വില 1.10 ലക്ഷം, റേഞ്ച് 125 കി.മീ.; ഏവരും കാത്തിരിക്കുന്ന ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പണിതുടങ്ങി ഏഥർ
ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളിലെ രാജാക്കൻമാരാവാൻ ഏഥർ എനർജി (Ather Energy) പുറത്തിറക്കിയ മോഡലാണ് റിസ്‌ത (Rizta). ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ (Family Electric Scooter) എന്ന പുതിയ സെഗ്മെന്റിന് കൂടി ഇതിലൂടെ തുടക്കമിട്ട കമ്പനി അധികം വൈകാതെ തന്നെ മോഡലിന്റെ ഡെലിവറിയും ആരംഭിക്കാനിരിക്കുകയാണ്. ഇതിനിടയിൽ ബജാജ് ചേതക്കിന്റെ പുത്തൻ വേരിയന്റും ടിവിഎസ് ഐക്യൂബ് ST പതിപ്പും ആംപിയർ നെക്‌സസ് ഇവിയും ആളുകളിലേക്ക് എത്തിച്ച് കളംപിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡിനെ വിശ്വസിക്കുന്ന ആളുകളെല്ലാം റിസ്‌തയെന്ന അതികായകനെ കാത്തിരിക്കുകയാണെന്നാണ് വിശ്വാസം.
ഇതിനോടകം ബുക്കിംഗ് ആരംഭിച്ച ഇവിക്ക് വലിയ സ്വീകാര്യതയാണ് നേടിയെടുക്കാനായിരിക്കുന്നത്. തുടക്കകാലത്ത് ബെംഗളൂരൂ വീഥികളിൽ വിജയഗാഥ രചിച്ച ഏഥർ എനർജി കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് വന്നിട്ട് അധികനാളായില്ലെങ്കിലും യൂത്തൻമാർക്കിടയിൽ ഏറ്റവും ഫാൻബേസുള്ള വൈദ്യുത വാഹന നിർമാതാക്കളായി മാറാൻ കമ്പനി അതിവേഗം സാധിച്ചു. എന്നാൽ ഇനി മുതൽ ഫാമിലി അധിഷ്ഠിത മോഡലുകൾ വാങ്ങുന്നവരെയാണ് റിസ്‌തയിലൂടെ ബ്രാൻഡ് ഉന്നംവെക്കുന്നത്.

ഇപ്പോഴിതാ തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള കമ്പനിയുടെ നിർമാണ കേന്ദ്രത്തിൽ റിസ്‌തയുടെ നിർമാണം ആരംഭിച്ചിരിക്കുകയാണ് ഏഥർ എനർജി. 1.10 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്ഷോറൂം വിലയിൽ അവതരിപ്പിച്ച ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ മൂന്ന് വേരിയൻ്റുകളിലും ഏഴ് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. ഇനി ദിവസങ്ങൾക്കുള്ളിൽ ഇവിയുടെ ഡെലിവറി കൂടി ആരംഭിക്കുന്നതോടെ കമ്പനി ഷോറൂമുകളിലെല്ലാം വലിയ തിരക്കായിരിക്കും.
തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെഏഥർ എനർജി സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്തയാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ നിർമാണം ആരംഭിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഏറ്റവും പുതിയ റിസ്‌തയിലൂടെ വലിയ സാധ്യതകളാണ് കമ്പനി തുറന്നിടുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമാതാക്കളുടെ ആദ്യത്തെ ഫാമിലി അധിഷ്ഠിത ഇലക്ട്രിക് സ്കൂട്ടറായതിനാൽ തന്നെ ഒരുപാട് പുതുമകളോടെയാണ് ഇതിനെ പണികഴിപ്പിച്ചിരിക്കുന്നത്.

S, Z എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ റിസ്‌തയുടെ ബേസ് മോഡലിന് 1.10 ലക്ഷം രൂപയും 2.9kWh, 3.7kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനിൽ എത്തുന്ന Z മോഡലിന് യഥാക്രമം 1,24,999 രൂപ, 1,44,999 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. കൂടുതൽ ഫീച്ചറുകൾക്കായി പ്രോ പായ്ക്ക് തെരഞ്ഞെടുക്കുകയാണെങ്കിൽ റിസ്‌ത Z 2.9kWh മോഡലിന് 15,000 രൂപയും 3.7kWh മോഡലിനായി 20,000 രൂപയും അധികം ചെലവഴിക്കേണ്ടി വരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത മോഡലുകൾക്ക് ബാധകമായ വിവിധ സബ്‌സിഡികൾക്കും റിസ്‌ത ഇലക്ട്രിക് സ്‌കൂട്ടറിന് അർഹതയുണ്ടായേക്കാം. സിയാച്ചിൻ വൈറ്റ് മോണോ, ഡെക്കാൻ ഗ്രേ മോണോ, പാംഗോങ് ബ്ലൂ മോണോ, ഡെക്കാൻ ഗ്രേ ഡ്യുവോ, ഏലം ഗ്രീൻ ഡ്യുവോ, പാങ്കോങ് ബ്ലൂ ഡ്യുവോ, അൽഫോൻസോ യെല്ലോ ഡ്യുവോ എന്നിങ്ങനെ ഏഴ് നിറങ്ങളിലാണ് ഇവി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മുകളിൽ പറഞ്ഞതുപോലെ ഒന്നിലധികം ബാറ്ററി പായ്ക്കുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്. ഓരോന്നിനും റേഞ്ച് വ്യത്യാസപ്പെടും. റിസ്‌തയുടെ ഏറ്റവും താങ്ങാനാവുന്ന പതിപ്പിൽ 2.9 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് സിംഗിൾ ചാർജിന് 105 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 3.7 kWh ബാറ്ററി പായ്ക്ക് ഏകദേശം 125 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫ്രെയിമിൽ ഘടിപ്പിച്ചിരിക്കുന്ന പിഎംഎസ് ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏഥറിന്റെ ഫാമിലി ഇലക്ട്രിക് സ്കൂട്ടർ 3.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് അവകാശപ്പെടുന്നത്. കൂടാതെ മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയും ഇതിലുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ പോലുള്ള എല്ലാ അടിസ്ഥാന സവിശേഷതകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ 12 ഇഞ്ച് അലോയ് വീലുകൾ, ടിഎഫ്‌ടി ടച്ച്-പ്രാപ്‌തമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 34 ലിറ്റർ കാർഗോ ഏരിയ, ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് സ്‌കൂട്ടറിലും ലഭിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ സീറ്റ് പോലുള്ള ഗംഭീര ഫീച്ചറുകളുടെ അകമ്പടി കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. 450 സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഏഥർ റി നിർമിച്ചിരിക്കുന്നതെങ്കിലും തികച്ചും വ്യത്യസ്തമായ രൂപകൽപ്പനയോടെയാണ് ഇതിനെ വേറിട്ടു നിർത്തുന്നത്.


Click it and Unblock the Notifications








