2 ലക്ഷം ആളുകൾ വാങ്ങിയ ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടർ, ഏഥറിനെ വരെ മലർത്തിയടിച്ച് ചേതക് ഇവി
ഇന്ത്യയിൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഏറെക്കാലം മുമ്പേ തന്നെ വിപണയിൽ ഇറങ്ങിയ ആദ്യത്തെ മുഖ്യധാര ടൂവീലർ ബ്രാൻഡുകളിൽ ഒന്നാണ് ബജാജ്. ചേകത് എന്ന ഐക്കണിക് സ്‌കൂട്ടറിനെ വൈദ്യുതീകരിച്ച് കമ്പനി പുറത്തിറക്കിയത് 2019-ലായിരുന്നു. തുടക്കത്തിൽ തെരഞ്ഞെടുത്ത ചില നഗരങ്ങളിൽ മാത്രം വിൽപ്പന ആരംഭിച്ച ബ്രാൻഡ് പക്ഷേ പാൻ ഇന്ത്യനാവാൻ ഏറെക്കാലമെടുത്തു. കൊവിഡ് മഹാമാരിയുടെ വരവാണ് പ്രധാനമായും പദ്ധതിയെല്ലാം കുളമാക്കിയത്. എന്തായാലും ഇപ്പോൾ നാലാൾ അറിയത്തക്ക വിധത്തിൽ ചേതക് ഇവി പ്രശസ്‌തിയാർജിച്ചിട്ടുണ്ട്.
ഫുൾ മെറ്റൽ ബോഡിയിൽ നിർമിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ കൂടിയാണിത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട് വാഹനത്തിന്. ഇതിനിടിയിലിതാ പുതിയൊരു നേട്ടവും കൈവരിച്ച് മുന്നേറുകയാണ് ബജാജ് ചേതക് ഇവി. മറ്റൊന്നുമല്ല, വിപണിയിൽ എത്തിയതിനു ശേഷം 2 ലക്ഷം യൂണിറ്റ് മറികടന്ന റെക്കോർഡാണ് മോഡലിനെ തേടിയെത്തിയിരിക്കുന്നത്.

2024 ജൂണിൽ 16,691 യൂണിറ്റുകളുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് 2 ലക്ഷം ആളുകൾ വാങ്ങിയ ഇലക്‌ട്രിക് സ്കൂട്ടർ എന്ന പദവി ബജാജ് ചേതക് ഇവിക്ക് നേടിയെടുക്കാനായത്. 2023 മാർച്ച് വരെയുള്ള വിൽപ്പന മന്ദഗതിയിലായിരുന്നപ്പോൾ 2024 സാമ്പത്തിക വർഷത്തിൽ മാത്രമാണ് ഡിമാൻഡ് ഉയർന്നത്. മുകളിൽ പറഞ്ഞതു പോലെ തുടക്കകാലത്ത് എല്ലായിടത്തും ലഭ്യമാവാതിരുന്നതാണ് ഈ നേട്ടത്തിലെത്താൻ ഇത്രയും സമയം വേണ്ടിവന്നത്.
കെടിഎം ഷോറൂമുകളിൽ നിന്നാണ് ഇവി സ്കൂട്ടർ ആദ്യം വിപണനം ചെയ്‌തിരുന്നത്. ഒപ്പം പൂനെ, ബെംഗളൂരു എന്നീ രണ്ട് നഗരങ്ങളിൽ മാത്രമാണ് വിൽപ്പന ഒതുങ്ങി നിന്നതും. ആദ്യ 15 മാസത്തെ വിൽപ്പന വെറും 1,587 യൂണിറ്റായിരുന്നു. 2022 സാമ്പത്തിക വർഷം മൊത്തം വിൽപ്പന 8,187 യൂണിറ്റുകൾ നേടിയപ്പോൾ, കഴിഞ്ഞ സാമ്പത്തിക വർഷം ചേതക്കിൻ്റെ എണ്ണം 31,485 യൂണിറ്റായി ഉയർന്നു. അങ്ങനെ പതിയെ ക്ലച്ചുപിടിച്ച ബ്രാൻഡ് പിന്നീട് വിൽപ്പനയുടെ വേഗം വർധിപ്പിക്കുകയും ചെയ്‌തു.

വാഹൻ പോർട്ടലിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് 2024 ജനുവരി മുകൽ ജൂൺ കാലയളവിൽ 66,512 ചേതക്കുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏഥർ എനർജിയെ മറികടന്ന് ബജാജ് ഓട്ടോയ്ക്ക് ഇവി വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് എത്താനും സാഘിച്ചിട്ടുണ്ട്.പുതുതായി എത്തിയ വേരിയന്റുകളും വിൽപ്പന വേഗം വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
ബേസ് 2901 (95,998 രൂപ), മിഡ് അർബേൻ (1.23 ലക്ഷം രൂപ), പുതുക്കിയ പ്രീമിയം വേരിയന്റ് (1.47 ലക്ഷം രൂപ) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇപ്പോൾ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. 2.9 kWh ബാറ്ററി പായ്ക്കാണ് ഇവിക്ക് കരുത്ത് പകരുന്നത്. PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നതിനാൽ 5.3 bhp (4.2 kW) പവറിൽ 20 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

സിംഗിൾ ചാർജിൽ ARAI സാക്ഷ്യപ്പെടുത്തിയ ARAI സാക്ഷ്യപ്പെടുത്തിയ 108 കിലോമീറ്റർ റേഞ്ചാണ് ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. സ്ലോ ചാർജിംഗ് വഴി അഞ്ച് മണിക്കൂറിനുള്ളിൽ ഇ-സ്കൂട്ടർ പൂർണമായും ചാർജ് ചെയ്യാം. ഒരു ഓപ്‌ഷണലായി പോലും ഇതിന് ഫാസ്റ്റ് ചാർജിംഗ് ലഭിക്കുന്നില്ലെന്നത് ഇക്കാലത്ത് വലിയൊരു പോരായ്മയാണ്. എങ്കിലും ബജാജിന്റെ വിശ്വാസവും ഫുൾ-മെറ്റൽ ബോഡി നിർമാണവും വാഹനത്തെ വിപണിയിൽ വേറിട്ടു നിർത്തുന്ന കാര്യമാണ്.
കുറഞ്ഞ വിലയുള്ള വൈദ്യുത സ്കൂട്ടറുകൾക്ക് ഡിമാന്റ് ഏറിയതോടെ ഈ വിഭാഗത്തിലേക്ക് കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയായ ചേതക്കിന്റെ പുത്തൻ പതിപ്പും അടുത്തിടെ അവതരിപ്പിച്ചിരുന്നു. 2.88kWh ബാറ്ററി പായ്ക്കും ചേതക് 2901 എന്നു പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പുത്തൻ മോഡലിന് 95,998 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഡിസൈനിൽ മാറ്റമൊന്നുമില്ലെങ്കിലും അഞ്ച് പുത്തൻ കളർ ഓപ്ഷനുകളിൽ വാഹനം വാങ്ങാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








