ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെ പുത്തൻ താരം, ബിഎംഡബ്ല്യു CE 02 ഇവിയുടെ റിവ്യൂ വീഡിയോ ഇതാ
ബിഎംഡബ്ല്യു CE 02 ഇലക്ട്രിക് സ്കൂട്ടറിനെ ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. ആഭ്യന്തര തലത്തിൽ കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ വൈദ്യുത ഇരുചക്ര വാഹനമാണിത്. ഒപ്പം ബ്രാൻഡ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടർ കൂടിയാണിത്. CE 04 പൂർണമായ ഇറക്കുമതി ആണെങ്കിലും ബിഎംഡബ്ല്യു CE 02 ഇന്ത്യയിൽ നിർമിച്ചിരിക്കുന്നത് ബവേറിയൻ ബ്രാൻഡിന്റെ ആഭ്യന്തര പങ്കാളിയായ ടിവിഎസ് മോട്ടോർ കമ്പനിയാണ്. ഒരു സ്‌കൂട്ടറിന്റേയും മോട്ടോർസൈക്കിളിന്റേയും സംയോജനമാണ് ഇവിയെന്ന് പറയാം. ഹൊസൂരിലെ ടിവിഎസ് പ്ലാന്റിലാണ് ഈ പുതിയ പ്രീമിയം ഇലക്ട്രിക് വാഹനം നിർമിക്കുന്നത്.
ലുക്കിൽ CE 04 ഇലക്ട്രിക് സ്കൂട്ടറിന്റെ അതേ ശൈലിയാണ് കുഞ്ഞൻ CE 02 ഇവിയും പന്തുടർന്നിരിക്കുന്നത്. അഡ്വഞ്ചർ ബൈക്കിന്റെയും മങ്കി ബൈക്കിന്റെയും സമ്മിശ്രമായ ഡിസൈൻ നന്നായി വർക്കായിട്ടുണ്ടെന്ന് പറയാം. ഇത്രയും ഉയർന്ന തുക കൊടുത്ത് വാങ്ങുന്ന വാഹനം എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവുമല്ലോ. അത്തരക്കാർക്കായി ഇതാ ബിഎംഡബ്ല്യു CE 02 ഇവിയുടെ റിവ്യൂ വീഡിയോ കാണാം.
വളരെ കുറച്ച് ബോഡി പാനലുകൾ, ഫ്ലാറ്റ് സീറ്റ്, ചങ്കി എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയാൽ തികച്ചും ഫ്യൂച്ചറിസ്റ്റിക്കും മിനിമലിസ്റ്റിക്കുമായ ഡിസൈൻ ഭാഷ്യമാണ് ബിഎംഡബ്ല്യു CE 02 പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ പിന്തുടരുന്നത്. മുൻവശത്ത് അപ്സൈഡ് ഡൌൺ ഫോർക്കുകൾ (USD), പിന്നിൽ മോണോഷോക്ക്, വൈഡ് ആസ്പെക്റ്റ് 14 ഇഞ്ച് വീലുകൾ, 239 മില്ലീമീറ്റർ ഫ്രണ്ട്, 220 മില്ലീമീറ്റർ റിയർ ഡിസ്ക് ബ്രേക്ക് സെറ്റപ്പ് എന്നിവയുൾപ്പെടെയുള്ള പ്രീമിയം ഘടകങ്ങളാൽ വാഹനം സമ്പന്നമാണ്.

3.92kWh എയർ-കൂൾഡ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു CE 02 ഇലക്ട്രിക് സ്കൂട്ടറിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5,000 ആർപിഎമ്മിൽ 14.75 bhp പവറും 1,000 ആർപിഎമ്മിൽ 55 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മിഡ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. 0-50 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്ക് വെറും മൂന്ന് സെക്കൻഡ് മതിയാവും. അതേസമയം 95 കിലോമീറ്ററാണ് പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








