ഇന്ത്യ കാത്തിരുന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ ലീക്കായി! ആള് ആക്‌ടിവയേക്കാൾ ഗ്ലാമറാണോ?
പുത്തനൊരു ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഏഥർ എനർജി വരുന്നുവെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി അല്ലേ. ഹോണ്ട ആക്‌ടിവയും ടിവിഎസ് ജുപ്പിറ്ററും പോലുള്ള പെട്രോൾ മോഡലുകൾക്ക് ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നതും. അതിനാൽ തന്നെ ഹൈപ്പ് വാനോളമാണെന്ന് വേണം കരുതാൻ.
ഡിസൈനിലും പെർഫോമൻസിലും എല്ലാം നിലവിലുള്ള ഏഥർ 450 സീരീസിൽ നിന്നും വ്യത്യസ്‌തമായിരിക്കും റിസ്റ്റ എന്നുപേരിട്ടിരിക്കുന്ന ഈ ഫാമിലി അധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടർ എന്നതാണ് പ്രധാന ഹൈലൈറ്റ്. ഇതുവരെ ടീസർ ചിത്രങ്ങളിലൂടെ മാത്രം പരിചയപ്പെടുത്തിയ ഇവി കാഴ്ച്ചയിൽ എങ്ങനെയായിരിക്കുമെന്ന് അറിയാൻ ലക്ഷക്കണക്കിന് ആളുകളാണ് കാത്തിരിക്കുന്നത്. 2024 ഏപ്രിൽ ആറിന്, അതായത് നാളെ വിപണിയിലെത്താനിരിക്കെ റിസ്റ്റയുടെ ഒറിജിനൽ രൂപം ലീക്കായിരിക്കുകയാണ്.

ഇന്റർനെറ്റിലൂടെ പുറത്തുവന്ന ഡിസൈനും റിസ്റ്റയുടെ രൂപവും രസകരമാണെന്ന് വേണം പറയാൻ. പക്ഷേ പ്രതീക്ഷിച്ച അത്ര ആകർഷകമല്ലെന്ന് തോന്നുന്നവരും കൂട്ടത്തിലുണ്ടാവും. ഡിസൈൻ എപ്പോഴും വ്യക്തികൾക്ക് അധിഷ്ഠിതമായി മാറുമ്പോൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ഭാവിയെ കുറിച്ച് വ്യക്തമായി പ്രവചിക്കാനാവില്ല. സെഗ്‌മെൻ്റ്-ഫസ്റ്റ് ആൻ്റി-സ്‌കിഡ് ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളോടെയാണ് ഫാമിലി ഇലക്ട്രിക് സ്കൂട്ടർ രംഗത്തേക്ക് ഇറങ്ങാൻ പോവുന്നത് എന്ന കാര്യം പ്രതീക്ഷ നൽകുന്ന ഒന്നാണ്.
ഏഥർ റിസ്റ്റ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്കായി പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 999 രൂപ ടോക്കൺ തുക നൽകി ഇവി ഇപ്പോഴേ ബുക്ക് ചെയ്‌തിട്ടോ. ഏഥർ കമ്മ്യൂണിറ്റി ഡേയിൽ വിപണിയിൽ അവതരിപ്പിക്കാൻ പോവുന്ന റിസ്‌റ്റ കമ്പനിയുടെ നിലവിലെ 450 സീരീസിന് താഴെയാകും സ്ഥാനംപിടിക്കുക. 450X ഇവിയേക്കാൾ വലിപ്പമുള്ളതിനാൽ മോഡൽ കൂടുതൽ പ്രായോഗികമായിരിക്കുമെന്ന് വേണം പറയാൻ.

