ലോകം കാത്തിരിക്കുന്ന സിഎൻജി ബൈക്ക് നാളെയെത്തും, 100 കി.മീ. മൈലേജുള്ള വണ്ടിക്ക് വില 85,000 രൂപ?
പൾസർ മോഡലുകളിലൂടെ ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയെ കീഴടക്കിയവരാണ് ബജാജ് (Bajaj). യൂത്തൻമാരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട ബൈക്ക് സ്വന്തമാക്കാനായി ഷോറൂമിലേക്ക് ഇടിച്ചു കയറിയ ആ കാലം കഴിഞ്ഞുവെങ്കിലും ഇന്നും ജനമനസുകളിൽ നിന്നും പൾസർ മുതലാളി നിറഞ്ഞുനിൽക്കുന്നുണ്ട്. എല്ലാക്കാലവും ബജാജ് നിരയിൽ വേറിട്ടു നിൽക്കാൻ മോഡലുകൾ ഉണ്ടായിരുന്നുവെന്നതാണ് സത്യം. ചേതക് സ്‌കൂട്ടർ, ഡിസ്‌കവർ, പൾസർ, CT100, പ്ലാറ്റിന അങ്ങനെ വിപ്ലവം തീർത്ത ഇരുചക്ര വാഹനങ്ങളുടെ തലതൊട്ടപ്പൻമാരാണിവർ. ഇപ്പോൾ ലോകത്തിലെ തന്നെ ആദ്യത്തെ സിഎൻജി (CNG) മോട്ടോർസൈക്കിൾ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് ബ്രാൻഡ്.
ഈ വാർത്ത ഇതിനോടകം തന്നെ ഇന്ത്യയുടെ എല്ലാ കോണുകളിലും എത്തിയിരിക്കുന്നതിനാൽ മോട്ടോർസൈക്കിൾ വിപണിയുടെ കാത്തിരിപ്പും ഇതിലേക്കായിട്ടുണ്ട്. ഓരോ ദിവസവും പുത്തൻ ടീസറുകളും മറ്റും പുറത്തുവിട്ട് സിഎൻജി ബൈക്കിന്റെ ഹൈപ്പ് ഉയർത്താനും ബജാജിന് സാധിക്കുന്നുണ്ട്. എന്തായാലും കാത്തിരിപ്പുകൾക്ക് വിരാമിട്ടുകൊണ്ട് നാളെയാണ് ലോകത്തിലെ ആദ്യത്തെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോട്ടോർസൈക്കിൾ വിപണിയിലെത്തുക.

ജൂലൈ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് പുത്തന്‍ ഉല്‍പ്പന്നം ലോകത്തിന് പരിചയപ്പെടുത്തുക. നിലവിൽ വാഗഹനത്തിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ലെങ്കിലും 125 സിസി സെഗ്‌മെന്റിലായിരിക്കും പുതിയ സിഎൻജി ബൈക്ക് അവതരിപ്പിക്കുകയെന്നാണ് വിവരം. കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ മൈലേജ് വിപ്ലവം തന്നെയായിരിക്കും മോഡൽ കൊണ്ടുവരിക. ഏകദേശം 100 കിലോമീറ്റർ മൈലേജ് സിഎൻജിയിൽ കിട്ടുമെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
ഇതേ വിഭാഗത്തിലെ പെട്രോൾ മോട്ടോർസൈക്കിളുകളുമായി താരതമ്യം ചെയ്യുമ്പോൾ സിഎൻജി ബൈക്കിന് പ്രവർത്തനച്ചെലവ് പകുതിയായി കുറയ്ക്കാനാവുമെന്നതാണ് ഹൈലൈറ്റ്. ഇവികളിലേക്ക് മാറുന്ന ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാമെന്നും ബജാജ് മുൻകൂട്ടി കാണുന്നു. ഇലക്ട്രിക്കിനേക്കാൾ പ്രായോഗികമാണെന്നതും പുത്തൻ മോഡലിനെ വേറിട്ടുനിർത്തും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് ഓട്ടോറിക്ഷകൾ നിർമിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ബജാജിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായിട്ടുണ്ടാവും.

ഭാവിയിൽ സിഎൻജി മോട്ടോർസൈക്കിളുകളുടെ ഒരു വലിയ ശ്രേണി തന്നെ പുറത്തിറക്കുക എന്ന ഉദ്ദേശത്തോടെയാണ് ബജാജ് കമ്മ്യൂട്ടർ വിപണി ലക്ഷ്യമിടുന്നത്. കാറുകളിലേതു പോലെ പെട്രോൾ, സിഎൻജി ഓപ്ഷനുകൾ പിന്തുണയ്ക്കുന്നതിനായി എഞ്ചിൻ എങ്ങനെ ക്രമീകരിച്ചിരിക്കുന്നുവെന്നത് രസകരമായ കാര്യമായിരിക്കും. സിഎൻജി, പെട്രോൾ എന്നിവയ്ക്കായി ഡ്യുവൽ ഫ്യുവൽ ടാങ്ക് പാർട്ടീഷനും ബൈക്കിന് ലഭിക്കുമെന്നാണ് വിവരം.
രണ്ട് ഫ്യുവൽ ഓപ്ഷനുകൾക്കിടയിലും യഥേഷ്‌ടം മാറാൻ പ്രത്യേക സ്വിച്ചും നൽകിയിട്ടുണ്ടെന്ന് ടീസറിലൂടെ ബജാജ് വ്യക്തമാക്കിയിരുന്നു. ഈ ബൈ-ഫ്യുവൽ മോട്ടോർസൈക്കിൾ മിക്കവാറും രണ്ട് വേരിയൻ്റുകളിൽ ലഭ്യമാകുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. ബൈ ഫ്യുവല്‍ ഓപ്ഷനിലായിരിക്കും ഈ ബൈക്കും അരങ്ങേറുക എന്നതിനാൽ ഗ്യാസിൽ മാത്രമായിരിക്കില്ല പകരം പെട്രോളിലും ഓടിക്കാൻ സാധിക്കും.

ഏതെങ്കിലും കാരണവശാൽ സിഎൻജി നിറയ്ക്കാനായില്ലെങ്കിൽ സാധാരണ ബൈക്കുകൾ പോലെ പെട്രോളിൽ പ്രവർത്തിക്കുന്നത് പ്രായോഗികമായ കാര്യമായിരിക്കും. നിലവിൽ, സിഎൻജി ബൈക്കിൻ്റെ പേര് നിർമതാക്കൾ സ്ഥിരീകരിച്ചിട്ടില്ല. പുതിയ സിഎൻജി മോട്ടോർസൈക്കിളിന് താങ്ങാനാവുന്ന വിലയുമുണ്ടാവും. ഏകദേശം 85,000 രൂപയ്ക്കും 95,000 രൂപയ്ക്കും ഇടയിലുള്ള എക്സ്ഷോറൂം വിലയാണ് മോഡൽ മിക്കവാറും അവതരിപ്പിക്കുക.
കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ആയതിനാൽ കൂടുതൽ ഇന്ധനക്ഷമത തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും ഈയൊരു രീതിയിൽ വില പിടിച്ചുനിർത്തുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ബജാജിൻ്റെ സിഎൻജി ബൈക്കിന് നേരിട്ടുള്ള എതിരാളികൾ ഉണ്ടാകില്ല. എന്നിരുന്നാലും ഹീറോ, ഹോണ്ട, ടിവിഎസ് എന്നിവയുടെ 100 സിസി മുതൽ 125 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾക്കെതിരെയാവും ഇതിന്റെ മത്സരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








