85.50 രൂപയ്ക്ക് 70 കി.മീ. മൈലേജ്? ബജാജിന്റെ സിഎൻജി ബൈക്കിന്റെ വില അറിയാൻ ഇനി ദിവസങ്ങൾ മാത്രം
പൾസർ (Pulsar), ഡിസ്‌കവർ (Discover), CT100 അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന കാലമുണ്ടായിരുന്നു ബജാജിന് (Bajaj). ആളുകളെല്ലാം ഷോറൂമിലേക്ക് ഇടിച്ചു കയറിയ ആ കാലം കഴിഞ്ഞുവെങ്കിലും ഇന്നും ജനമനസുകളിൽ നിന്നും പൾസർ മുതലാളി അത്രവേഗമൊന്നും അരങ്ങൊഴിയില്ല. പുതുതലമുറ ബൈക്കുകളിലൂടെ ഇന്നും യൂത്തിന്റെ ഫേവറീറ്റ് ബ്രാൻഡായി മാറാൻ ഇവർക്കാവുന്നുണ്ട്. ഇരുചക്ര വാഹന രംഗത്തിന്റെ വളര്‍ച്ചക്കായി നൂതന സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ഇന്നും ബജാജ് (Bajaj) മുൻനിരയിലുണ്ട്. ഇപ്പോഴിതാ ലോകത്തിലെ തന്നെ ആദ്യ സിഎന്‍ജി ബൈക്ക് (CNG Bike) പുറത്തിറക്കാന്‍ പോവുകയാണ് കമ്പനി.
ഈ വാർത്ത ഇതിനോടകം തന്നെ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയിരിക്കുന്നതിനാൽ മോട്ടോർസൈക്കിൾ വിപണിയുടെ കാത്തിരിപ്പും ഇതിലേക്കായി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിഎൻജി ബൈക്ക് അടുത്ത മാസം അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന വിവരം. നിലവിൽ പരീക്ഷണയോട്ടം ഉഷാറായി നടക്കുന്ന മോഡൽ ചരിത്രം കുറിക്കാൻ തന്നെയാണ് ഒരുങ്ങുന്നത്.

സിഎൻജി മോട്ടോർസൈക്കിൾ അടുത്ത മാസം അവതരിപ്പിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടത്തുകയാണ് ബജാജ്. മുമ്പ് അവതരണം ജൂലൈ 17-നായിരുന്നു പ്രഖ്യാപിച്ചിരുന്നത് എങ്കിൽ അൽപം കൂടി നേരത്തെയാക്കാനാണ് കമ്പനിയുടെ തീരുമാനം. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് ഇന്ധനമായി വരുന്ന മോഡൽ ജൂലൈ അഞ്ചിന് ഇങ്ങെത്തും. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിലാവും ബൈക്ക് പുറത്തിറക്കുക.
ജൂലൈ അഞ്ചിന് എത്തുന്ന സിഎൻജി മോട്ടോർസൈക്കിളിന്റെ ടീസർ ചിത്രവും ബജാജ് ഓട്ടോ പുറത്തുവിട്ടിട്ടുണ്ട്. സിഎൻജി, പെട്രോൾ എന്നിവയ്ക്കായി ഡ്യുവൽ ഫ്യുവൽ ടാങ്ക് പാർട്ടീഷനും ബൈക്കിന് ലഭിക്കുമെന്നാണ് വിവരം. രണ്ട് ഫ്യുവൽ ഓപ്ഷനുകൾക്കിടയിലും യഥേഷ്‌ടം മാറാനും സാധിക്കും. പിന്നെ സുരക്ഷാ നിലവാരത്തിലും പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. അതുപോലെ തന്നെ വില നിർണയവും പ്രധാന പങ്കുവഹിക്കേണ്ടതുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ സിംഗിള്‍ പീസ് സീറ്റ്, ഗാര്‍ഡുകളുള്ള സിംഗിള്‍-പീസ് ഹാന്‍ഡില്‍ബാര്‍, മധ്യഭാഗത്തുള്ള ഫൂട്‌പെഗുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ബള്‍ബ് ഇന്‍ഡിക്കേറ്ററുകള്‍, പിന്നില്‍ സിംഗുലര്‍ ഗ്രാബ് റെയില്‍, എഞ്ചിന്‍ സൈഡ് ലെഗ് ഗാര്‍ഡുകള്‍, ബ്ലാക്ക് എക്സ്ഹോസ്റ്റ് എന്നിവയെല്ലാം വാഹനത്തിലുണ്ടാവും. അപ്‌റൈറ്റ് റൈഡിംഗ് പോസ്ച്ചറാണ് ഈ കമ്മ്യൂട്ടര്‍ ബൈക്കിന് ലഭിക്കുന്നത് എന്നും സിഎൻജി ബൈക്കിന്റെ പരീക്ഷണ ചിത്രങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്.
രാജ്യത്ത് സിഎന്‍ജി ബൈ-ഫ്യുവലില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പ്രിയമേറി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കാറുകളുടെ കാര്യത്തിൽ ഇത് വലിയ വിജയമായെങ്കിലും ഇരുചക്ര വാഹന രംഗത്തേക്ക് വരുമ്പോൾ കാര്യങ്ങൾ എങ്ങനെയാവുമെന്ന് കണ്ടറിയണം. പെട്രോളിന്റെയും ഡീസലിന്റെയും ഉയര്‍ന്ന വിലയാണ് ജനങ്ങള്‍ ബദല്‍ ഇന്ധനങ്ങളിലേക്ക് ചേക്കേറാനുള്ള ഒരു പ്രധാന കാരണം. ഒട്ടോറിക്ഷാ സെഗ്മെന്റിലും സിഎൻജിക്കാണ് ഇപ്പോൾ ആവശ്യക്കാരുള്ളത്.

