ഫുൾടാങ്കിൽ 330 കി.മീ. ഓടാം, 95,000 രൂപയ്ക്ക് ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് പുറത്തിറക്കി ബജാജ്
ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ പൾസർ (Pulsar) മോഡലുകളിലൂടെ വിപ്ലവം തീർത്തവരാണ് ബജാജ് (Bajaj). പൾസർ മുതലാളിയെന്നാണ് വിളിപ്പേരെങ്കിലും ചേതക് (Chetak), ഡിസ്‌കവർ (Discover), CT100, പ്ലാറ്റിന (Platina )അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രവം ബജാജിനുണ്ട്. ഇന്ത്യക്കാരുടെ പ്രധാന ആവശ്യമായ മൈലേജ് (Mileage) എല്ലാത്തരത്തിലും നിറവേറ്റിക്കൊടുക്കാൻ തങ്ങളുടെ കമ്മ്യൂട്ടർ മോഡലുകളിലൂടെ ബ്രാൻഡിനായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ എല്ലാ മനുഷ്യരുടേയും നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാനാവാത്ത കാര്യമായി മാറുകയും ചെയ്‌തു. ഓഫീസിൽ പോവാനായാലും മറ്റ് ഏത് ആവശ്യങ്ങൾക്കായാലും ആളുകൾ കൂടുതൽ ആശ്രയിക്കുന്ന ടൂവീലറുകളേയാണ്.
എന്നാൽ പൊള്ളുന്ന ഇന്ധന വില, പണപ്പെരുപ്പം, ജീവിതച്ചെലവ് എന്നിവയ്‌ക്കൊപ്പം തങ്ങളുടെ ബജറ്റ് താളംതെറ്റിയ അവസ്ഥയിലാണ് പലരും. വരുമാനത്തിനനുസരിച്ച് ചെലവ് പിടിച്ചു നിർത്താൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. എന്നിരുന്നാലും വാഹനങ്ങളെ ഉപയോഗിക്കാതിരിക്കാനും വയ്യ. മൈലേജ് മെയിനായിട്ട് കാണുന്നവരെ കൈയിലെടുക്കാനായി ബജാജ് പുതിയൊരു സിഎൻജി മോട്ടോർസൈക്കിളിന് രൂപം കൊടുക്കുന്ന വാർത്ത ഇതിനോടകം തന്നെ ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ.

ലോകം കാത്തിരുന്ന ആ സിഎൻജി ബൈക്ക് ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബജാജിപ്പോൾ. ഫ്രീഡം 125 എന്നറിയപ്പെടുന്ന മോഡൽ ശരിക്കും ഒരു ബൈ-ഫ്യുവൽ ഇരുചക്ര വാഹനമാണ്. ഈ സവിശേഷതയുമായി വരുന്ന ഭൂയിലെ തന്നെ ആദ്യത്തെ മോട്ടോർസൈക്കിളാണിത്. ഫ്രീഡം 125 ഡിസ്ക് എൽഇഡി, ഫ്രീഡം 125 ഡ്രം എൽഇഡി, ഫ്രീഡം 125 ഡ്രം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന സിഎൻജി ബൈക്കിന് 95,000 രൂപയാണ് ഇന്ത്യയിൽ വരുന്ന പ്രാരംഭ വില.
വേരിയന്റ് തിരിച്ചുള്ള വില നോക്കിയാൽ ബേസ് മോഡൽ ഫ്രീഡം 125 ഡ്രമ്മിന് 95,000 രൂപയും, ഫ്രീഡം 125 ഡ്രം എൽഇഡിക്ക് 1.05 ലക്ഷം രൂപയും ഫ്രീഡം 125 ഡിസ്ക് എൽഇഡിക്ക് 1.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. പെട്രോളിലും സിഎൻജിയിലും ഒരേ പോലെ പ്രവർത്തിക്കാനാവുന്ന ബൈ-ഫ്യുവൽ ഇരുചക്ര വാഹനമാണിത് ശരിക്കും. ഇന്ധനക്ഷമതയിലും പ്രവർത്തനച്ചെലവിലും വലിയ കുറവാണ് ഫ്രീഡം 125 കൊണ്ടുവരുന്നത്.

ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഏത് ഇന്ധനത്തിലും പ്രവർത്തിക്കാൻ അനുവദിക്കുന്ന സ്വിച്ചും വാഹനത്തിലുണ്ട്. അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അനുകരിക്കുന്ന തരത്തിലുള്ള ഡിസൈനാണ് ബജാജ് ഫ്രീഡം 125 സിഎൻജി മോട്ടോർസൈക്കിളിനുള്ളത്. കണ്ടാൽ ഒരു കമ്മ്യൂട്ടർ ബൈക്കാണെന്ന് പറയില്ലാത്ത തരത്തിലാണ് രൂപകൽപ്പന. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സൂക്ഷ്മമായ ഫ്ലൈസ്‌ക്രീൻ, വളരെ നീളമുള്ളതും ഉൾക്കൊള്ളുന്നതുമായ സീറ്റ്, മുരടിച്ച ഇന്ധന ടാങ്ക് എന്നിവ ശ്രദ്ധേയമായ ഡിസൈൻ ഹൈലൈറ്റുകളാണ്.
ഉയരമുള്ള ഗ്രൗണ്ട് ക്ലിയറൻസ്, ഹാൻഡിൽ ബാർ ബ്രേസ്, നക്കിൾ ഗാർഡുകൾ, മറ്റ് ആട്രിബ്യൂട്ടുകൾ എന്നിവ ആത്മവിശ്വാസവും അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ ആകർഷണവും ബജാജിന്റെ സിഎൻജി ബൈക്കിന് നൽകുന്നുണ്ട്. ടാങ്ക് കവറുകൾ, എഞ്ചിൻ കൗൾ, പിൻ ടയർ ഹഗ്ഗർ പോലുള്ള ചില മോഡേൺ സംവിധാനങ്ങളും ഫ്രീഡം 125 പതിപ്പിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. അലോയ് വീലുകൾ സ്റ്റാൻഡേർഡ് ആണെങ്കിലും, ടോപ്പ് വേരിയൻ്റുകൾക്ക് ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ഓപ്ഷനും ലഭിക്കും.

ഇതുകൂടാതെ സിഎൻജി, പെട്രോൾ ലെവലുകൾ കാണിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും മാറാൻ അനുവധിക്കുന്ന സ്വിച്ച് ഗിയറിലെ ഒരു പ്രത്യേക ടോഗിളും ബജാജ് ഫ്രീഡം 125 ബൈക്കിന്റെ പ്രത്യേകതയാണ്. 2 കിലോഗ്രാം വരെ ശേഷിയുള്ള സിഎൻജി ടാങ്കാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അത് ബൈക്കിൻ്റെ സെൻട്രൽ ഏരിയയിൽ സമർഥമായി സ്ഥാപിക്കാനും കമ്പനിക്കായിട്ടുണ്ട്.
ഇത് ഭാരം വിതരണം ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്ന കാര്യം കൂടിയാണ്. 2 ലിറ്റർ പെട്രോൾ ടാങ്കാണ് മോട്ടോർസൈക്കിളിനുള്ളതെന്നും ബജാജ് പറഞ്ഞു. സിഎൻജിയുടെയും പെട്രോൾ ടാങ്കിൻ്റെയും കപ്പാസിറ്റി പരിഗണിക്കുമ്പോൾ ഏകദേശം 330 കിലോമീറ്ററോളം സഞ്ചരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഫുൾടാങ്കിൽ സിഎൻജിയിൽ 200 കിലോമീറ്റർ റേഞ്ചും പെട്രോളിൽ 130 കിലോമീറ്റർ റേഞ്ചുമാണ് ബജാജ് പറയുന്നത്.
125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 9.5 bhp പവറും 6,000 ആർപിഎമ്മിൽ 9.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്ക് ബജാജ് വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും ഫ്രീഡം 125 സിഎൻജി മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








