കുടുംബത്ത് കയറാൻ ഏഥർ, കുറഞ്ഞ വിലയില്‍ പുത്തൻ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ റെഡി; ചിത്രങ്ങൾ ഇതാ...
ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓലയ്ക്ക് മുമ്പേ നമ്മുടെ പക്കലേക്ക് ഓടിയെത്തിയവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡായ ഏഥർ എനർജി (Ather Energy). ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ഉഗ്രൻ പെർഫോമൻസുമായി എത്തി വേഗം യൂത്തൻമാർക്കിടയിൽ ട്രെൻഡായി ഇന്നും കത്തിനിൽക്കുകയാണ് 450 സീരീസ് ഇ-സ്‌കൂട്ടറുകൾ.
ഓല ഇലക്ട്രിക് കഴിഞ്ഞാല്‍ നിലവില്‍ കേരളത്തിലടക്കം വന്‍ സ്വീകാര്യതയുള്ള ഇവി നിര്‍മാതാക്കളാണ് ഏഥര്‍. ഇപ്പോൾ യൂത്തിനിടയിലാണ് ട്രെൻഡായി നിൽക്കുന്നതെങ്കിൽ ഇനി കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കമ്പനിയുടെ പദ്ധതി. ഇതിനായി കുറഞ്ഞ വിലയില്‍ പുതിയ 'ഫാമിലി' ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഏഥർ. അധികം വൈകാതെ നിരത്തുകൾ കീഴടക്കാൻ പോവുന്ന മോഡലിന്റെ ആദ്യ ടീസർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

ബ്രാൻഡിന്റെ ഏറ്റവും പുതിയ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറിനെ 'ഏഥർ റിസ്‌റ്റ' എന്നായിരിക്കും വിളിക്കുക. ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന 2024 ഏഥർ കമ്മ്യൂണിറ്റി ഡേ സെലിബ്രേഷനിലായിരിക്കും പുത്തൻ ഫാമിലി സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കുക. കമ്പനിയുടെ തുറുപ്പുചീട്ടായി മാറാനിരിക്കുന്ന ഇവിയുടെ വരവിൽ ഏറെ പ്രതീക്ഷകളാണ് വാഹന ലോകത്തിനുള്ളത്. സുഖസൌകര്യങ്ങളിലും സുരക്ഷയിലും വലിയ കുതിച്ചുചാട്ടത്തിനായിരിക്കും ഏഥർ റിസ്‌റ്റയിലൂടെ സാക്ഷ്യംവഹിക്കാൻ പോവുന്നതെന്നും കമ്പനി പറയുന്നു.
ഉപഭോക്താക്കളുടെ റൈഡ് എക്സ്പീരിയൻസ് മികച്ചതാക്കുന്ന ചില അതിശയകരമായ കാര്യങ്ങൾ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഉണ്ടായിരിക്കുമെന്നും ഏഥർ അവകാശപ്പെടുന്നുണ്ട്. ഒപ്പം ബ്രാൻഡിന്റെ മറ്റ് ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട അതേ ഗുണനിലവാരവും വിശ്വാസ്യതയും നിലനിർത്തുന്നത് റിസ്റ്റയും തുടരുകയും ചെയ്യും. 450 സീരീസുകളിൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിന് പകരം പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഫാമിലി സ്‌കൂട്ടർ പണികഴിപ്പിക്കുക.

