ഏത് ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങണമെന്ന കൺഫ്യൂനിലാണോ? മിടുക്കൻ റിസ്‌തയോ ഐക്യൂബോ എന്നറിയാം
ഇലക്‌ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ ഇതുവരെ കാണാത്ത മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏഥർ എനർജി. യൂത്തൻമാർക്കിടയിൽ നിന്നും ഫാമിലി സ്കൂട്ടർ തേടുന്നവരെ കൈയിലെടുക്കാൻ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് റിസ്‌ത എന്നൊരു പുത്തൻ മോഡലുമായി രംഗത്തെത്തുകയുണ്ടായി. സ്‌പോർട്ടി 450 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പ്രായോഗികവും കുറഞ്ഞ വിലയുള്ളതുമായ ഇവിയാണ് റിസ്‌ത.
പുതിയ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. 2024 ജൂലൈ മുതൽ ഡെലിവറിയും ആരംഭിക്കും. ഇന്ത്യയിൽ ടിവിഎസ് ഐക്യൂബിന്റെ വിപണി പിടിക്കുകയാണ് റിസ്‌തയുടെ പ്രധാന ഉദ്ദേശം. അതിനുള്ള എല്ലാത്തരം ചേരുവകളും ചേർത്താണ് പുതിയ ഇവിക്ക് രൂപം കൊടുത്തിരിക്കുന്നത്. എന്നാൽ ടിവിഎസിനെ വെല്ലാൻ ഏഥർ എനർജിയുടെ ഏറ്റവും പുതിയ വൈദ്യുത ഇരുചക്ര വാഹനത്തിനാവുമോ എന്ന് നോക്കിയാലോ?

പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നയാളാണ് നിങ്ങളെങ്കിൽ കൺഫ്യൂഷൻ മാറ്റാനായി ഏഥർ റിസ്‌തയും ടിവിഎസ് ഐക്യൂബും തമ്മിൽ നമുക്ക് ഒന്ന് മാറ്റുരച്ചു നോക്കിയാലോ? രണ്ട് ഇവികളും തമ്മിലുള്ള വില, വേരിയന്റുകൾ, ഫീച്ചറുകൾ, മറ്റ് സവിശേഷതകൾ എന്നിവയെല്ലാം താരതമ്യം ചെയ്യുമ്പോൾ മിടുക്കൻ ആരെന്ന് കൃത്യമായ ഉത്തരം തന്നെ കിട്ടുകയും ചെയ്യും.
എക്സ്ഷോറൂം വില: ആദ്യം വില പറഞ്ഞ് തുടങ്ങുന്നതാവും ഉത്തമം എന്നാണ് തോന്നുന്നത്. പുതിയ ഏഥർ റിസ്‌ത S, Z എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 1.10 ലക്ഷം, 1.45 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മറുവശത്ത് ടിവിഎസ് ഐക്യൂബ് സ്റ്റാൻഡേർഡ്, S, ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാങ്ങാം. ഇതിന്റെ വില 1.10 ലക്ഷം, 1.18 ലക്ഷം, 1.25 ലക്ഷം രൂപ എന്നിങ്ങനെയാണ് വരുന്നത്.

ബാറ്ററിയും റേഞ്ചും: 2.9kWh, 3.7kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് റിസ്‌ത വരുന്നത്. ആദ്യത്തേതിന് സിംഗിൾ ചാർജിൽ 123 കിലോമീറ്റർ റേഞ്ചുണ്ടെന്നാണ് ഏഥർ അവകാശപ്പെടുന്നത്. അതേസമയം ടോപ്പ് എൻഡ് പതിപ്പിന് 160 കിലോമീറ്റർ റേഞ്ചും നൽകാനാവും. 2.9kWh ബാറ്ററി 6.4 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാം, വലിയ 3.7kWh ബാറ്ററി പൂർണമായി ചാർജാവാൻ 4.5 മണിക്കൂർ എടുക്കും. റിസ്‌തയ്ക്ക് പിഎംഎസ്എം ഇലക്ട്രിക് മോട്ടോറും പരമാവധി 80 കിലോമീറ്റർ വേഗതയും ഉണ്ട്.
മറുവശത്ത് ടിവിഎസ് ഐക്യൂബ് 3kWh, 4.5 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളുമായാണ് വരുന്നത്. ആദ്യത്തേത് 100 കിലോമീറ്റർ റേഞ്ചിനൊപ്പം പരമാവധി 78 കിലോമീറ്റർ വേഗവും വാഗ്‌ദാനം ചെയ്യുമ്പോൾ രണ്ടാമത്തേതിന് 155 കിലോമീറ്റർ റേഞ്ചും 82 കിലോമീറ്റർ വേഗതയുമുണ്ട്. 3 kWh ബാറ്ററി 4 മണിക്കൂറിൽ ചാർജ് ചെയ്യാം. വലിയ 4.5 kWh ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 4.3 മണിക്കൂർ എടുക്കും. ഐക്യൂബിന് BLDC ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്.