ഇരുചക്ര വാഹന ഭീമന് സിഎൻജി ത്രീ-വീലറുകൾ നിർമിക്കുന്നതിൽ ഒരു നീണ്ട ചരിത്രമുള്ളതിനാൽ ബൈക്കിന്റെ വികസനത്തിൽ ബജാജിന് കാര്യങ്ങൾ എളുപ്പമായിരുന്നിരിക്കാം. വരാനിരിക്കുന്ന സിഎൻജി മോട്ടോർസൈക്കിൾ ലോകത്തിലെ ആദ്യത്തേതായിരിക്കുമെന്നതിനാൽ തന്നെ ഇതൊരു കൊടുങ്കാറ്റായി മാറുമെന്നാണ് അനുമാനം. ആന്തരികമായി 'ബ്രൂസർ' എന്ന രഹസ്യനാമത്തിലാണ് ബൈക്ക് ഇപ്പോൾ അറിയപ്പെടുന്നത്.
പ്രൊഡക്ഷൻ പതിപ്പിന് എന്തുപേരായിരിക്കും നൽകുക എന്നത് ഇപ്പോഴും ബജാജ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. മിക്കവാറും ബൈക്കിന് ലോഞ്ച് ചെയ്യുമ്പോൾ മറ്റൊരു പേര് ലഭിക്കാനാണ് സാധ്യത കൂടുതൽ. എന്തായാലും ബജാജ് അടുത്തിടെ ട്രേഡ്മാർക്ക് ചെയ്ത ഷോർട്ട്‌ലിസ്റ്റ് ചെയ്ത നെയിംപ്ലേറ്റുകളിൽ ഒന്നായിരിക്കാം സിഎൻജി മോട്ടോർസൈക്കിളിന് ഇടുക. ഇതേ വിഭാഗത്തിലെ പെട്രോൾ മാത്രമുള്ള മോഡലുകളേക്കാൾ 50 ശതമാനം സിഎൻജി ബൈക്കിന്റെ പ്രവർത്തനച്ചെലവ് കുറയുമെന്നാണ് ബജാജ് പറയുന്നത്.
ഇതുതന്നെയാണ് ആളുകളെ ആകർഷിക്കുന്ന കാര്യവും. പ്രത്യേകിച്ച് ഡെലിവറി പോലുള്ള കാര്യങ്ങൾക്ക് ഇവികളെക്കാൾ ലാഭത്തിലും പ്രായോഗികതയിലും ഇവ ഉപയോഗിക്കാനാവും. സിഎന്‍ജി ബൈക്ക് ഒരു കിലോക്ക് 60 മുതല്‍ 70 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് കരുതുന്നത്. 100-150 സിസി കമ്മ്യൂട്ടർ വിഭാഗത്തെയാണ് സിഎൻജി ബൈക്കിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ബജാജ് ആസൂത്രണം ചെയ്യുന്ന പുതിയ ശ്രേണിയിലുള്ള സിഎൻജി ബൈക്കുകളിൽ ആദ്യത്തേതാണ് വരാനിരിക്കുന്ന ബൈക്ക്.


Click it and Unblock the Notifications








