ഗോൾഡ് സ്റ്റാർ ഇനി ഉദയ്‌പൂർ സുൽത്താൻ, കൊട്ടാരത്തിലേക്ക് സംസ്ഥാനത്തെ ആദ്യ മോഡൽ കൈമാറി
ഒരുകാലത്ത് ഇന്ത്യൻ നിരത്തുകൾ ഭരിച്ചിരുന്ന ഇതിഹാസ മോട്ടോർസൈക്കിളുകളെ എല്ലാം തിരികെ കൊണ്ടുവന്നവരാണ് മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജൻഡ്‌സ്. യെസ്‌ഡി, ജാവ എന്നിവയിലൂടെ മോശമല്ലാത്ത രീതിയിൽ വിൽപ്പന പിടിച്ച ബ്രാൻഡ് മിഡ്-കപ്പാസിറ്റി സെഗ്മെന്റിൽ ബിഎസ്എ എന്ന ബ്രാൻഡിനെയും അടുത്തിടെ രാജ്യത്ത് പുനർജനിപ്പിക്കുകയുണ്ടായി. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവും ബ്രിട്ടീഷ് വ്യാവസായിക പൈതൃകത്തിന്റെ നെടുംതൂണുമായ ബര്‍മിംഗ്ഹാം സ്‌മോള്‍ ആംസ് കമ്പനിക്ക് (ബിഎസ്എ) 1861-ല്‍ സ്ഥാപിതമായത് മുതല്‍ വലിയ ആരാധകവൃന്ദമുള്ള ബ്രാൻഡാണ്. റോയൽ എൻഫീൽഡിന്റെ കുത്തകയായ റെട്രോ ക്ലാസിക് സെഗ്മെന്റിനെ കീശയിലാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ.
അതിനായി കൊണ്ടുവന്നതാകട്ടെ ഗോൾഡ് സ്റ്റാർ 650 എന്ന അതികായകനെയാണ്. ലോകത്തിലെ ഏറ്റവും യോഗ്യനായ സിംഗിള്‍ സിലിണ്ടർ 650 സിസി മോട്ടോർസൈക്കിൾ എന്ന വിശേഷമാണ് ഇതിനെ വേറിട്ടു നിർത്തുന്നത്. അടുത്തിടെ ബൈക്കിന്റെ ഡെലിവറിയും ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഐക്കണിക് ബൈക്കിന്റെ രാജസ്ഥാനിലെ ആദ്യ യൂണിറ്റ് ഉദയ്പൂരിലെ രാജകുമാരൻ ലക്ഷ്യരാജ് സിംഗ് മേവാറിനും കൈമാറിയിരിക്കുകയാണ്.

ക്രിസ്റ്റലുകളും പുരാതന കാറുകളും ഉൾപ്പെടെയുള്ള പൈതൃക പുരാവസ്തുക്കളുടെ വിപുലമായ ശേഖരത്തിന് പേരുകേട്ട രാജകുമാരൻ ഇപ്പോൾ ഈ ഐക്കണിക് മോട്ടോർസൈക്കിൾ തൻ്റെ ശേഖരത്തിലേക്ക് ചേർക്കുകയുണ്ടായി. ഉദയ്പൂരിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിനിടെയായിരുന്നു ബിഎസ്എ ഗോൾഡ് സ്റ്റാർ 650 ഡെലിവറി ചെയ്‌തിരിക്കുന്നതും. ക്ലാസിക് ബ്രിട്ടീഷ് ഡിസൈനും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ട് 2024 ഓഗസ്റ്റ് 15-നാണ് വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഈ മോട്ടോർസൈക്കിൾ 1903 മുതലുള്ള ബിഎസ്എയുടെ പൈതൃകത്തിൻ്റെ തെളിവ് കൂടിയാണ്. കൂടാതെ ബ്രിട്ടീഷ് എഞ്ചിനീയറിംഗ് ചരിത്രത്തിൻ്റെ ഒരു പ്രധാന ഭാഗത്തെ ഗോൾഡ് സ്റ്റാർ 650 പ്രതിനിധീകരിക്കുകയും ചെയ്യുന്നുണ്ട്. ജാവ, യെസ്‌ഡി പോലുള്ള കൾട്ട് ക്ലാസിക്കുകൾ വീണ്ടും വിപണിയേലേക്കെത്തിച്ച കമ്പനി ബിഎസ്എയുടെ വരവോടെ എൻഫീൽഡിനെ ഒതുക്കാമെന്ന പ്രതീക്ഷയിലാണ്.

