സ്വാതന്ത്ര്യത്തിന് മുമ്പേ പിറന്ന ബൈക്ക്, എൻഫീൽഡിന്റെ കൊട്ടാരത്തിലേക്ക് രണ്ടാംവരവിനൊരുങ്ങി ഈ കമ്പനി
ലോക മോട്ടോർസൈക്കിൾ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നാണ് ബിഎസ്‌എ. റോയൽ എൻഫീൽഡിന്റെ കുത്തകയായ റെട്രോ ക്ലാസിക് സെഗ്മെന്റിനെ കീശയിലാക്കാനായി പുതുപ്പിറവിയെടുക്കാൻ പോവുകയാണ് ഈ ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ. ഇന്ത്യയിലേക്കുള്ള വരവ് ഏറെക്കാലം മുമ്പേ തന്നെ പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും യാഥാർഥ്യമായി വരാൻ അൽപം സമയം വേണ്ടിവരികയായിരുന്നു. ഇപ്പോഴിതാ 2024 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ നമ്മുടെ നിരത്തുകൾക്കും വസന്തമേകാനായി എത്തുകയാണ് ഈ കമ്പനി. ബിഎസ്എ എന്ന ഐതിഹാസിക ഇരുചക്ര വാഹന ബ്രാൻഡിന് പുതുജീവനേകുന്നത് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്‌സാണ്.
ജാവ, യെസ്‌ഡി പോലുള്ള കൾട്ട് ക്ലാസിക്കുകൾ വീണ്ടും വിപണിയേലേക്കെത്തിച്ച കമ്പനി ബിഎസ്എയുടെ വരവോടെ എൻഫീൽഡിനെ ഒതുക്കാമെന്ന പ്രതീക്ഷയിലാണ്. ഇതിനായി നിയോഗിച്ചിരിക്കുന്നത് ഗോൾഡ് സ്റ്റാർ 650 എന്ന ക്ലാസിക് ബൈക്കിനേയാണ്. റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ 650 പാരലൽ ട്വിൻ മോഡലുമായി മാറ്റുരയ്ക്കാൻ എത്തുന്ന മോട്ടോർസൈക്കിളിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ ബിഎസ്എ ഗോൾഡ് സ്റ്റാർ അതിൻ്റെ ക്ലാസിക് ബ്രിട്ടീഷ് സ്റ്റൈലിംഗിൻ്റെ ഭൂരിഭാഗവും നിലനിർത്തിയിട്ടുണ്ട്. ക്രോം വർക്കോടുകൂടിയ മെറ്റൽ ടാങ്കും മെഷീൻഡ് പാർടുസകളും, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും, വീതിയേറിയ ഹാൻഡിൽബാറും മോട്ടോർസൈക്കിളിൻ്റെ സവിശേഷതകളാണ്. അതുകൂടാതെ സിംഗിൾ പീസ് സീറ്റ്, ട്വിൻ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കർവ്ഡ് ഫെൻഡറുകൾ എന്നിവയും ബിഎസ്എ ഗോൾഡ് സ്റ്റാർ 650 മോഡലിന്റെ മറ്റ് ഹൈലൈറ്റുകളാണ്.
പാരമ്പര്യത്തിൽ വേരൂന്നിയ ഡിസൈൻ ആണെങ്കിലും ബിഎസ്എയുടെ 650 സിസി ബൈക്കിലെ ഫീച്ചറുകൾ മോഡേൺ ടച്ചുള്ളവയാണ്. ട്വിൻ-പോഡ് സെമി-ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററും ഹാലൊജൻ ഹെഡ്‌ലാമ്പും റെട്രോ സ്റ്റൈലിൽ തീർത്തപ്പോൾ ആധുനികതയ്ക്കായി യുഎസ്ബി ചാർജിംഗ് പോർട്ട്, സ്ലിപ്പർ-ക്ലച്ച്, ഡ്യുവൽ-ചാനൽ എബിഎസ് തുടങ്ങിയ സവിശേഷതകൾ ബിഎസ്എ കൊണ്ടുവന്നിട്ടുണ്ട്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മോട്ടോർസൈക്കിളിൽ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, ഡ്യുവൽ റിയർ ഷോക്കുകൾ, 18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ ടയറുകൾ എന്നിവയെല്ലാമാണ് ബിഎസ്എ ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്ക്ക് യൂണിറ്റുകൾ ഉപയോഗിച്ചാണ് ഗോൾഡ് സ്റ്റാർ 650 പതിപ്പിന്റെ ബ്രേക്കിംഗ് നൽകിയിരിക്കുന്നത്.
