്പിക്കുന്ന സ്ഥിരം പരിഷ്ക്കാരം തന്നെയാണ് ബെംഗളൂരു അടിസ്ഥാനമാക്കിയുള്ള ബ്രാൻഡും പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഥർ റിസ്‌തയ്ക്ക് 4,000 രൂപ മുതൽ 6,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് ഏഥർ ഡീലർ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ S, Z 2,9 kWh, Z 3,7 kWh എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫാമിലി സ്‌കൂട്ടർ സ്വന്തമാക്കാനാവുക. ഇവയ്ക്ക് ഇപ്പോൾ യഥാക്രമം 1.10 ലക്ഷം, 1.27 ലക്ഷം, 1.46 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ പ്രോ പായ്ക്ക് കൂടി തെരഞ്ഞെടുത്താൽ 13,000 രൂപ, 15,000 രൂപ, 20,000 രൂപ എന്നിങ്ങനെ അധികമായും മുടക്കേണ്ടി വരും.
പ്രോ പായ്ക്ക് വാങ്ങിയാൽ കൂടുതൽ ഫീച്ചറുകൾ അൺലോക്ക് ചെയ്യാനാവും. റിസ്‌തയുടെ വില 4,000 മുതൽ 6,000 രൂപ വരെ ഉയരുമെങ്കിലും ഏതെല്ലാം വേരിയന്റുകൾക്ക് എത്രത്തോളം വില വർധിക്കുമെന്ന് വ്യക്തമായിട്ടില്ല. ബാറ്ററി, മോട്ടോർ, മെയിൻ ഫ്രെയിം, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ അടിസ്ഥാന ഘടകങ്ങളിൽ ഭൂരിഭാഗവും ഏഥർ 450 ഇവിയിൽ നിന്നുമാണ് റിസ്‌ത കടമെടുത്തിരിക്കുന്നത്.

വില കൂടുകയാണെന്ന് ഓർത്ത് വിഷമിക്കേണ്ട കേട്ടോ. ഇപ്പോൾ ബുക്ക് ചെയ്‌താൽ നല്ല ഇയർ എൻഡ് ഓഫറുകളോടെ ഏഥർ റിസ്‌ത സ്വന്തമാക്കാനാവും. പക്ഷേ ഏഥർ ഷോറൂമുകളിലൂടെയല്ല, ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിയാലാണ് ഫാമിലി ഇലക്‌ട്രിക് സ്കൂട്ടറിന് ഇയർ എൻഡ് ഓഫർ ലഭിക്കുക. റിസ്ത S 2.9 kWh വേരിയന്റുകൾക്ക് 2,500 രൂപ ഡിസ്കൌണ്ടാണ് ഇ-കൊമേഴ്‌സ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.
കൂടാതെ ക്രെഡിറ്റ് കാര്‍ഡ് വഴി പേയ്മെന്റ് നടത്തുകയാണെങ്കിൽ പരമാവധി 8,500 രൂപ വരെ ഓഫറും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് റിസ്‌ത ഇവി വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തെ 2.9kWh വേരിയന്റുകൾക്ക് 105 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം റിസ്‌തയുടെ 3.7 kWh ബാറ്ററി പായ്ക്ക് ഏകദേശം 125 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. 450X ഇവിയിലെ അതേ ഇലക്ട്രിക് മോട്ടോർ തന്നെയാണ് ഫാമിലി ഇലക്ട്രിക് സ്കൂട്ടറിലും ജോടിയാക്കിയിരിക്കുന്നത്. ഇത് 4.3 kW പീക്ക് പവറിൽ പരമാവധി 22 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസിലേക്ക് നോക്കിയാൽ 4.7 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.
3.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ റിസ്‌ത ഇവിക്കാവുമെന്നും സ്റ്റാർട്ടപ്പ് ബ്രാൻഡ് പറയുന്നു. ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ റേഞ്ച് കൈവരിക്കാനായാണ് ഇത്തരത്തിൽ വേഗപ്പൂട്ടിട്ടിരിക്കുന്നത്. ൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ പോലുള്ള എല്ലാ അടിസ്ഥാന സവിശേഷതകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ ഏഥർ റിസ്‌ത ഇലക്‌ട്രിക് സ്‌കൂട്ടറിന് 12 ഇഞ്ച് അലോയ് വീലുകൾ, ടിഎഫ്‌ടി ടച്ച്-പ്രാപ്‌തമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 34 ലിറ്റർ കാർഗോ ഏരിയ, ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് സ്‌കൂട്ടറിലും ലഭിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ സീറ്റ് പോലുള്ള സവിശേഷതകളാലും ഇവി സമ്പന്നമാണ്. എന്തായാലും വില കൂടുന്നതിന് മുമ്പ് വാങ്ങാനായാൽ അത് മികച്ചൊരു തീരുമാനമാണ്.


Click it and Unblock the Notifications








