160 കി.മീ. റേഞ്ചുള്ള ഇവിയുടെ ഏത് വേരിയന്റ് വാങ്ങുമെന്ന കൺഫ്യൂഷനോ? ഇതൊന്ന് വായിച്ചാൽ അതെല്ലാം മാറും
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന കമ്പനികളിൽ ഒന്നാണ് ഏഥർ എനർജി. 2019 മുതൽ ബെംഗളൂരൂ വീഥികളിൽ വിജയഗാഥ രചിച്ച ബ്രാൻഡ് കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് വന്നിട്ട് അധികനാളായില്ലെങ്കിലും യൂത്തൻമാർക്കിടയിൽ ഏറ്റവും ഫാൻബേസുള്ള ഇവി ബ്രാൻഡായി മാറാൻ ഏഥറിന് സാധിച്ചിട്ടുണ്ട്. സ്പോർട്ടി ലുക്കും കിടിലൻ പെർഫോമൻസുമാണ് 450 സീരീസിന് ഇത്രയും ജനപ്രിയമാക്കിയത്.
യൂത്തിന് ശേഷം ഏത് പ്രായക്കാർക്കും ഉപയോഗിക്കാനാവുന്ന ഒരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറും കമ്പനി അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. താങ്ങാനാവുന്ന വിലയ്ക്ക് പുറത്തിറക്കിയ റിസ്‌ത എന്ന മോഡലിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച ഇവിക്ക് വലിയ സ്വീകാര്യതയാണ് നേടിയെടുക്കാനായിരിക്കുന്നത്. ഡെലിവറി അധികം വൈകാതെ തന്നെ ആരംഭിക്കാനിരിക്കുന്ന ഏഥർ പല വേരിയന്റുകളിലായാണ് റിസ്‌ത കൊണ്ടുവന്നിരിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമ്മാതാവിൻ്റെ ആദ്യത്തെ ഫാമിലി ഓറിയൻ്റഡ് ഇലക്ട്രിക് സ്കൂട്ടറായതിനാൽ തന്നെ ഒരുപാട് പുതുമകളിം ഇതിലുണ്ട്. നിലവിലുള്ള 450 ശ്രേണിയുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും പുതിയ ഡിസൈൻ ലഭിക്കുന്നുവെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒന്നിലധികം വേരിയൻ്റുകളിൽ വരുന്നതിനാൽ ഏത് വാങ്ങുമെന്ന കൺഫ്യൂഷനും പലർക്കും ഉണ്ടാവും അതെല്ലാം തീർത്ത് റിസ്‌ത വേരിയന്റുകളിൽ എന്തെല്ലാം ലഭിക്കുമെന്ന കാര്യം ഒന്നുനോക്കിയാലോ?
റിസ്‌ത S ബേസ്: 1.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ഏഥറിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്നത്. ഇനി ഇതിൽ അധിക ഫീച്ചറുകൾ ചേർക്കാനാവുന്ന പ്രോ പായ്ക്ക് കൂടി വാങ്ങണമെങ്കിൽ 13,000 രൂപ അധികമായി മുടക്കേണ്ടി വരും. സിയാച്ചിൻ വൈറ്റ് മോണോ, ഡെക്കാൻ ഗ്രേ മോണോ, പാങ്കോങ് ബ്ലൂ മോണോ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളാണ് റിസ്‌തയുടെ S ട്രിമ്മിനുള്ളത്.

