ജുപ്പിറ്ററും ആക്‌ടിവയും ഇനി ഷോറൂമിലിരിക്കും; ഇത്രേം സ്റ്റോറേജ് സ്പേസുള്ള മറ്റൊരു സ്‌കൂട്ടർ വാങ്ങാൻ കിട്ടില്ല!
ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രാശി തെളിഞ്ഞതോടെ വിപണിയിലേക്ക് പുതുപുത്തൻ മോഡലുകളുമായി കമ്പനികൾ തുടരെ തുടരെ വരികയാണിപ്പോൾ. ഒപ്പം കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും വരെ നിരത്തി ആളുകളെ കൈയിലെടുക്കാനും നിർമാതാക്കൾക്ക് സാധിക്കുന്നുണ്ട്. പെട്രോൾ വില കൂടി നിൽക്കുന്നതും താരതമ്യേന കുറഞ്ഞ വിലയിൽ എത്തുന്നതുമെല്ലാം ഇവികൾക്ക് മൈലേജാവുന്ന കാര്യമാണ്.
പല വിഭാഗത്തിൽ പല തരത്തിലുള്ള ഇവികളാണ് ഇന്ന് വിപണിയിലുള്ളത്. ഇതിൽ യൂത്തൻമാർക്ക് ഏറ്റവും പ്രിയം ഏഥർ എനർജി 450 സീരീസ് മോഡലുകളാണ്. കിടിലൻ ഡിസൈനും പെർഫോമൻസും ഫീച്ചറുകളും ചേർന്നതാണ് ഇവയെ ഇത്രയും ജനപ്രിയമാക്കുന്ന കാര്യം. എന്നാൽ ഇന്ന് സ്‌കൂട്ടറുകൾ വാങ്ങുന്നവരുടെ പ്രധാന ഉദ്ദേശം കുടുംബത്തിലെ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാം എന്നതാവും.

ഒപ്പം കടയിൽ പോയി സാധനങ്ങൾ വാങ്ങാനായാലും വീട്ടിലേക്ക് ഗ്യാസ് എടുക്കാനായാലും പ്രായോഗികമാണല്ലോ എന്ന വശംകൂടിയുണ്ട് സ്‌കൂട്ടർ വാങ്ങുന്നതിനു പിന്നിൽ. ഇത്തരക്കാരെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായി പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുമായി എത്തുകയാണ് ഏഥർ എനർജി. റിസ്റ്റ എന്നു പേരിട്ടിരിക്കുന്ന ഇവി ദിവസങ്ങൾക്കുള്ളിൽ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി മോഡലിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനിയിപ്പോൾ.
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സ്കൂട്ടറിൻ്റെ കുറച്ച് വിശദാംശങ്ങൾ ഏഥർ വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് സ്പേസിന്റെ കാര്യത്തിൽ കാർ പോലെ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള അണ്ടർസീറ്റ് സ്റ്റോറേജാണ് റിസ്റ്റ എന്ന ഫാമിലി സ്‌കൂട്ടറിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. പ്രതീക്ഷിച്ചതു പോലെ സീറ്റിനടിയിലെ സ്റ്റോറേജ് ഏരിയ വളരെ വലുതാണ്. ബൂട്ട് വിശാലവും ആഴവുമുള്ളതാണെന്നും പോസ്റ്റിലൂടെ വ്യക്തമാവുന്നുണ്ട്.

