ഒടിച്ചുമടക്കി കാറിൽ കയറ്റാം, 60 കി.മീ.റേഞ്ചും! അത്ഭുത സൈക്കിളിന്റെ സിനിമാ സ്റ്റൈൽ മോഡലുമായി 'ധോണിക്കമ്പനി'
ഇലക്‌ട്രിക് സൈക്കിളുകൾക്ക് (Electric Bicycle) നല്ല ഡിമാന്റുള്ള കാലമാണിത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ കുറഞ്ഞ ചെലവിൽ അടുത്തുള്ള സ്ഥലങ്ങളിലേക്കെല്ലാം ഓടിയെത്താമെന്നതാണ് ഇവയുടെ പ്രത്യേകത. പെഡൽ ചവിട്ടാൻ മടിയുള്ളവർക്ക് വൈദ്യുതി (Electric) കരുത്ത് ഉപയോഗിച്ചാൽ സ്‌കൂട്ടർ പോലെ കൊണ്ടുനടക്കാനുമാവും. ഇന്നത്തെ ഇന്ധന വിലയെല്ലാം നോക്കുമ്പോൾ ശരിക്കും ഇവ ലാഭകരമാണ്. സ്വന്തമാക്കാനാണേൽ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ വിലയൊന്നും ഇല്ലതാനും. എന്നിരുന്നാലും ലക്ഷങ്ങൾ വില മതിപ്പുള്ള വൈദ്യുത സൈക്കിളുകളും ഇന്ന് വിപണിയിൽ ലഭ്യമാണ് കേട്ടോ. എന്തായാലും ഏത് ബജറ്റിലുള്ള സൈക്കിളുകളും ഉള്ളതിനാൽ വാങ്ങാനും ഇഷ്‌ടം പോലെ ആളുകൾ എത്താറുണ്ട്.
എന്നാൽ എന്തെങ്കിലും പുതുമയുള്ളത് വാങ്ങിയാലോ എന്ന് ചിന്തിക്കുന്നവർക്ക് വേണ്ടി ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായുള്ള ഇമോട്ടോറാഡ്. ഫാറ്റ് ടയർ പതിപ്പുകളിൽ കൂടുതലും ശ്രദ്ധകൊടുത്തിരിക്കുന്ന ഈ ബ്രാൻഡിന്റെ പേര് പലരും കേട്ടിട്ടുണ്ടാവും. അടുത്തിടെ ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ എംഎസ് ധോണിയുടെ പേരിനൊപ്പവും ഈ പേര് കേട്ടിട്ടുണ്ടാവും.

ഇവി സ്റ്റാർട്ടപ്പായ ഇമോട്ടോറാഡിൽ ധോണി നിക്ഷേപം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോഴിതാ പൂനെ ആസ്ഥാനമായുള്ള ഇലക്ട്രിക് സൈക്കിൾ കമ്പനിയായ ഇമോട്ടോറാഡ് ഒരു ലിമിറ്റഡ് എഡിഷൻ ഇ-സൈക്കിൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന പ്രഭാസ് ചിത്രമായ കൽക്കി സിനിമയുടെ തീം പിടിച്ചാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ പുരാണങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു ഏകാധിപത്യ വരേണ്യവർഗം ഭരിക്കുന്ന ഒരു ഡിസ്റ്റോപ്പിയൻ സമൂഹത്തിൻ്റെ കഥയാണ് വിവരിക്കുന്നത്.
ജൂൺ അവസാനത്തോടെ ചിത്രം ലോകമെമ്പാടും റിലീസിന് തയാറെടുക്കുമ്പോഴാണ് ഇമോട്ടോറാഡ് കൽക്കി ലിമിറ്റഡ് എഡിഷൻ ഡൂഡിൽ V3 ഇലക്‌ട്രിക് സൈക്കിൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇത് ചിത്രത്തിൻ്റെ ചലനാത്മകവും സാഹസികവുമായ മനോഭാവം പകർത്താൻ ഉദ്ദേശിച്ചുള്ള ഫോൾഡബിൾ ഇ-സൈക്കിളാണ്. ഇമോട്ടോറാഡിൻ്റെ നൂതന എഞ്ചിനീയറിംഗും സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ ഘടകങ്ങളും സംയോജിപ്പിച്ചാണ് ഈ ലിമിറ്റഡ് എഡിഷൻ വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.