ഡിസൈനിലേക്ക് നോക്കിയാലും തികച്ചും വ്യത്യസ്‌തമായിരിക്കും മോഡൽ. ഏഥർ റിസ്റ്റയ്ക്ക് ഒരു ഫ്ലാറ്റ് ഏപ്രോൺ ലഭിക്കും. നിലവിലെ 450 ലൈനപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ സൈഡ് പാനലുകളിൽ വളരെ കുറഞ്ഞ കട്ടുകളും ക്രീസുകളും ആയിരിക്കും അവതരിപ്പിക്കുക. ഒരു വലിയ ഫ്ലോർബോർഡും വീതിയേറിയ സീറ്റും ടീസർ ചിത്രങ്ങളിൽ നിന്ന് ദൃശ്യമാകുന്നുണ്ട്. കൂടാതെ വിശാലമായ ഒരു കൂട്ടം ഉപഭോക്താക്കളെ ആകർഷിക്കുന്ന കൂടുതൽ വൃത്താകൃതിയിലുള്ള രൂപകൽപ്പനയെക്കുറിച്ചും ടീസർ സൂചന നൽകുന്നുണ്ട്.
ഇതിന്റെ എൽഇഡി ഹെഡ്‌ലൈറ്റ് ഫ്രണ്ട് പാനലിനുള്ളിൽ തിരശ്ചീനമായി സംയോജിപ്പിച്ചിരിക്കുന്നതായാണ് മനസിലാക്കാൻ കഴിയുന്നത്. ഒപ്പം ടെയിൽ ലൈറ്റും ഇതേ ഫോർമാറ്റിലാണ് ഘടിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഏഥർ റിസ്റ്റയുടെ ഫ്ലോർബോർഡ് ഏരിയ നിലവിലെ 450X-നേക്കാൾ വിശാലമാകാൻ സാധ്യതയുണ്ട്. ഇത് ഫാമിലി സ്‌കൂട്ടർ എന്ന വിശേഷണത്തിന് അടിവരയിടുന്ന കാര്യമാണ്.
വരാനിരിക്കുന്ന ഏഥഞ റിസ്റ്റ അതിന്റെ ഹാർഡ്‌വെയർ, ഫീച്ചറുകൾ, മോട്ടോർ, ബാറ്ററി എന്നിവ നിലവിലെ 450 സീരീസ് സ്‌കൂട്ടറകളിൽ നിന്ന് കടമെടുക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. 2.9kWh ബാറ്ററിയുള്ള 450S, 2.9kWh, 3.7kWh ബാറ്ററി ഓപ്ഷനുകളുള്ള ശേഷിയുള്ള 450X എന്നിവയിൽ നിന്നുമുള്ള ഏതെങ്കിലും ബാറ്ററി പായ്ക്ക് കടമെടുക്കാനാണ് സാധ്യതയെന്ന് സാരം. രണ്ട് മോഡലുകൾക്കും 90 കിലോമീറ്റർ പരമാവധി വേഗത ലഭിക്കും.
എന്നിരുന്നാലും ഉയർന്ന റേഞ്ച് കണക്കുകളുണ്ടെങ്കിലേ ഫാമിലി സ്‌കൂട്ടർ തേടുന്നവരെ ആകഷിക്കൂ. നിലവിൽ 450S മോഡലിന് 115 കിലോമീറ്റർ റേഞ്ച് ആണ് ഏഥർ എനർജി അവകാശപ്പെടുന്നത്. അതേസമയം 450X ഇവിയുടെ 2.9kWh, 3.7kWh വേരിയന്റുകൾ യഥാക്രമം 111 കിലോമീറ്ററും 150 കിലോമീറ്റർ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ മൂന്നാമത്തെ ഓപ്ഷൻ ഏഥർ റിസ്റ്റയിൽ എത്തിയാൽ കൂടുതൽ പ്രായോഗികമാവും.

ഈ വർഷം തന്നെ എത്തുന്ന ഏഥർ റിസ്‌റ്റയ്ക്ക് 450S പതിപ്പിലെ ഡീപ് വ്യൂ ഡിസ്‌പ്ലേ ലഭിക്കുമെന്നും പ്രതീക്ഷിക്കാം. ചെലവുകൾ നിയന്ത്രിക്കാൻ ഇത് ഏഥറിനെ സഹായിക്കും. അതോടൊപ്പം, വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിൽ റൈഡ് മോഡുകൾ, സ്ക്രീനിൽ ഒന്നിലധികം റീഡ്ഔട്ടുകൾ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയും കമ്പനി ഒരുക്കും. വില നിർണയവും വാഹനത്തിന്റെ വിജയപരാജയത്തിൽ വലിയ പങ്കുവഹിക്കും. പ്രധാനമായും ഓല S1 ശ്രേണി മോഡലുകളുമായാവും ഏഥറിന്റെ മത്സരം.


Click it and Unblock the Notifications








