ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിൽ ചെറിയൊരു മാറ്റത്തിനൊരുങ്ങി ബജാജ്, സംഭവം സിമ്പിളാണ്
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം അടുത്തകാലത്തായി ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോൾ വില ഉയർന്നു തന്നെ നിൽക്കുന്നതിന് പുറമെ വീടുകളിൽ സോളാർ പാനൽ സാധാരണമായി കൊണ്ടിരിക്കുന്നതുമെല്ലാം ഇവികൾക്ക് ഗുണകരമായി മാറിയിരിക്കുകയാണ്. സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് സെഗ്മെന്റിൽ പണംവാരുന്നതെങ്കിലും ഇരുചക്ര വാഹന വിപണിയിലെ അതികായകൻമാരായ ബജാജും ഹീറോ മോട്ടോകോർപ്പും ടിവിഎസുമെല്ലാം വൈദ്യുത സ്‌കൂട്ടർ വിപണിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ആദ്യമെത്തിയവർ ബജാജായിരുന്നു. ഐക്കണിക് വാഹനമായിരുന്ന ചേതക്കിനെയാണ് ഇവിയാക്കി ബ്രാൻഡ് കെണ്ടുവന്നത്. തുടക്കകാലത്ത് തെരഞ്ഞെടുത്ത മെട്രോ നഗരങ്ങളിൽ മാത്രം ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിപണനം നടത്തിയിരുന്നത്.
പിന്നീട് കൊവിഡ് മഹാമാരി കാരണം വിപുലീകരണ പദ്ധതികളെല്ലാം വൈകുകയായിരുന്നു. എന്നിരുന്നാലും നിലവിൽ എല്ലാ പ്രധാന സ്ഥലങ്ങളിലും ചേതക് ഇവിക്കായി പ്രത്യേക ഡീലർഷിപ്പുകൾ തന്നെ തുറന്നുകൊണ്ടാണ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ ബജാജ് തങ്ങളുടെ ശക്തി തെളിയിക്കുന്നത്. രാജ്യത്തെ ഓരോ ഗ്രാമീണ മേഖലയിൽ പോലും ചേതക് ഇവിയെ ഇപ്പോൾ എത്തിയിട്ടുണ്ട്. ബജാജിന്റെ വണ്ടിയായതിനാൽ വാങ്ങാൻ ആളുകൾ എത്തുന്നുമുണ്ട്.

ഈ മാസം തുടക്കത്തിൽ ചേതക് ഇലക്ട്രിക് സ്കൂട്ടറിൻ്റെ ഏറ്റവും കുറഞ്ഞ വിലയുള്ള പുത്തനൊരു വേരിയന്റ് ബജാജ് ഓട്ടോ പുറത്തിറക്കുകയുണ്ടായി. ബ്ലൂ ലൈൻ 2901 എന്നുപേരിട്ടിരിക്കുന്ന മോഡൽ 95,998 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. സംഗതി ഓക്കെയായിരുന്നുവെങ്കിലും പേരിലെ നമ്പരുകൾ ആളുകളിൽ കൺഫ്യൂഷനുണ്ടാക്കിയിരുന്നു. ഇപ്പോൾ, ഈ പുതിയ സ്റ്റൈൽ മറ്റ് ചേതക് വേരിയൻ്റുകളിലേക്ക് കൂടി എത്തുമെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവരം.
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടോപ്പ്-സ്പെക്ക് ചേതക് പ്രീമിയം മോഡൽ ഉൾപ്പെടെയുള്ളവയെല്ലാം ചേതക് ബ്ലൂ ലൈൻ 3201 എന്ന് പുനർനാമകരണം ചെയ്യപ്പെടും. 'ബ്ലൂ ലൈൻ 2901' എന്താണ് സൂചിപ്പിക്കുന്നതെന്ന് പലർക്കും സംശയം കാണും അല്ലേ. അതെന്താണെന്ന് ഇനി വിശദീകരിച്ചു തരാം. 2019-ൽ അരങ്ങേറിയ ആദ്യത്തെ ഇലക്ട്രിക് ചേതക് പ്ലാറ്റ്‌ഫോമിലാണ് ഈ സ്‌കൂട്ടറുകളെല്ലാം നിർമിച്ചിരിക്കുന്നത് എന്ന വസ്തുതയെയാണ് 'ബ്ലൂ ലൈൻ' പ്രതിനിധീകരിക്കുന്നതെന്ന് ബജാജ് പറയുന്നു.