8 ജിബി സ്റ്റോറേജ്, 1 ജിബി റാം, 7 ഇഞ്ച് ഡീപ് വ്യൂ ഡിസ്‌പ്ലേ എന്നിവയാണ് റിസ്‌ത S ബേസ് മോഡലിലെ സവിശേഷതകൾ. പ്രോ പാക്കേജ് വാങ്ങിയാൽ സിപ്പ്, സ്മാർട്ട്ഇക്കോ റൈഡ് മോഡുകൾ, ഡാഷ്‌ബോർഡ് ഓട്ടോ-ബ്രൈറ്റ്‌നെസ്, ഓട്ടോ ഹോൾഡ്, ഗൈഡ്-മീ-ഹോം ലൈറ്റുകൾ, ഫാൾ സേഫ്, കോൾ, മ്യൂസിക് കൺട്രോൾ, ESS, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ടോ ആൻഡ് തെഫ്റ്റ് നോട്ടിഫിക്കേഷൻ, പുഷ് നാവിഗേഷൻ, അലക്സ തുടങ്ങിയ സവിശേഷതകളും ഇതിനൊപ്പം ലഭ്യമാവും.
റിസ്‌തയുടെ ബേസ് മോഡലാണെങ്കിലും ഇത്രയും ഫീച്ചറുകൾ കിട്ടുന്നത് വലിയ ഉപകാരമാണ്. കൂടാതെ 4.3kW മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.9kWh ബാറ്ററി പായ്ക്കുമായാണ് ഇത് വരുന്നത്. സിംഗിൾ ചാർജിൽ ഇലക്ട്രിക് സ്‌കൂട്ടർ 123 കിലോമീറ്റർ റേഞ്ചും പരമാവധി 80 കിലോമീറ്റർ വേഗതയുമാണ് വാഗ്ദാനം ചെയ്യുന്നത്. 8 മണിക്കൂർ 30 മിനിറ്റ് സമയമാണ് റിസ്‌ത S വേരിയന്റിന് കമ്പനി അവകാശപ്പെടുന്ന ചാർജിംഗ് സമയം.

റിസ്‌ത Z: 2.9kWh, 3.7kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഈ മിഡിൽ വേരിയന്റ് വിപണിയിൽ എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 1,24,999 രൂപ, 1,44,999 രൂപ എന്നിങ്ങനെയാണ് എക്‌സ്ഷോറൂം വില വരുന്നത്. പ്രോ പായ്ക്ക് തെരഞ്ഞെടുക്കുകയാണെങ്കിൽ റിസ്‌ത Z 2.9kWh മോഡലിന് 15,000 രൂപയും 3.7kWh മോഡലിനായി 20,000 രൂപയും അധികം ചെലവഴിക്കേണ്ടി വരും.
സിയാച്ചിൻ വൈറ്റ് മോണോ, ഡെക്കാൻ ഗ്രേ മോണോ, പാംഗോങ് ബ്ലൂ മോണോ, ഡെക്കാൻ ഗ്രേ ഡ്യുവോ, ഏലം ഗ്രീൻ ഡ്യുവോ, പാങ്കോങ് ബ്ലൂ ഡ്യുവോ, അൽഫോൻസോ യെല്ലോ ഡ്യുവോ എന്നിങ്ങനെ ഏഴ് നിറങ്ങളിൽ റിസ്‌ത Z വാങ്ങാം. 7 ഇഞ്ച് ടിഎഫ്ടി സ്ക്രീൻ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ് എന്നീ സ്റ്റാൻഡേർഡ് ഫീച്ചറുകളാണ് ഈ മിഡിൽ വേരിയന്റിനായി ഏഥർ എനർജി ഒരുക്കിയിട്ടുള്ളത്.

പ്രോ പാക്കിനൊപ്പം ബേസ് മോഡലിലെ എല്ലാ അധിക സവിശേഷതകളും റിസ്‌ത Z പതിപ്പിന് ലഭിക്കുമ്പോൾ അധികമായി മാജിക് ട്വിസ്റ്റ്, സ്‌കിഡ് കൺട്രോൾ, ഡോക്യുമെൻ്റ് സ്റ്റോറേജ്, പിംഗ് മൈ സ്‌കൂട്ടർ, ലൈവ് ലൊക്കേഷൻ ഷെയർ, ഇൻ്റർസിറ്റി ട്രിപ്പ് പ്ലാനർ, റിപ്ലൈ ടു കോൾ, വാട്ട്‌സ്ആപ്പ് എന്നിവ ഫീച്ചറുകളും കിട്ടും. മുകളിൽ പറഞ്ഞതു പോലെ 2.9kWh, 3.7kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകളോടെ റിസ്ത Z വാങ്ങാനാവുക.
ഇതിലെ ചെറിയ ബാറ്ററി പായ്ക്ക് റിസ്‌ത S പതിപ്പിന്റെ അതേ 123 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമ്പോൾ വലുതിന് 160 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. റിസ്‌ത Z മോഡലിന്റെ ഉയർന്ന വേഗതയും മണിക്കൂറിൽ 80 കിലോമീറ്ററാണ്. എന്നിരുന്നാലും വലിയ ബാറ്ററി പായ്ക്കിൻ്റെ ചാർജിംഗ് സമയം ആറ് മണിക്കൂറും പത്ത് മിനിറ്റുമായി ഉയരുന്നുണ്ടെന്ന് ഏഥർ എനർജി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








