ബൈക്കിനൊക്കെ ഇങ്ങനെയും വില കുറയ്ക്കാൻ പറ്റുമല്ലേ... ആദായ വിൽപ്പനയുമായി ബെനലിയും കീവേയും
ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിന്റെ വളർച്ച സമാനതകളില്ലാത്തതാണ്. ഇടക്കാലത്തുണ്ടായ ഈ പ്രതിഭാസം എന്തായാലും പ്രീമീയം ബൈക്ക് നിരയ്ക്കാണ് ഗുണമായതെന്നു വേണം പറയാൻ. പുത്തനൊരു മോഡൽ സ്വന്തമാക്കാൻ ഒരുങ്ങിയാൽ പലരും ബജറ്റ് ഇപ്പോൾ 2 ലക്ഷത്തിനും മുകളിൽ പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. ദീർഘകാലം ഉപയോഗിക്കാം എന്നതിനു പുറമെ അത്യാവിശ്യം വന്നാൽ ദീർഘദൂരങ്ങളിലേക്ക് യാത്ര പോവാനും ഉപകരിക്കണം എന്നതാണ് ഇത്തരക്കാരുടെ ഉദ്ദേശം.
ഇതിനായി പലരും തെരഞ്ഞെടുക്കുന്നത് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളുകളാണ്. റോയൽ എൻഫീൽഡാണ് ഇവിടെ കൂടുതലും വിറ്റഴിയുന്നതെങ്കിലും അടുത്തിടെ ധാരാളം ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളും രാജ്യത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. അൽപം പ്രീമിയമായ ബൈക്കുകൾ പോക്കറ്റിന് ഇണങ്ങുന്ന വിലയ്ക്ക് നൽകി ആളുകളെ കൈയിലെടുക്കാനുള്ള പദ്ധതികളാണ് ഇവരിൽ പലരും നടപ്പിലാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ഏറെക്കാലമായി സാന്നിധ്യമുള്ള ബ്രാൻഡാണ് ബെനലി. പണ്ട് ഇറ്റാലിയൻ കമ്പനിയായിരുന്നെങ്കിലും ഇപ്പോൾ ചൈനീസ് ഉടമസ്ഥതയിലാണ് ബ്രാൻഡ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ബെനലിയെ കൊണ്ടുവന്നത് ആദിശ്വർ ഓട്ടോ റൈഡ് എന്ന സ്ഥാപനമാണ്. ഇതുകൂടാതെ കീവേയും ആദിശ്വറിന്റെ കീഴിലാണ് വരുന്നത്. ഇപ്പോഴിതാ കമ്പനി മൂന്ന് മോട്ടോർസൈക്കിൾ മോഡലുകളുടെ വില കുറച്ചതായി അറിയിച്ചിരിക്കുകയാണ്.
വാഹനങ്ങൾക്കെല്ലാം വിലക്കൂടുന്ന ഇക്കാലത്ത് ഇതിന് വിപരീദമായി പ്രവർത്തിക്കുന്നവരാണ് ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ. അടുത്തിടെ സോണ്ടസ് മോഡലുകളുടെ വിലയും സമാന രീതിയിൽ കമ്പനി കുറച്ചിരുന്നു. ഇനി പുതിയ വാർത്തയിലേക്ക് വന്നാൽ ബെനലി ലിയോൺസിനോ 500 പതിപ്പിന് 61,000 രൂപയാണ് ബ്രാൻഡ് വെട്ടിക്കുറച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ഇപ്പോൾ 4.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഈ കഫേ റേസർ സ്വന്തമാക്കാനാവും.

അതേസമയം ബെനലിയുടെ 502C പവർ ക്രൂയിസറിനും അരലക്ഷത്തിന് മുകളിൽ വില വെട്ടിക്കുറച്ചിട്ടുണ്ട്. മുമ്പത്തേതിനേക്കാൾ 60,000 രൂപ കുറച്ചിരിക്കുന്നതിനാൽ മോട്ടോർസൈക്കിൾ ഇപ്പോൾ 5.25 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വീട്ടിലെത്തിക്കാനാവുമെന്ന് ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ അറിയിച്ചു. അടുത്തത് കീവേ K300 N ഇപ്പോൾ 2.29 ലക്ഷം രൂപ വിലയിലാണ് വിപണിയിലെത്തുന്നത്. അതായത് നേക്കഡ് സ്ട്രീറ്റ് സ്പോർട്സ് ബൈക്കിന് 26,000 വിലക്കുറവാണ് ലഭിക്കുന്നതെന്ന് സാരം.
ലിയോൺസിനോ 500, 502C എന്നിവയ്‌ക്കും ബെനലി ഒരേ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ലിക്വിഡ്-കൂൾഡ് ആയ 500 സിസി, പാരലൽ-ട്വിൻ യൂണിറ്റ് ഒരു പവർ മെഷീനാണെന്ന് വേണം പറയാൻ. ഇത് 8,500 ആർപിഎമ്മിൽ 46.8 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 46 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

അതേസമയം മോഡലുകളിൽ ക്വിക്ക് ഷിഫ്റ്റർ ഇല്ലെന്നത് പെർഫോമൻസ് പ്രേമികളെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇനി മറുവശത്ത് കീവേ K300 N പതിപ്പിലേക്ക് വന്നാൽ ഇതിൽ 292.4 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 8,750 ആർപിഎമ്മിൽ 27 bhp പരമാവധി പവറും 7,000 ആർപിഎമ്മിൽ 25 Nm toruqe ഉം നൽകും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ വരുന്നത്.
ഇത് രണ്ടാം തവണയാണ് കീവേ തങ്ങളുടെ K300 N നേക്കഡ് ബൈക്കിനായുള്ള വില കുറക്കുന്നത്. കഴിഞ്ഞ വർഷം കമ്പനി K300 N, K300 R എന്നിവയുടെ വില കുറച്ചു. സ്ട്രീറ്റ്‌ഫൈറ്ററിന് 30,000 വിലക്കുറവാണ് അന്ന് ലഭിച്ചത്. അതേസമയം ഫുൾ ഫെയർഡ് ഓഫറിൻ്റെ വില 55,000 രൂപയോളം കുറക്കുകയും ചെയ്‌തിരുന്നു. ഇതുവരെ കമ്പനി പ്രതീക്ഷിച്ച സ്വീകാര്യതയൊന്നും ലഭിക്കാത്തതിനാലാണ് ഈ വിലക്കുറവ് നടപ്പിലാക്കുന്നതെന്നാണ് പ്രഥമിക അനുമാനം.

വില കുറച്ചതിനാൽ മോട്ടോർസൈക്കിളുകൾ അതത് സെഗ്‌മെൻ്റിൽ കൂടുതൽ ട്രെൻഡാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയാണ് ബൈക്കുകൾ പ്രാദേശികമായി അസംബിൾ ചെയ്യുന്നത്. ഇത് കമ്പനിക്ക് ചിലവ് നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന കാര്യമാണ്. കീവേ ഇന്ത്യയിൽ പ്രീമിയം സ്കൂട്ടറുകൾ, ക്രൂയിസറുകൾ, ആധുനിക ക്ലാസിക് മോട്ടോർസൈക്കിളുകൾ എന്നിവയും വിപണനത്തിന് എത്തിക്കുന്നുണ്ട്.


Click it and Unblock the Notifications