പുതിയ ബിഎസ്എ ഗോൾഡ് സ്റ്റാർ 650 ഒരു ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. ബിഎസ്എ ഗോൾഡ് സ്റ്റാറിന് ഇൻസിഗ്നിയ റെഡ്, ഡോൺ സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഹൈലാൻഡ് ഗ്രീൻ, സിൽവർ ഷീൻ (ലെഗസി എഡിഷൻ) എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം കളർ ഓപ്ഷനുകൾ ലഭിക്കും. ഇതിന് 213 കിലോഗ്രാം ഭാരവും 1,425 മില്ലീമീറ്റർ വീൽബേസും 780 മില്ലീമീറ്റർ സീറ്റ് ഉയരവും 12 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കുമായിരിക്കും ഉണ്ടാവുകയെന്നാണ് വിവരം.

652 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഓഗസ്റ്റ് 15-ന് വരാനിരിക്കുന്ന ഗോൾഡ് സ്റ്റാർ 640 ക്ലാസിക് മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളുകളിലൊന്നായി ഇതിനെ മാറ്റുന്നുമുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ ലോംഗ്-സ്ട്രോക്ക് എഞ്ചിന് 45 bhp കരുത്തിൽ പരമാവധി 55 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ക്ലാസിക് ലെജൻഡ്‌സ് അവകാശപ്പെടുന്നത്.
213 കിലോ ഭാരവുമാണ് മോട്ടോര്‍സൈക്കിളില്‍ ക്രമീകരിച്ചിരിക്കുന്നത്. ഐക്കണിക്ക് ബ്രിട്ടീഷ് ബ്രാൻഡായ ബിഎസ്എ മോട്ടോർസൈക്കിൾസ് ഗോൾഡ് സ്റ്റാർ 650 വിദേശ വിപണികളിൽ 2021-ലാണ് പുനരവതരിക്കുന്നത്. തുടർന്ന് യൂറോപ്പിൽ ഉൾപ്പടെ 23 രാജ്യങ്ങളിലേക്ക് കമ്പനി തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചിട്ടുമുണ്ട്. 1861-ൽ ബർമിംഗ്ഹാം സ്മോൾ ആംസ് കമ്പനി (ബിഎസ്എ) എന്ന പേരിൽ സ്ഥാപിതമായ ഈ ബ്രാൻഡ് യഥാർഥത്തിൽ തോക്കുകൾ നിർമിക്കുന്ന ബ്രാൻഡായിരുന്നു.
പിന്നീട് 1903-ഓടെ മോട്ടോർസൈക്കിൾ വ്യവസായത്തിലേക്ക് ഇറങ്ങുകയും, 1910-ൽ ആദ്യ മോഡൽ പുറത്തിറക്കുകയുമായിരുന്നു. ഇന്ത്യയിൽ ബിഎസ്എ മോട്ടോർസൈക്കിളുകൾ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ ഇറക്കുമതി ചെയ്യുകയും പലപ്പോഴും സമ്പന്നരായ വ്യക്തികൾക്ക്, പ്രത്യേകിച്ച് പാഴ്സി സമൂഹത്തിനുള്ളിൽ സമ്മാനിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് നമ്മുടെ ടൂവീലർ ഭ്രാന്തൻമാർക്കിടയിൽ ബിഎസ്എ തരംഗമായി മാറുന്നത്.


Click it and Unblock the Notifications