വീഡിയോ അനുസരിച്ച് ഇതിന് ഹാഫ് ഫേസ് ഹെൽമെറ്റ്, ഒരു ബാഗ്, ലഞ്ച്ബോക്സ്, മറ്റ് നിക്ക്-നാക്ക് എന്നിവ എളുപ്പത്തിൽ ഉൾക്കൊള്ളാൻ സാധിക്കും. ഓഫീസിലേക്കുള്ള പതിവ് യാത്രയിൽ ഒരാൾക്ക് ആവശ്യമായേക്കാവുന്ന സ്റ്റോറേജ് ഏരിയ ഗ്യാരണ്ടിയാണ് ഏഥർ റിസ്റ്റ വാഗ്‌ദാനം ചെയ്യുന്നത്. അണ്ടർ സീറ്റ് സ്റ്റോറേജ് ഏരിയയ്ക്ക് തൊട്ടുമുന്നിൽ ഒരു നിഫ്റ്റി ലിറ്റിൽ സ്റ്റോറേജ് ബിൻ കൂടിയുണ്ട്. അതായത് സീറ്റിൻ്റെ ഹിഞ്ചിനോട് ചേർന്നാണ് ഈ ചെറിയ സ്റ്റോറേജ് ഏരിയയും ക്രമീകരിച്ചിരിക്കുന്നത്.
ഇവിടെ ഫസ്റ്റ് എയ്‌ഡ് കിറ്റും ഒരു ചെറിയ വാലറ്റും പോലുള്ള കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയും. മുൻ പോസ്റ്റുകളിൽ റിസ്‌റ്റയുടെ നീളവും വീതിയുമുള്ള സീറ്റ് ആതർ ഹൈലൈറ്റ് ചെയ്‌തത് കണക്കിലെടുക്കുമ്പോൾ, രണ്ടാമത്തെ സ്റ്റോറേജ് ഏരിയയിൽ ഒരു വയർലെസ് ചാർജിംഗ് പാഡോ യുഎസ്ബി ചാർജിംഗ് പോർട്ടോ നൽകുമെന്ന് പ്രതീക്ഷിക്കാം. അണ്ടർസീറ്റ് സ്റ്റോറേജ് ഏരിയയും പരമാവധി ഉപയോഗപ്പെടുത്താനാവുന്ന തരത്തിലാണ് ഏഥർ സീറ്റിനടിയിലെ സ്പേസ് പണികഴിപ്പിച്ചിരിക്കുന്നത്.

ഇതുകൂടാതെ വ്യക്തമായി കാണാവുന്ന റിസ്‌റ്റയിൽ ഉപയോഗിച്ചിരിക്കുന്ന ബ്രേക്കിംഗ് സെറ്റപ്പിന്റെ കാര്യവും പുറത്തുവരുന്നുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുള്ള ഏഥർ 450X ഇവിയിൽ നിന്ന് വ്യത്യസ്തമായി ഫാമിലി സ്കൂട്ടറിന് ഫ്രണ്ടിൽ ഡിസ്‌ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവും ആണുള്ളത്. ചെലവ് ചുരുക്കാൻ മാത്രമല്ല ഈ നടപടി, ഒരു ഫാമിലി സ്കൂട്ടറായതിനാൽ അധിക പെർഫോമൻസ് ഇതിൽ പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനയും ഇത് പറഞ്ഞുവെക്കുന്നുണ്ട്.
ഏഥർ റിസ്റ്റയ്ക്ക് ഒരു ഹബ് മൗണ്ടഡ് മോട്ടോറായിരിക്കാം ഉപയോഗിക്കുക. ചെലവ് നിയന്ത്രിക്കാൻ ഈ നീക്കവും കമ്പനിയെ ഏറെ സഹായിക്കും. കഇലക്‌ട്രിക് മോട്ടോറിൻ്റെ സവിശേഷതകളും റിസ്റ്റയുടെ പവർ ഔട്ട്പുട്ട് കണക്കുകളും ഏപ്രിൽ ആറിന് നടക്കുന്ന ഏഥർ കമ്മ്യൂണിറ്റി ദിനത്തിൽ വെളിപ്പെടുത്തും. വിശാലമായ ഫ്ലാറ്റ് ഫ്ലോർ സ്പേസ്, 12 ഇഞ്ച് 5-സ്പോക്ക് വീലുകൾ എന്നിവയാണ് ഇവിയിലെ മറ്റ് ഹൈലൈറ്റുകൾ.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്ക് സജ്ജീകരണവും പിന്നിൽ ഒരു മോണോഷോക്കുമായിരിക്കും ഏഥർ റിസ്റ്റയിൽ ഉപയോഗിക്കുക. മറ്റ് 450 മോഡലുകളിലേത് പോലെ തന്നെ എംആർഎഫ് സാപ്പർ ടയറുകളാവും ഇവിയിലും ഇടംപിടിക്കുക. സ്കൂട്ടറിൽ കളർ TFT ഡിസ്പ്ലേ ഉണ്ടായിരിക്കും. ടേൺ-ബൈ-ടേൺ നാവിഗേഷനും മറ്റ് ചില സവിശേഷതകളും ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇതിൽ അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് സൂചന.


Click it and Unblock the Notifications








