ഓലയ്ക്ക് പുതിയൊരു വില്ലൻ, സിംഗിൾ ചാർജിൽ 200 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി
വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമാണ് ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി (Electric Two Wheeler). പെട്രോളിനോട് ഗുഡ്ബൈ പറഞ്ഞ് ഏതെങ്കിലും ഇവിയിലേക്ക് ചേക്കേറിയേക്കാമെന്ന് വിചാരിച്ചാൽ ഏത് വാങ്ങുമെന്ന ആശയക്കുഴപ്പത്തിലായിപ്പോവും നമ്മൾ. അത്രയേറെ പുതിയ മോഡലുകളാണ് ഓരോ ദിവസവും വിപണിയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്. ഓലയും ഏഥറും ഒഖിനാവയും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഇതുവരെ സെഗ്മെന്റ് ഭരിച്ചിരുന്നതെങ്കിൽ ആക്‌ടിവയുടെ വൈദ്യുത പതിപ്പുമായി ഹോണ്ടയും അരങ്ങത്തേക്കിറങ്ങി. ഇതിന് പിന്നാലെയിതാ തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിസ്‌ക് ഇവിയും (Brisk EV) പുത്തനൊരു ഇലക്‌ട്രിക് സ്കൂട്ടറുമായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ്.
ഒറിജിൻ, ഒറിജിൻ പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ബ്രിസ്‌ക് ഇവി ഇന്ത്യക്കായി സമർപ്പിച്ചിരിക്കുന്നത്. സെഗ്‌മെൻ്റിലെ ഏറ്റവും ഉയർന്ന റേഞ്ചുമായിട്ടാണ് ഇരുവരും കടന്നുവരുന്നത് എന്നതാണ് പ്രത്യേകത. ഒപ്പം കിടിലൻ ഫീച്ചറുകളുടെ അകമ്പടിയും കൂടിയാവുമ്പോൾ ഈ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ തരംഗമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. 1.39 ലക്ഷം രൂപയാണ് ബ്രിസ്‌ക് ഒറിജിൻ സീരീസ് ഇവകൾക്ക് മുടക്കേണ്ടതായി വരിക.

ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ ആർക്കും ഇഷ്‌ടപ്പെടുന്ന രൂപമാണ് ബ്രിസ്‌ക് ഇവി ഒറിജിൻ, ഒറിജിൻ പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കുള്ളത്. പാന്തറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സുഗമവും ആധുനികവുമായ രൂപം ഏതുതരം ആളുകളേയും കൈയിലെടുക്കും. ദൈനംദിന ഉപയോഗത്തിന് പ്രായോഗികതയോടെയുള്ള മിശ്രിത ശൈലി കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്.
ഈ അദ്വിതീയവും പരിഷ്കൃതവുമായ ഡിസൈൻ തയാറാക്കാൻ ക്ലേ മോഡലിംഗ് ഉപയോഗിച്ചുവെന്നും തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിസ്‌ക് ഇവി പറയുന്നു. ഈ സ്കൂട്ടറുകളുടെ നിറങ്ങളിലും ചില രസകരമായ സംഗതികൾ ഒളിച്ചിരിപ്പുണ്ടെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. അതായത് പ്രകൃതിയിൽ നിന്നും ഹൈദരാബാദിൻ്റെ സാംസ്കാരിക ഘടകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കളർ ഓപ്ഷനുകൾ അവതരിപ്പിക്കുന്നത്.

ഓഷ്യൻ ഗ്രീൻ, സ്കാർലറ്റ് റെഡ്, ഓപൽ വൈറ്റ്, പാന്തർ ബ്ലാക്ക്, ഫ്രോസ്റ്റ് സിൽവർ, മിസ്റ്റിക് ബ്ലൂ എന്നിവയാണ് ബ്രിസ്‌ക് ഇവി ഒറിജിൻ, ഒറിജിൻ പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് സമ്മാനിച്ചിരിക്കുന്ന കളർ ഓപ്ഷനുകൾ. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ OTA പ്രാപ്‌തമാക്കിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ പോലുള്ള അത്യാധുനിക സവിശേഷതകളുമായാണ് ഒറിജിൻ സ്‌കൂട്ടറുകൾ വരുന്നത്.
ഈ സ്‌മാർട്ട് ഡിസ്‌പ്ലേ, മാപ്പുകൾ വഴിയുള്ള നാവിഗേഷൻ, തടസമില്ലാത്ത കണക്റ്റിവിറ്റി, മെച്ചപ്പെടുത്തിയ റൈഡിംഗ് സൗകര്യത്തിനായി ഒരു റിവേഴ്സ് മോഡ് എന്നിവ നൽകുന്നു. ഫുട്‌ബോർഡിന് കീഴിലുള്ള ബാറ്ററി പ്ലേസ്‌മെൻ്റ് ഒപ്റ്റിമൽ ഭാരം വിതരണം ഉറപ്പാക്കാനും സഹായിച്ചിട്ടുണ്ട്. ഇനി ബാറ്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് വന്നാൽ 4.5 kWh ബാറ്ററിയാണ് ഒറിജിൻ, ഒറിജിൻ പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഹൃദയം.

8.7 bhp പീക്ക് കരുത്തിൽ 160 Nm torque വരെ നൽകാൻ ബ്രിസ്‌ക് ഇവിക്കാവും. സിംഗിൾ ചാർജിൽ 200 കിലോമീറ്റർ റേഞ്ചാണ് ഒറിജിൻ സീരീസിൽ കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി പൂർണമായി ചാർജാവാൻ 7 മണിക്കൂർ സമയവും വേണ്ടിവരും. ഇവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വെറും 333 രൂപ നിരക്കിൽ ബ്രിസ്ക് ഇവിയുടെ വെബ്സൈറ്റിൽ കയറി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പ്രീ-ബുക്ക് ചെയ്യാനാവും.
ഏറ്റവും പുതിയ മോഡലുകളുടെ ഡെലിവറിയെ സംബന്ധിച്ച വിശദാംശങ്ങൾ ബ്രിസ്‌ക് ഇവി ഉടൻ പങ്കിടും. ഒറിജിൻ സീരീസ് എന്തായാലും ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ തരംഗമവാൻ സാധ്യതയുണ്ട്. മികച്ച പെർഫോമൻസ് കണക്കുകൾക്കൊപ്പം ഡിസൈനിലെ മികവും ആളുകൾ പരിഗണിക്കുന്നതിനാൽ ഇരുവരും കഴിവുറ്റതാണെന്ന് സമ്മതിച്ചേ മതിയാവൂ. ഒപ്പം ഒറ്റ ചാർജിൽ 200 കി.മീ. റേഞ്ച് നൽകുന്നതും കിടിലമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