റിസ്റ്റ ഫാമിലി സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള ഡിസൈനിൽ ഷാർപ്പായുള്ള കട്ടുകളും ക്രീസുകളും ഒന്നും തന്നെയില്ലെന്ന് ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്. പകരം കൂടുതൽ മനോഹരമായ ലൈനുകളും ബോഡി പാനലുകളും, കർവ്ഡ് എൽഇഡി ടെയിൽ ലാമ്പുള്ള വളഞ്ഞ പിൻഭാഗം, വലിയ ഫ്ലോർബോർഡ്, പിന്നിലും വശങ്ങളിലും ഏഥർ റിസ്റ്റ എന്ന എഴുത്ത്, സിംഗിൾ പീസ് സീറ്റ്, പിന്നിൽ സിംഗിൾ-പീസ് പില്യൺ ഗ്രാബ് റെയിൽ, ബ്ലാക്ക് ഫിനിഷ്ഡ് മിററുകൾ എന്നിവയെല്ലാമാകും ഇവിയെ കിടിലമാക്കുക.
ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളുമായിട്ടാവും ഏഥർ റിസ്റ്റ വിപണിയിലെത്തുക എന്നകാര്യം മുമ്പേ വ്യക്തമായതാണെങ്കിലും ഇന്റർനെറ്റിൽ ചോർന്ന പുതിയ ചിത്രങ്ങൾ ഈ ഫീച്ചറും സ്ഥിരീകരിക്കുന്നുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷനും മറ്റ് ചില സവിശേഷതകളും ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇതിൽ അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് സൂചന. 5-സ്‌പോക്ക് 12 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളാണ് മറ്റ് പ്രധാന ആകർഷണങ്ങൾ.

നിർമാണ ചെലവ് കുറക്കുന്നതിനും മത്സരാധിഷ്ഠിതമായി വില നിർണയിക്കാനും മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം സജ്ജീകരണവുമാണ് സമ്മാനിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമാതാക്കൾ ഇതിനകം തന്നെ ഏഥർ റിസ്റ്റയുടെ വാട്ടർ-വേഡിംഗ് കഴിവുകളും ഹാഫ് ഫേസ് ഹെൽമെറ്റും ഒരു ബാഗും മറ്റും ഉൾക്കൊള്ളുന്ന ഒരു വലിയ സ്റ്റോറേജ് സ്പേസും ടീസറിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്.
ഓഫീസിലേക്കുള്ള പതിവ് യാത്രയിൽ ഒരാൾക്ക് ആവശ്യമായി വന്നേക്കാവുന്ന അത്രയും സ്റ്റോറേജ് ഏരിയാണ് ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിൽ ഒരുക്കിയിരിക്കുന്നത്. അണ്ടർ സീറ്റ് സ്റ്റോറേജ് ഏരിയയ്ക്ക് തൊട്ടുമുന്നിൽ ഒരു നിഫ്റ്റി ലിറ്റിൽ സ്റ്റോറേജ് ബിൻ കൂടിയുണ്ട്. അതായത് സീറ്റിൻ്റെ ഹിഞ്ചിനോട് ചേർന്നാണ് ഈ ചെറിയ സ്റ്റോറേജ് ഏരിയയും കമ്പനി റിസ്റ്റയിൽ സെറ്റുചെയ്‌തിട്ടുണ്ട്.

ഫാസ്റ്റ് ചാർജിംഗ് കഴിവുകളും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഏഥർ റിസ്റ്റയിൽ പ്രതീക്ഷിക്കാം. അതേസമയം ഹബ്-മൌണ്ടഡ് മോട്ടോറും കമ്പനി അവതരിപ്പിക്കാം. 110-125 സിസി പെട്രോൾ എഞ്ചിൻ സ്‌കൂട്ടറുകൾ തേടുന്ന ഉപഭോക്താക്കളെയാണ് ഏഥർ ലക്ഷ്യമിടുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ 1.15 ലക്ഷം മുതൽ ഏകദേശം 1.20 ലക്ഷം രൂപ വരെ ഇതിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഓല S1X, S1 എയർ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് പോലുള്ള ഇവികളുമായാവും പ്രധാന മത്സരം.


Click it and Unblock the Notifications