2901 എന്ന അക്കങ്ങളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ രണ്ട് അക്കങ്ങൾ ബാറ്ററി ശേഷിയെയാണ് സൂചിപ്പിക്കുന്നത്. അവസാന രണ്ട് അക്കങ്ങൾ ട്രിം ലെവലിനെയും സൂചിപ്പിക്കുന്നുവെന്നാണ് ബജാജ് പറയുന്നത്. അതിനാൽ 2.9 kWh ബാറ്ററി പായ്ക്കാണ് ചേതക് ബ്ലൂ ലൈൻ 2901 വഹിക്കുന്നത്. കൂടാതെ വേരിയന്റ് ലെവൽ 01 ആണ്. 3.2 kWh ബാറ്ററി ഉള്ളതിനാൽ ചേതക് പ്രീമിയത്തിന് ബ്ലൂ ലൈൻ 3201 എന്നായിരിക്കും പേരിടുക.
മിക്കവാറും മിഡ്- ചേതക് അർബനെ ബ്ലൂ ലൈൻ 2902 എന്നും വിളിച്ചേക്കാം. എന്തായാലും ഈ മാറ്റങ്ങൾ ആളുകളിൽ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. നിലവിലെ രീതി തുടരുകയാണെങ്കിൽ വേരിയന്റുകളെ തിരിച്ചറിയാനും മറ്റുമെല്ലാം എളുപ്പമുണ്ടാവും. പേരിൽ പരിഷ്ക്കാരം കൊണ്ടുവന്നാലും ഇതെങ്ങനെ വിൽപ്പനയിൽ പ്രതിഫലിക്കുമെന്നതും കണ്ടറിയണം. നിലവിൽ ചേതക് ഇലക്ട്രിക് ശ്രേണി ആരംഭിക്കുന്നത് 95,998 രൂപ വിലയുള്ള ബ്ലൂ ലൈൻ 2901 വേരിയന്റ് മുതലാണ്.

ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മിഡ്-സ്പെക്ക് ചേതക് അർബന് 1.23 ലക്ഷം രൂപയും ചേതക് പ്രീമിയത്തിന് 1.47 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഈ വിലകൾ ഇഎംപിഎസ് സബ്‌സിഡി ഉൾപ്പെടെയുള്ളതാണെന്നും പ്രത്യേകം ഓർമിക്കണേ. ബ്ലൂ ലൈൻ 2901 മോഡലിന് അർബനെ അപേക്ഷിച്ച് ഏകദേശം 20,000 രൂപ കുറവാണ്. ഫ്രണ്ട് സ്റ്റോറേജ് കംപാർട്ട്മെൻ്റ് ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഉപേക്ഷിച്ചതാണ് വിലയിൽ കുറവ് വരാൻ കാരണമായത്.
ഇതിനുപകരം ഓപ്പൺ സ്റ്റോറേജ് ബിന്നുകളാണ് ബജാജ് ചേതക് ബ്ലൂ ലൈൻ 2901 ഇവിയിൽ കൊടുത്തിരിക്കുന്നത്. ചേതക് പ്രീമിയത്തിൽ ലഭ്യമായ റിമോട്ട് കീ ഫോബും ഈ ബേസ് മോഡലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരം ഒരു സാധാരണ കീയും കീ സ്ലോട്ടുമാണ് ഉപയോഗിക്കുന്നത്. എന്നാൽ കളർ ഡിജിറ്റൽ കൺസോൾ, അലോയ് വീലുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ റൈഡറിന്റെ സുഖവും സൗകര്യവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി സവിശേഷതകൾ ചേതക് 2901 വാഗ്ദാനം ചെയ്യുന്നുണ്ട്.
സിംഗിൾ ചാർജിൽ 123 കിലോമീറ്റർ റേഞ്ചാണ് ചേതക് 2901 മോഡലിന് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള 500-ലധികം ഷോറൂമുകളിലൂടെയാണ് ചേതക് ഇപ്പോൾ റീട്ടെയിൽ ചെയ്യുന്നത്. പ്രതിമാസ വിൽപ്പനയിൽ ഏഥർ എനർജിയെ പിന്തള്ളി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായി മാറിയ ബജാജ് പ്രതിമാസം 25,000 ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