12.75 Ah ലിഥിയം-അയൺ റിമൂവബിൾ ബാറ്ററിയാണ് കൽക്കി ലിമിറ്റഡ് എഡിഷൻ ഡൂഡിൽ V3 ഇലക്ട്രിക് സൈക്കിളിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
ഫോൾഡബിൾ-ഫ്രെയിൽ നിർമിച്ചെടുത്തിരിക്കുന്നതിനാൽ മടക്കിയെടുത്ത് എവിടെയും കൊണ്ടുപോവാനുള്ള പ്രായോഗികതയും ഇതിന് ലഭിക്കുന്നു. മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിൽ പോവാനാവുന്ന മോഡലിന് 36V 250W റിയർ ഹബ് ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.
ഈ കോമ്പിനേഷൻ ഒറ്റ ചാർജിൽ 60 കിലോമീറ്ററിലധികം റേഞ്ച് നൽകുമെന്നും ഇമോട്ടോറാഡ് പറയുന്നുണ്ട്. IP X5 വാർട്ടർ റെസിസ്റ്റൻസ് ശേഷിയും ഇവിയുടെ ബാറ്ററി പായ്ക്കിനുണ്ട്. രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് കൈവരിക്കാനാവുന്ന ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനാണ് ഇതിനൊപ്പം വാഗ്‌ദാനം ചെയ്യുന്നത്. സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സവിശേഷമായ ഗ്രാഫിക്സും കളർ ഓപ്ഷനുമാണ് ഇലക്‌ട്രിക് സൈക്കിളിൽ അവതരിപ്പിക്കുന്നത്.

എല്ലാ ഭൂപ്രദേശങ്ങളിലും സ്ഥിരതയും സൗകര്യവും ഉറപ്പുനൽകുന്ന ഷിമാനോ ടൂർണി TZ500 7 സ്പീഡ് ഗിയർ സെറ്റും നാല് ഇഞ്ച് ഫാറ്റ് ടയറുകളും ഡൂഡിൽ V3 ഇലക്ട്രിക് സൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെഡൽ അസിസ്റ്റ്, ആക്‌സിലറേറ്റ്, പെഡൽ മോഡ് എന്നിവയുൾപ്പെടെ അഞ്ച് റൈഡിംഗ് മോഡുകളും ഇതിലുണ്ട്. എൽസിഡി ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ് പോർട്ട് പോലുള്ള ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
20 ഇഞ്ച് സ്‌പോക്ക് വീലുകളും ഫാറ്റ് ടയറുകളും ഉള്ള 16 ഇഞ്ച് അലുമിനിയം അലോയ് ഫ്രെയിമാണ് ഇമോട്ടോറാഡ് ഡൂഡിൽ V3 ഇലക്ട്രിക് സൈക്കിളിന് ലഭിക്കുന്നത്. ഇതിന്റെ ടഫ്, ഫാറ്റ് ടയറുകൾ ഇലക്ട്രിക് ബൈക്കിനെ സ്ഥിരതയുള്ളതും ഏത് ഭൂപ്രദേശത്തും സഞ്ചരിക്കാനും പ്രാപ്തവുമാക്കുന്ന കാര്യം കൂടിയാണ്. ഡൂഡിൽ V3 മോഡലിന് ഡിസ്‌ക് ബ്രേക്കുകളുമുണ്ട്. കൽക്കി ലിമിറ്റഡ് എഡിഷൻ ഡൂഡിൽ V3 ഇ-സൈക്കിളിന് 55,999 രൂപയാണ് ഇന്ത്യയിൽ വരുന്ന വില.
താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,898 രൂപയ്ക്ക് ഇലക്‌ട്രിക് സൈക്കിൾ പ്രീ-ബുക്ക് ചെയ്യാനും സാധിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, ഓഫ്‌ലൈൻ ഡീലർഷിപ്പുകൾ എന്നിവയിൽ നിന്നും ഡൂഡിൽ V2 വാങ്ങാനാവും. എന്നാൽ കൽക്കി എഡിഷന്റെ വിപണനം ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിലൂടെ ഉണ്ടാവുമോയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








