ചിലരേപോലെ കംപ്ലയിന്റ് ഒന്നും വരില്ല, 84,999 രൂപയ്ക്ക് നല്ലൊരു ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യക്കാർക്ക് സുപരിചിതമായി കഴിഞ്ഞിരിക്കുകയാണ്. ഓലയും ഏഥറും പോലുള്ള ബ്രാൻഡുകൾ വിരാജിക്കുന്ന സെഗ്മെന്റിൽ മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും പണംവാരുന്ന സമയമാണിത്. പെട്രോളിന്റെ പൈസ 106 രൂപയായി നിൽക്കുന്നതും മറ്റും ആളുകളെ ഇവിയിലേക്ക് അടുപ്പിക്കുന്നുമുണ്ട്. അത്തരമൊരു കമ്പനിയാണ് യ്‌പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി. രാജ്യത്ത് സ്റ്റോറി എന്ന സ്‌കൂട്ടറിലൂടെയാണ് ഇവർ ജനമനസുകൾ കീഴടക്കിയത്. ഇപ്പോഴിതാ തങ്ങളുടെ ഇവി നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയൊരു മോഡലിനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബാറ്ററി. താങ്ങാനാവുന്ന വിലയും കൊതിപ്പിക്കുന്ന റേഞ്ചുമാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സ്റ്റോറി എപ്പിക് എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് ആഭ്യന്തര വിപണിയിൽ 84,999 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. താങ്ങാനാവുന്ന വിലയാണെങ്കിലും ഒരു പ്രീമിയം സ്‌കൂട്ടറിന്റെ സ്റ്റൈലിലാണ് മോഡലിനെ ഒരുക്കിയിരിക്കുന്നത്. ഒപ്പം കിടിലൻ പെർഫോമൻസ് കൂടി സമന്വയിപ്പിച്ചിരിക്കുന്നതിനാൽ മുടക്കുന്ന പണത്തിനുള്ള മൂല്യവും ഇവി നൽകുന്നുണ്ട്. മൊത്തം 12 കളർ ഓപ്ഷനുകളിൽ ഇ-സ്കൂട്ടർ വാങ്ങാനാവുമെന്നതും ശ്രദ്ധേയമാണ്.

മിഡ്‌നൈറ്റ് ബ്ലാക്ക്, കാൻഡി റെഡ്, ഐസ് ബ്ലൂ, പേൾ വൈറ്റ്, എക്രൂ യെല്ലോ, സ്റ്റോമി ഗ്രേ, സ്റ്റാർലൈറ്റ് ബ്ലൂ, ബ്ലേസിംഗ് ബ്രോൺസ്, ഹണ്ടർ ഗ്രീൻ, കോസ്മിക് ബ്ലൂ, ഗൺമെറ്റൽ ബ്ലാക്ക്, ഗോൾഡ് റഷ് എന്നിവയാണ് ബാറ്ററി സ്റ്റോറി എപിക് ഇലക്‌ട്രിക് സ്കൂട്ടറിലെ കളർ ഓപ്ഷനുകൾ. ഡ്യൂറബിലിറ്റി വർധിപ്പിക്കുന്നതിന് ഇവിയുടെ ബോഡി പാനലുകൾ ലോഹം കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
ബാറ്ററി സ്റ്റോറി എപിക് ഇലക്‌ട്രിക് സ്കൂട്ടറിന് ഒറ്റ ചാർജിൽ 103 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഉണ്ട്. ഇത് ദിവസേനയുള്ള സിറ്റി യാത്രകൾക്കും മറ്റ് ആവശ്യങ്ങൾക്കും മതിയായ കണക്കുകളാണ്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ മണിക്കൂറിൽ 65 കിലോമീറ്ററാണ് ഇലക്ട്രിക് സ്കൂട്ടറിൻ്റെ ഉയർന്ന വേഗത. വാഹനത്തിലെ 60V 40Ah ബാറ്ററി പായ്ക്ക് IP67-റേറ്റഡ് ആയതിനാൽ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണവും ലഭിക്കും.

ബാറ്ററി പായ്ക്ക് ഉടമകൾക്ക് തന്നെ വേർപെടുത്താവുന്നതാണെന്നതും പ്രായോഗികത ഉയർത്തുന്നുണ്ട്. വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് ചാർജ് ചെയ്യാനുള്ള ഇലക്ട്രിക് സോക്കറ്റ് ഇല്ലെങ്കിൽ ഉപഭോക്താവിന് ചാർജ് ചെയ്യാനായി വീട്ടിലേക്ക് ബാറ്ററി എടുത്തുകൊണ്ട് പോവാൻ സാധിക്കും. ഇത് ചാർജിംഗ് എളുപ്പമാക്കുന്ന സംഗതിയാണ്. ബാറ്ററി പായ്ക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം അഞ്ച് മണിക്കൂർ സമയം വേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്.
ബാറ്ററി സ്റ്റോറി എപിക് ഇവിയ്ക്ക് 2.3 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ഇതിന് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നതിനാൽ ആശങ്കയുടെ ആവശ്യവുമില്ല. മാത്രമല്ല, ലിഥിയം അയൺ ബാറ്ററിയാണെന്നതിനാൽ ഏറെക്കാലം ഈടുനിൽക്കുകയും ചെയ്യും. ഫീച്ചറുകളുടെ കാര്യത്തിലും ആള് മോശക്കാരനല്ല. റൈഡർക്ക് വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകാനായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് കൊടുത്തിരിക്കുന്നത്.
ഡിസ്റ്റൻസ് ടു എംടി, ബാറ്ററി താപനില, ചാർജ് ചെയ്യാനുള്ള സമയം തുടങ്ങിയ വിവരങ്ങൾ ഈ ഡിജിറ്റൽ സ്ക്രീനിന് കാണിക്കാനാകും. സ്റ്റോറി എപിക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകൻ നിശ്ചൽ ചൗധരി പറഞ്ഞു. പരിസ്ഥിതി സൗഹാർദ്ദം മാത്രമല്ല, പ്രായോഗികവും വിശ്വസനീയവും യാത്ര ചെയ്യാൻ രസകരവുമായ ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ സ്കൂട്ടറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റോറി എപ്പിക് കൂടാതെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ബാറ്ററിയുടെ നിരയിൽ മൂന്ന് വൈദ്യുത സ്കൂട്ടറുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ വൺ, ലോവ്, സ്റ്റോറി എന്നിവയാണ് ആ മോഡലുകൾ. ഡിസൈനിൻ്റെ കാര്യത്തിൽ സ്റ്റോറിയും എപിക്കും തികച്ചും സമാനമാണെന്ന് വേണം പറയാൻ. രണ്ടും ഒരു റെട്രോ ഇലക്ട്രിക് സ്കൂട്ടറായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








