ഈ ബൈക്ക് ഓടിച്ചാൽ കിട്ടുന്ന ഫീൽ ഒരു എസ്‌യുവിയിലും കിട്ടില്ല, കാറിന്റെ വിലയുള്ള ബിഎംഡബ്ല്യു R 1300 GS
ആഡംബര ബൈക്കുകൾ അരങ്ങുവാഴുന്ന വിപണിയായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ഏതുതരം മോട്ടോർസൈക്കിളുകളും വാങ്ങാൻ ആളുള്ളിടത്തേയ്ക്ക് പ്രമുഖരെല്ലാം കാലുകുത്തിയിട്ടുമുണ്ട്. സൂപ്പർബൈക്കുകൾ എന്ന് കേൾക്കുമ്പേഴേ പലരുടേയും മനസിലേക്ക് ഓടിയെത്തുന്നത് ഡ്യുക്കാട്ടി, കവസാക്കി, ട്രയംഫ്, ഹോണ്ട എന്നീ ബ്രാൻഡുകളുടെ പേരായിരിക്കും. എന്നാൽ ഇക്കൂട്ടത്തിലെ പുലികളാണ് ബിഎംഡബ്ല്യു. ലക്ഷ്വറി കാറുകളിലെ അധിപൻമാരായ ബവേറിയൻ നിർമാതാക്കളുടെ ടൂവീലർ വിഭാഗം പുറത്തിറക്കുന്ന മോഡലുകൾ കണ്ടാൽ ആരായും വാങ്ങാൻ ഒന്ന് മോഹിക്കും. മോളിവുഡിലെ മിക്ക സെലിബ്രിറ്റകളുടേയും തമിഴ് സൂപ്പർസ്റ്റാർ അജിത്ത് കുമാറിന്റെയും ഫേവറീറ്റ് മോട്ടോർസൈക്കിൾ കമ്പനി കൂടിയാണിത്.
ഇപ്പോഴിതാ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ആഭ്യന്തര വിപണിയിൽ ഉയർന്ന നിലവാരമുള്ള R 1300 GS ലക്ഷ്വറി ബൈക്കിനെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. 20.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുതുപുത്തൻ പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ ജർമൻ ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. പഴയ R 1250 GS പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വിലയിൽ 40,000 രൂപയുടെ വർധനവാണ് സംഭവിച്ചിരിക്കുന്നത്.

ലൈറ്റ് വൈറ്റ്, ജിഎസ് ട്രോഫി, ഓപ്‌ഷൻ ജിഎസ് ട്രമാൻ്റുന, ട്രിപ്പിൾ ബ്ലാക്ക് എന്നിങ്ങനെ കളർ ഓപ്ഷനെ അടിസ്ഥാനമാക്കിയാണ് വേരിയന്റുകൾ തിരിച്ചിരിക്കുന്നതും. ഇന്ത്യയിൽ ബിഎംഡബ്ല്യു R 1300 GS മോഡലിൽ അലോയ് വീലുകൾ വാഗ്ദാനം ചെയ്യുന്നില്ല. ഇതിന് പകരം ട്യൂബ്‌ലെസ് ടയറുകളിൽ പൊതിഞ്ഞ സ്പോക്ക് വീലുകൾ ഉപയോഗിച്ചാണ് എല്ലാ മോഡലുകളും വിൽക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് 12 കിലോഗ്രാം ഭാരവും ബൈക്കിന് കുറഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
അങ്ങനെ ഇപ്പോൾ മൊത്തത്തിൽ 237 കിലോഗ്രാം ഭാരമാണ് മോട്ടോർസൈക്കിളിന് വരുന്നതെന്നാണ് കമ്പനി പറയുന്നത്. ടൂറിംഗ് ബൈക്കായതിനാൽ തന്നെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 19 ലിറ്ററാണ്. എൻട്രി ലെവൽ ലൈറ്റ് വൈറ്റ് ഒഴികെയുള്ള എല്ലാ വേരിയൻ്റുകളിലും ജർമൻ ഇരുചക്ര വാഹന നിർമാതാക്കൾ ടൂറിംഗ് പാക്കേജ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഗംഭീര ഫീച്ചറുകളുടെ വലിയൊരു നിരയും കമ്പനി R 1300 GS പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.

അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, നക്കിൾ ഗാർഡ് എക്സ്റ്റെൻഡറുകൾ, ജിപിഎസ് മൗണ്ടിംഗ്, പാനിയർ മൗണ്ടുകൾ, ക്രോംഡ്-ഔട്ട് എക്‌സ്‌ഹോസ്റ്റ് ഹെഡർ പൈപ്പുകൾ മുതലായവ വാഹനത്തിന്റെ ആഡംബരം ഉയർത്തുന്ന കാര്യങ്ങളാണ്. ബൈക്കിന്റെ ട്രിപ്പിൾ ബ്ലാക്ക് പതിപ്പ് മാത്രമാണ് അഡാപ്റ്റീവ് റൈഡ് ഹൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വാങ്ങാനാവുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്റ്റാൻഡേർഡായി തന്നെ ബിഎംഡബ്ല്യു R 1300 GS ഡൈനാമിക്, കംഫർട്ട് പാക്കേജുകളും നൽകുന്നുണ്ട്.
ബൈഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, സെൻ്റർ സ്റ്റാൻഡ്, പ്രോ റൈഡിംഗ് മോഡുകൾ, ഇലക്ട്രോണിക് വിൻഡ്‌സ്‌ക്രീൻ എന്നിവയും അതിലേറെ കാര്യങ്ങളുമാണ് ഇതിലൂടെ കിട്ടുന്നത്. ഗ്രീൻ ആൻഡ് യെല്ലോ കളർ ഓപ്ഷൻ ട്രമാൻ്റുന പതിപ്പിൽ മാത്രമേ ലഭ്യമാവൂ. ഫ്രണ്ട് കൊളിഷൻ വാർണിംഗ്, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ റഡാർ അധിഷ്‌ഠിത സുരക്ഷാ സാങ്കേതികവിദ്യകൾ ടോപ്പ്-ഓഫ്-ലൈൻ ഓപ്ഷൻ 719 ട്രാമുണ്ടാനയിലാണ് ഒരുക്കിയിട്ടുള്ളത്.

ഇക്കോ, റെയിൻ, റോഡ്, എൻഡ്യൂറോ എന്നിങ്ങനെ നാല് റൈഡ് മോഡുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, കീലെസ് ഫംഗ്‌ഷണാലിറ്റി, ഹീറ്റഡ് ഗ്രിപ്പുകൾ, ടയർ പ്രഷർ കൺട്രോൾ തുടങ്ങിയവയാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ലക്ഷ്വറി ബൈക്കിൽ കിട്ടുന്ന മറ്റ് പ്രധാന ഫീച്ചറുകൾ. പുത്തൻ 1,300 സിസി ലിക്വിഡ് കൂൾഡ് ബോക്‌സർ എഞ്ചിനാണ് R 1300 GS മോഡലിന് തുടിപ്പേകുന്നത്.
ഇത് 7,750 ആർപിഎമ്മിൽ 145 bhp പവറും 6,500 ആർപിഎമ്മിൽ പരമാവധി 149 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഷാഫ്റ്റ് ഡ്രൈവ് സിസ്റ്റം ഉപയോഗിക്കുന്ന ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ പെർഫോമൻസ് കണക്കുകളിലെ വർധനവും എടുത്തു പറയേണ്ട കാര്യമാണ്. ഇന്ത്യയിൽ ഹോണ്ട ആഫ്രിക്ക ട്വിൻ, ഡ്യുക്കാട്ടി മൾട്ടിസ്‌ട്രാഡ V4 എന്നിവയുമായാണ് ബിഎംഡബ്ല്യു R 1300 GS മോഡൽ മത്സരിക്കാൻ ഇറങ്ങുന്നത്.


Click it and Unblock the Notifications