പൈതൃകവും ആധുനിക കരകൗശലവും ഇഴകലർന്ന ഈ ഐക്കണിക്ക് മോട്ടോർസൈക്കിളിനെ തന്റെ ശേഖരത്തിൽ ഉൾപ്പെടുത്തുന്നത് ഒരു ബഹുമതിയാണെന്ന് ഉദയ്പൂരിർ രാജകുമാരൻ ലക്ഷ്യരാജ് സിംഗ് മേവാർ അഭിപ്രായപ്പെട്ടു. പാരമ്പര്യത്തിൻ്റെയും പുതുമയുടെയും സമ്പൂർണ സംയോജനമാണ് ബിഎസ്എ ഗോൾഡ് സ്റ്റാർ 650 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ല്‍ യുകെ വിപണിയിലൂടെയാണ് ഗോള്‍ഡ് സ്റ്റാര്‍ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയത്.
ശേഷം മറ്റ് യൂറോപ്യന്‍ വിപണികളിലും തുര്‍ക്കി, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഹിറ്റടിക്കുകയും ചെയ്‌തു. ഇതിന് ശേഷമാണ് നമ്മുടെ നിരത്തുകളിലേക്കും വെന്നിക്കൊടി പാറിക്കാൻ ഈ 650 സിസി മോട്ടോർസൈക്കിൾ എത്തുന്നത്. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിലൂടെ മാത്രം ലഭ്യമാക്കിയിരിക്കുന്ന ബിഎസ്എ ഗോൾഡ് സ്റ്റാർ 650 മോഡലിന് 2.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

തെരഞ്ഞെടുക്കുന്ന നിഫത്തിന് അനുസരിച്ച് ഗോൾഡ് സ്റ്റാർ 650 മോട്ടോർസൈക്കിളിന്റെ വിലയിലും മാറ്റമുണ്ടാവും. നിലവിൽ ഹൈലാന്‍ഡ് ഗ്രീന്‍, ഇന്‍സിഗ്‌നിയ റെഡ്, മിഡ്നൈറ്റ് ബ്ലാക്ക്, ഡോണ്‍ സില്‍വര്‍, ലെഗസി സില്‍വര്‍ ഷീന്‍ എന്നീ കളർ ഓപ്ഷനുകളിലാണ് ബൈക്ക് വാങ്ങാനാവുക. ഇതിൽ ഇന്‍സിഗ്നിയ റെഡ്, ഹൈലാന്‍ഡ് ഗ്രീന്‍ കളര്‍ ഓപ്ഷനുകള്‍ക്കാണ് 2.99 ലക്ഷം രൂപ മുടക്കേണ്ടി വരുന്നത്.
മിഡ്നൈറ്റ്, ഡോണ്‍ സില്‍വര്‍ എന്നിവക്ക് 3.12 ലക്ഷം രൂപയും ഷാഡോ ബ്ലാക്കിന് 3.15 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ബിഎസ്എ ഗോൾഡ് സ്റ്റാർ അതിൻ്റെ ക്ലാസിക് ബ്രിട്ടീഷ് സ്റ്റൈലിംഗിൻ്റെ ഭൂരിഭാഗവും നിലനിർത്തിയിട്ടുണ്ട്. ക്രോം വർക്കോടുകൂടിയ മെറ്റൽ ടാങ്കും മെഷീൻഡ് പാർടുസകളും, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും, വീതിയേറിയ ഹാൻഡിൽബാറും മോട്ടോർസൈക്കിളിൻ്റെ സവിശേഷതകളാണ്.
ബിഎസ്എ ഗോൾഡ് സ്റ്റാർ 650 ബൈക്കിന്റെ മിഡ്-സെറ്റ് ഫൂട്ട്‌പെഗുകളും സിംഗിള്‍ പീസ് സീറ്റും സുഖപ്രദമായ റൈഡിംഗ് പോസ്ചറിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റവും ചങ്കി ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫെന്‍ഡറുകളും മോട്ടോര്‍സൈക്കിളിന്റെ ക്ലാസിക് ടച്ചിനെ പൂരകമാക്കുകയും ചെയ്യുന്നുണ്ട്. 652 സിസി, 4 വാള്‍വ്, DOHC സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബിഎസ്എ ഗോള്‍ഡ് സ്റ്റാറിന്റെ ഹൃദയം.
ഈ എഞ്ചിന്‍ 6,000 ആര്‍പിഎമ്മില്‍ 45 bhp പവറും 4,000 ആര്‍പിഎമ്മില്‍ 55 Nm പീക്ക് ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഗോള്‍ഡ് സ്റ്റാറിന് സാധിക്കുമെന്നാണ് ബിഎസ്എ അവകാശപ്പെടുന്നത്. ഇന്ത്യയിലെ 650 സിസി സെഗ്മെന്റിൽ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ട്വിൻ സിലിണ്ടർ ബൈക്കുമായാണ് ഇതിന്റെ മത്സരം.


Click it and Unblock the Notifications








