പണിയുന്നത് ടിവിഎസ്, വിൽക്കുന്നത് ബിഎംഡബ്ല്യു; മാരുതി കാറിന്റെ വിലയുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ നാളെ വരും
രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങൾക്ക് (EV) പ്രചാരമേറിക്കൊണ്ടിരിക്കുകയാണ്. ദൈനംദിന ആവശ്യങ്ങൾക്ക് പെട്രോൾ മോഡലുകളേക്കാൾ ലാഭകരമാണ് ഇവികളെന്ന തിരിച്ചറിവാണ് ആളുകളെ ബാറ്ററി വണ്ടികളിലേക്ക് അടുപ്പിക്കുന്നത്. ഇരുചക്ര വാഹന രംഗത്ത് പച്ച നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളുടെ ആധിപത്യമാണ് ഇപ്പോൾ കാണാനാവുന്നത്. ഓലയും ഏഥറും ബജാജും ഹീറോയുമെല്ലാം ഇലക്ട്രിക്കിലൂടെ പണംവാരുമ്പോൾ ഏത് വാങ്ങണമെന്ന കൺഫ്യൂഷനും ആളുകളിലുണ്ട്. വൈവിധ്യമാർന്ന ഇവികൾ തിരയുന്നവർക്കായി പുതിയൊരു മോഡൽ നാളെ വിപണിയിൽ അവതരിക്കും. അതും ബിഎംഡബ്ല്യുവിന്റെ CE 02 (BMW CE 02)എന്ന വെറൈറ്റി ടൂവീലറാണ് ഇന്ത്യയിലേക്ക് വരാനിരിക്കുന്നത്.
ഇതുവരെ നാം കണ്ടുപരിചയിച്ചിട്ടില്ലാത്ത തരത്തിലുള്ള സ്റ്റൈലിംഗാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതയും. ലോകപ്രശസ്തമായ CE 02 എന്ന ഇലക്ട്രിക് സ്കൂട്ടറുമായി ബവേറിയൻ ബ്രാൻഡ് നിശബ്‌ദ വിപ്ലവത്തിന്റെ പുത്തൻ സാധ്യതകൾ തേടി 2024 ഒക്ടോബർ ഒന്നിന് രാജ്യത്ത് ഇവിയെ പുറത്തിറക്കും. CE 04 ഇവിക്ക് ശേഷം ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഇത്.

മാത്രമല്ല, കമ്പനിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടർ കൂടിയായിരിക്കും ഇത്. CE 04 പൂർണമായ ഇറക്കുമതി ആണെങ്കിലും ബിഎംഡബ്ല്യു CE 02 ഇന്ത്യയിൽ നിർമിച്ചിരിക്കുന്നത് ബവേറിയൻ ബ്രാൻഡിന്റെ ആഭ്യന്തര പങ്കാളിയായ ടിവിഎസ് മോട്ടോർ കമ്പനിയാണ്. ഒരു സ്‌കൂട്ടറിന്റേയും മോട്ടോർസൈക്കിളിന്റേയും സംയോജനമാണ് വരാനിരിക്കുന്ന മോഡൽ എന്നുവേണം പറയാൻ.
വളരെ കുറച്ച് ബോഡി പാനലുകൾ, ഫ്ലാറ്റ് സീറ്റ്, ചങ്കി എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയാൽ തികച്ചും ഫ്യൂച്ചറിസ്റ്റിക്കും മിനിമലിസ്റ്റിക്കുമായ ഡിസൈൻ ഭാഷ്യമാണ് ബിഎംഡബ്ല്യു CE 02 പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ പിന്തുടരുന്നത്. മുൻവശത്ത് അപ്സൈഡ് ഡൌൺ ഫോർക്കുകൾ (USD), പിന്നിൽ മോണോഷോക്ക്, വൈഡ് ആസ്പെക്റ്റ് 14 ഇഞ്ച് വീലുകൾ, 239 മില്ലീമീറ്റർ ഫ്രണ്ട്, 220 മില്ലീമീറ്റർ റിയർ ഡിസ്ക് ബ്രേക്ക് സെറ്റപ്പ് എന്നിവയുൾപ്പെടെയുള്ള പ്രീമിയം ഘടകങ്ങളാൽ വാഹനം സമ്പന്നമാണ്.

ഫീച്ചറുകളിലും പിശുക്കൊന്നും കാണിക്കാതെയാണ് ബിഎംഡബ്ല്യു CE 02 ഇലക്ട്രിക് സ്കൂട്ടർ പണികഴിപ്പിച്ചിരിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള 3.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഇതിൽ പ്രധാനം. സർഫ്, ഫ്ലോ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും പ്രീമിയം ഇവിയിലുണ്ടാവും. എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ്, റിവേഴ്സ് ഗിയർ, കീലെസ് ഓപ്പറേഷൻ എന്നിവയും വാഹനത്തിനെ അടിപൊളിയാക്കും.
ശക്തമായ PMS എയർ കൂൾഡ് ഇലക്ട്രിക് മോട്ടോറാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ CE 02 ഇലക്ട്രിക് സ്കൂട്ടറിന് തുടിപ്പേകാൻ എത്തുന്നത്. ആഗോളതലത്തിൽ 11 kW (14.7 bhp), 4 kW (5.3 bhp). എന്നിങ്ങനെ രണ്ട് ഓപ്ഷനുകനുകളുണ്ടെങ്കിലും ഇന്ത്യയിലെത്തുമ്പോൾ ഏതാവും ഉപയോഗിക്കുകയെന്ന് വ്യക്തമായിട്ടില്ല. ഇവിയുടെ 11 kW പതിപ്പിന് പരമാധി വേഗം 95 കിലോമീറ്ററായാണ് കമ്പനി നിജപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 4 kW പതിപ്പിന് 45 കിലോമീറ്റർ ആണ് പരമാവധി വേഗത. ബാറ്ററി ഓപ്ഷനുകളിൽ 2 kWh യൂണിറ്റും 45 കിലോമീറ്റർ റേഞ്ചും ഉൾപ്പെടുന്നു. സിംഗിൾ ചാർജിൽ 90 കിലോമീറ്റർ റേഞ്ചുള്ള 2 kWh ബാറ്ററി ചേർക്കാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. വിലനിർണയത്തെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ബിഎംഡബ്ല്യു CE 02 ഇലക്ട്രിക് സ്കൂട്ടറിന് CE 04 മോഡലിനേക്കാൾ താങ്ങാനാവുന്ന വിലയായിരിക്കും ഉണ്ടാവുക.
മോഡൽ ഇന്ത്യയിൽ നിർമിക്കുന്നതിനാൽ ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിൽ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടറിന് 5 ലക്ഷം രൂപയിൽ താഴെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇത് ഇപ്പോഴും വിൽപ്പനയിലുള്ള മറ്റ് നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാൾ വളരെ ചെലവേറിയതായതിനാൽ വിൽപ്പന പിടിക്കാൻ എങ്ങനെ സാധിക്കുമെന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