ഫീച്ചറുകൾ: ടിവിഎസ് ഐക്യൂബിനെ അപേക്ഷിച്ച് ഫീച്ചറുകളുടെ വലിയ നിരയുമായാണ് ഏഥർ റിസ്‌ത വരുന്നത്. എൽഇഡി ലൈറ്റിംഗ്, രണ്ട് റൈഡിംഗ് മോഡുകൾ, റിവേഴ്‌സ് മോഡ്, മാജിക് ട്വിസ്റ്റ്, ഹിൽ ഹോൾഡ്, ട്രാക്ഷൻ കൺട്രോൾ, ഫാൾ-സേഫ് ഫംഗ്‌ഷൻ, സ്‌കിഡ് കൺട്രോൾ വേരിയന്റിനെ ആശ്രയിച്ച് ഡീപ് വ്യൂ എൽസിഡി ഡാഷ് അല്ലെങ്കിൽ TFT ക്ലസ്റ്ററാണ് റിസ്‌തയിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 56 ലിറ്റർ സ്റ്റോറേജ് സ്പേസും ഇവിയുടെ ഹൈലൈറ്റാണ്.
ഇനി ഐക്യൂബിലേക്ക് നോക്കിയാലും മോശമല്ലാത്ത രീതിയിൽ തന്നെയാണ് ടിവിഎസ് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിനെയും ഒരുക്കിയിരിക്കുന്നത്. TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ജിയോ ഫെൻസിംഗ്, റിമോട്ട് ബാറ്ററി ചാർജ് സ്റ്റാറ്റസ്, നാവിഗേഷൻ അസിസ്റ്റ്, ലാസ്റ്റ് പാർക്ക് ലൊക്കേഷൻ, ഇൻകമിംഗ് കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, ആമസോൺ അലക്‌സാ കണക്റ്റിവിറ്റി, രണ്ട് റൈഡ് മോഡുകൾ, 32 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് പോലുള്ള കാര്യങ്ങളെല്ലാം ഐക്യൂബിലുമുണ്ട്.

വലിപ്പവും മെക്കാനിക്കലുകളും: 1812 മില്ലീമീറ്റർ നീളവും 1140 മില്ലീമീറ്റർ ഉയരവും 1285 മില്ലീമീറ്റർ വീൽബേസും 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 119 കിലോഗ്രാം ഭാരവുമാണ് ഏഥർ റിസ്‌തക്കുള്ളത്. ഒപ്പം 780 mm സീറ്റ് ഹൈറ്റും 400 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഇവിയുടെ പ്രത്യേകതയാണ്. പിന്നിൽ മോണോ-ഷോക്ക് സജ്ജീകരണവും മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളുമാണ് സസ്പെൻഷനായി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്‌ക്കും പിന്നിൽ ഡ്രം യൂണിറ്റുമാണ് ഇടംപിടിച്ചിരിക്കുന്നത്.
ഐക്യുബിലേക്ക് വന്നാൽ 1805 mm നീളം, 1140 mm ഉയരം, 645 mm വീതി, 1301 mm വീൽബേസ്, 157 mm ഗ്രൗണ്ട് ക്ലിയറൻസ്, 118 കിലോഗ്രാം ഭാരം, 770 mm സീറ്റ് ഹൈറ്റ് എന്നിവയാണ് ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടറിനുള്ളത്. സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് കിട്ടുക. ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രമ്മുമാണ് ഇവിടെയും ലഭിക്കുക.


Click it and Unblock the Notifications








