സ്ഥലത്തെ പ്രധാന പയ്യൻസാവാൻ ബ്രിക്സ്റ്റൺ; 2,999 രൂപയ്ക്ക് പ്രീമിയം ബൈക്കുകളുടെ ബുക്കിംഗ് ആരംഭിച്ചു
സാക്ഷാൽ ചൈനയെ വരെ പിന്തള്ളി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി നമ്മുടെ ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുകയാണ്. ഏതുതരം ടൂവീലറുകളും വാങ്ങാൻ ഇവിടെ ആളുണ്ടെന്നതാണ് രസകരമായ കാര്യം. പ്രീമിയം മോട്ടോർസൈക്കിളുകൾക്കെല്ലാം വൻ ഡിമാന്റായതോടെ ആഗോള കമ്പനികളെല്ലാം രാജ്യത്തേക്ക് പറന്നിറങ്ങുകയും ചെയ്‌തു. വലിയ സൂപ്പർ ബൈക്ക് ബ്രാൻഡുകൾക്ക് പുറമെ കീവേ, QJ മോട്ടോർ എന്നിവരെല്ലാം അടുത്തിടെ ഇന്ത്യയിലെത്തിയ പ്രമുഖ ടൂവീലർ നിർമാതാക്കളാണ്. അതിനാൽ സാധ്യതകളെല്ലാം കൃതൃമായി പഠിച്ച് മറ്റൊരു വിദേശ കമ്പനി കൂടി അരങ്ങേറാൻ പോവുകയാണെന്നതാണ് സന്തോഷം നൽകുന്ന മറ്റൊരു കാര്യം.
ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസാണ് ഇന്ത്യലേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. രാജ്യത്തേക്കുള്ള പ്രവേശനം ബ്രാൻഡ് അടുത്തിടെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ മോഡലുകൾക്കായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിക്‌സ്റ്റൺ. ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC, ക്രോംവെൽ 1200, ക്രോംവെൽ 1200X എന്നിവയുൾപ്പെടെ നാല് മോഡലുകൾ കമ്പനി നവംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും.

ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസിന്റെ ഏതെങ്കിലും മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,999 രൂപ അടച്ച് ബൈക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. വിദേശത്ത് വൈവിധ്യമാർന്ന റെട്രോ ബൈക്കുകൾ പുറത്തിറക്കുന്നതിൽ പേരെടുത്തവരാണിവർ. യൂറോപ്പും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലുമായിരുന്നു ബ്രിക്‌സ്റ്റൺ പ്രധാന ശ്രദ്ധകൊടുത്തിരുന്നത്. KAW വെലോസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യയിലേക്ക് വരുന്നത്.
മഹാരാഷ്ട്രയിലെ കോലാപൂരിൽ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. മോട്രോൺ, മലഗുട്ടി തുടങ്ങിയ മോട്ടോർസൈക്കിൾ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള കെഎസ്ആർ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾ കമ്പനി. കെവിഎംപിഎല്ലുമായി രണ്ട് വർഷത്തെ ആസൂത്രണത്തിന് ശേഷമാണ് തങ്ങളുടെ ഇന്ത്യൻ പ്രവേശനം പ്രഖ്യാപിച്ചതെന്നും ബ്രിക്‌സ്റ്റൺ പറയുന്നു.

പൂനെ/PCMC, മുംബൈ, താനെ, നാസിക്, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി, കോയമ്പത്തൂർ, അഹമ്മദാബാദ്, സൂറത്ത്, വാപി, പാൻജിം എന്നിവയുൾപ്പെടെ 13 നഗരങ്ങളിൽ ഷോറൂം തുറക്കാനാണ് ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് തീരുമാനിച്ചിരിക്കുന്നത്. പിന്നീടുള്ള ഘട്ടത്തിൽ വിപുലീകരിക്കാനും പ്ലാൻ തയാറാണ്. അടുത്ത വർഷം 50 ഔട്ട്‌ലെറ്റുകളായി വികസിപ്പിക്കാനാണ് നീക്കം.
ബ്രിക്‌സ്റ്റണിൻ്റെ ഓസ്ട്രിയൻ ഡിസൈൻ സെൻ്ററിലാണ് ബൈക്കുകൾ വികസിപ്പിക്കുന്നത് എന്നതിനാൽ തന്നെ എന്തെങ്കിലും കാര്യമായി തന്നെ പ്രതീക്ഷിക്കാം. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള കമ്പനിയുടെ പുതിയ പ്ലാന്റിലായിരിക്കും ഇന്ത്യയിലെ നിർമാണം നടക്കുക. ബ്രിക്സ്റ്റൻ മോഡലുകൾ പൂർണമായും ഇന്ത്യയിൽ നിർമിക്കിക്കുന്നതിന് പകരം കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) കിറ്റുകളായി കൊണ്ടുവന്ന് പ്രാദേശികമായി അസംബിൾ ചെയ്യാനാണ് സാധ്യത.

പിന്നീട് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താവും നിർമാണം രാജ്യത്തേക്ക് മാറ്റണമോയെന്ന് തീരുമാനിക്കുക. ഈ വർഷം നാല് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ തയാറെടുക്കുന്നത്. മോഡലുകളെ സംബന്ധിച്ചിടത്തോളം ക്രോസ്ഫയർ മോഡലുകൾ 8,500 ആർപിഎമ്മിൽ 46 bhp കരുത്തും 4,350 ആർപിഎമ്മിൽ 43 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 500 സിസി ട്വിൻ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകാൻ എത്തുക.
ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസിന്റെ ക്രോംവെൽ മോഡലുകളാകട്ടെ 6,500 ആർപിഎമ്മിൽ 82 bhp പവറും 3,100 ആർപിഎമ്മിൽ 108 Nm ടോർക്കും നൽകുന്ന 1,200 സിസി ട്വിൻ സിലിണ്ടർ എഞ്ചിനോടെയാവും നിരത്തിലേക്കെത്തുക. ബ്രിക്‌സ്റ്റണിന്റെ ഇന്ത്യക്കുള്ള വരവ് പണിയാവുന്നത് റോയൽ എൻഫീൽഡിനാണ്. ബുക്കിംഗും കൂടി ആരംഭിച്ചതോടെ എൻഫീൽഡിന് ഉറക്കമില്ലാത്ത രാത്രികളായിരിക്കും വരാനിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








