ലുക്കിൽ ആഡംബര ബൈക്കുകൾ മാറിനിൽക്കും, ബിഎംഡബ്ല്യുവിന്റെ ഏറ്റവും കുറഞ്ഞവിലയുള്ള സ്പോർട്‌സ് ബൈക്കിലെ മാറ്റം കണ്ടോ
ബിഎംഡബ്ല്യുവിന്റെ ഒരു ആഡംബര വാഹനം എന്നെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഒട്ടുമിക്ക വണ്ടിഭ്രാന്തൻമാരും. പക്ഷേ വിലയോർക്കുമ്പോൾ അതൊക്കെ സ്വപ്‌നങ്ങൾക്കും അകലെയാണെന്നതാണ് സത്യം. എന്നാൽ ടിവിഎസിനൊപ്പം സഹകരിച്ച് ഇന്ത്യയിൽ ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുന്നവരാണ് ജർമൻ ബ്രാൻഡ് എന്നതിനാൽ ഇതുവഴി ആളുകൾക്ക് ബിഎംഡബ്ല്യുവെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനാവും. ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുമെങ്കിലും സെഗ്മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ പൈസ അത്രയ്ക്ക് കൂടുതൽ ഒന്നുമല്ല. ബിഎംഡബ്ല്യു മോട്ടോറാഡിന് കീഴിൽ നിലവിൽ അനവധി ബൈക്കുകൾ രാജ്യത്ത് എത്തുന്നുണ്ട്. അതിൽ കൂടുതൽ ഫാൻസുള്ള മോഡലാണ് G 310 RR.
ടിവിഎസ് അപ്പാച്ചെ RR310 അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന റീബാഡ്‌ജ്‌ഡ് മോട്ടോർസൈക്കിളാണ് ബിഎംഡബ്ല്യു G 310 RR. അതായത് ഇരുചക്ര വാഹന വിപണിയിലെ മാരുതിയും ടൊയോട്ടയുമാണ് ടിവിഎസും ബിഎംഡബ്ല്യുവുമെന്ന് സാരം. ഇപ്പോഴിതാ സൂപ്പർസ്പോർട്ട് ബൈക്കിനെ കൂടുതൽ ആകർഷകമാക്കാനായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ G 310 RR പതിപ്പിന് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിച്ചിരിക്കുകയാണ്.

റേസിംഗ് ബ്ലൂ മെറ്റാലിക് എന്ന് വിളിക്കപ്പെടുന്ന ഇത് കോസ്മിക് ബ്ലാക്ക് 2, സ്‌പോർട്ട് എന്നീ നിലവിലെ കളർ ഓപ്ഷനുകളോടൊപ്പം വിൽക്കാനാണ് തീരുമാനം. ശരിക്കും പ്രീമിയം മോട്ടോർസൈക്കിളുകളോട് കിടപിടിക്കുന്ന ലുക്കാണ് ഈ നിറം ബിഎംഡബ്ല്യു G 310 RR മോഡലിന് കൊണ്ടുവരുന്നത്. 3.05 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.
ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന സ്‌പോർട്‌സ് ബൈക്കായി ഇത് മാറുന്നുവെന്നതും ശ്രദ്ധേയമാണ്. പുതിയ കളർ ഓപ്ഷനിൽ ഫെയറിംഗിലും ഫ്രെയിമിലും റെഡ് ആക്സൻ്റുകളുള്ള പുതിയ ബ്ലൂ കളറാണ് ബവേറിയൻ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഗോൾഡൻ അപ്സൈഡ് ഡൌൺ ഫോർക്കുകൾക്കൊപ്പം മോട്ടോർസൈക്കിളിൻ്റെ പേര് ഹൈലൈറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന വൈറ്റ് നിറവും കിടിലമാണ്.

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ വലിയ സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളുകൾക്ക് അനുസൃതമായി അതിന്റെ രൂപം നൽകുന്നതാണ് ഏവരെയും ആകർഷിക്കുക. ബൈക്കിന് പരിചിതമായ 313 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച എഞ്ചിന് തെരഞ്ഞെടുക്കുന്ന റൈഡ് മോഡിനെ അപേക്ഷിച്ച് പെർഫോമൻസിലും മാറ്റമുണ്ടാവും.
ട്രാക്ക് മോഡിൽ എഞ്ചിൻ 9,700 ആർപിഎമ്മിൽ 33.53 bhp കരുത്തും 7,700 ആർപിഎമ്മിൽ 27.3 Nm ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ അർബൻ, റെയിൻ മോഡിൽ പവർ കണക്കുകൾ 7,700 ആർപിഎമ്മിൽ 25.44 bhp പവറും 6,700 എൻഎമ്മിൽ 25 Nm ടോർക്കുമായി മാറും. ടിവിഎസ് അപ്പാച്ചെ RR 310 സ്പോർട്‌സ് ബൈക്കുമായി എല്ലാം പങ്കിടുന്നുണ്ടെങ്കിലും തനതായ ശൈലി കൈവരിക്കാനുള്ള പരിഷ്ക്കാരങ്ങൾ മോട്ടോർസൈക്കിളിൽ ബിഎംഡബ്ല്യു നടത്തിയിട്ടുണ്ട്.

ഡിസൈൻ ടിവിഎസ് സൂപ്പർസ്പോർട്ടുമായാണ് പങ്കിടുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. കൂടാതെ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റും ക്ലിയർ വൈസറും ഡിജിറ്റൽ സ്‌ക്രീനും RR310-ന് സമാനമാണ്. ടിഎഫ്ടി സ്‌ക്രീൻ, റൈഡ് ബൈ വയർ സിസ്റ്റം, ഡ്യുവൽ ചാനൽ എബിഎസ്, നാല് റൈഡിംഗ് മോഡുകൾ എന്നീ ഫീച്ചറുകളും ബൈക്കിന്റെ പ്രീമിയം ഫീൽ ഉയർത്തുന്ന കാര്യമാണ്.
ഒരു സ്‌പോർടി മോഡലാണെങ്കിലും ഹാൻഡ്‌ലിംഗ്, ഭാരവിതരണം എന്നിവയെല്ലാം മികവുറ്റതായതിനാൽ ബൈക്ക് സിറ്റി റൈഡിൽ പോലും ഓടിക്കാൻ വളരെ എളുപ്പമാണ്. ഇന്ത്യൻ വിപണിയിൽ കൂടുതൽ സജീവമാവുന്നതിന്റെ ഭാഗമായി ബിഎംഡബ്ല്യു മോട്ടോറാഡ് അടുത്തിടെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയിരുന്നു. CE 04 എന്ന് വിളിക്കപ്പെടുന്ന ഇതിൻ്റെ എക്‌സ്‌ഷോറൂം വില 14.90 ലക്ഷം രൂപയാണ്. ഈ വർഷം സെപ്റ്റംബറിൽ ഡെലിവറികൾ ആരംഭിക്കുന്ന ഇ-സ്കൂട്ടർ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാണ് (CBU) വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








