അടിച്ചല്ല, ചവിട്ടി ഫിറ്റാവാം! ഇലക്‌ട്രിക്കിലും ഓടിക്കാവുന്ന 40 കി.മീ. റേഞ്ചുള്ള സൈക്കിളുമായി ധോണിക്കമ്പനി
ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ചെറുപ്പത്തില്‍ സൈക്കിള്‍ അഭ്യാസം പഠിക്കുന്നത് നമ്മുടെ ശീലങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ സൈക്കിളോടിക്കാൻ അറിയാൻ വയ്യാത്തവർ നമുക്കിടയിൽ കുറവാണ്. ഇലക്‌ട്രിക് സ്‌കൂട്ടറുകളെ പോലെ തന്നെ ഇന്ത്യയിൽ ഇലക്‌ട്രിക് സൈക്കിളുകൾക്കും (Electric Cycle) ഡിമാന്റ് ഏറിവരികയാണിപ്പോൾ. വീടിനടുത്തുള്ള കടയിൽ പോവാനാണെങ്കിലും സൈക്കിളിംഗിനായാലും കൂട്ടുകാരുമൊത്ത് കമ്പനിയടിക്കാൻ പോവാനുമെല്ലാം ഇത്തരം സൈക്കിളുകൾ എത്രമാത്രം അനുയോജ്യമാണെന്ന് പലരും മനസിലാക്കി കഴിഞ്ഞു. ഒപ്പം ആരോഗ്യവും മെച്ചപ്പെടും. ചവിട്ടി മടുത്തുവെങ്കിൽ വൈദ്യുതി കരുത്തിൽ തിരിച്ച് വീട്ടിലെത്താമെന്നതും ഇവയുടെ ഹൈലൈറ്റാണ്. പെഡൽ ചവിട്ടാൻ മടിയുള്ളവർക്ക് വൈദ്യുതി കരുത്ത് ഉപയോഗിച്ചാൽ സ്‌കൂട്ടർ പോലെ കൊണ്ടുനടക്കാനുമാവും.
അതിനാൽ ഇലക്ട്രിക് സൈക്കിളുകൾ വാങ്ങാൻ നിരവധി പേരാണ് വിപണിയിലുള്ളത്. ഡിമാന്റ് ഏറുന്നതിനനുസരിച്ച് വൈവിധ്യമാർത്ത പുത്തൻ സൈക്കിളുകൾ കൊണ്ട് സമ്പന്നമാവുന്നുമുണ്ട് നമ്മുടെ രാജ്യം. നിരവധി പ്രമുഖ കമ്പനികൾ ഇന്നീ രംഗത്ത് നിന്നും പണംവാരുന്നുണ്ട്. അക്കൂട്ടത്തിലെ പ്രധാനിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകനായ എംഎസ് ധോണിയുടെ ഇമോട്ടോറാഡ്.

അടിക്കടി പുതിയ മോഡലുകൾ പുറത്തിറക്കി കമ്പനി വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ടി-റെക്സ് പ്രോ ശ്രേണിയിലുള്ള സൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ഇമോട്ടോറാഡ്. 52,999 രൂപ മുതൽ 79,999 രൂപ വരെയുള്ള വിലയിലാണ് ടി-റെക്സ് പ്രോ ബൈക്കുകൾക്ക് മുടക്കേണ്ടി വരുന്നത്. വില ഉയർന്നതായി തോന്നാമെങ്കിലും അതിനുള്ള സംവിധാനങ്ങളെല്ലാം ഇതിൽ കിട്ടുമെന്നതാണ് പ്രധാന ഹൈലൈറ്റ്.
ഇന്റഗ്രേറ്റഡ് ഹാൻഡിൽബാറാണ് ഇലക്ട്രിക് സൈക്കിളിൻ്റെ പ്രധാന സവിശേഷത. ഇൻഡിക്കേറ്ററുകൾ, ഫ്ലാഷ് ലൈറ്റ് ഫംഗ്‌ഷൻ, ഹോൺ, എൽസിഡി ഡിസ്‌പ്ലേ എന്നിവയെല്ലാം ഒരൊറ്റ ഹാൻഡിൽബാർ യൂണിറ്റിൽ സംയോജിപ്പിച്ച് ഇമോട്ടോറാഡ് വിസ്‌മയം തീർത്തിരിക്കുകയാണ്. ഡിസൈൻ, പെർഫോമൻസ്, സേഫ്റ്റി എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാനാണ് ടി-റെക്സ് പ്രോ ശ്രേണിയിലൂടെ കമ്പനി ഉന്നംവെക്കുന്നത്.

ഹാർഡ്‌ടെയിൽ മൗണ്ടൻ-ടെറൈൻ ബൈക്കിനെ (MTB) അടിസ്ഥാനമാക്കിയുള്ളതാണ് ഇതിന്റെ ഫ്രെയിം ആകൃതിയെന്നതും ആരേയും അടുപ്പിക്കുന്ന സംഗതിയാണ്. 27.5 ഇഞ്ച്, 29 ഇഞ്ച് എന്നിങ്ങനെ വ്യത്യസ്‌ത വീൽ സൈസുകളിലും ഇമോട്ടോറാഡ് ടി-റെക്സ് പ്രോ ഇലക്ട്രിക് സൈക്കിൾ സ്വന്തമാക്കാനാവും. 27.5 ഇഞ്ച് വീൽ വേഗത്തിലുള്ള ആക്സിലറേഷൻ നൽകുമ്പോൾ 29 ഇഞ്ച് വീലുകൾ ദീർഘദൂര യാത്രകളിൽ കൂടുതൽ കാര്യക്ഷമത നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സൈക്കിളിന്റെ റിമ്മുകൾ ഇരട്ടപാളിയുള്ളതും അലൂമിനിയം കൊണ്ട് നിർമിച്ചതുമാണെന്നതിനാൽ ഓഫ്-റോഡിംഗിനും അനുയോജ്യമാണ്. അലൂമിനിയം അലോയ് 6061 ഫ്രെയിമിൽ നിന്നാണ് ഇലക്ട്രിക് സൈക്കിൾ നിർമിച്ചിരിക്കുന്നത്. എല്ലാ ഫ്രെയിമുകളിലും ആജീവനാന്ത വാറണ്ടിയാണ് ഇമോട്ടോറാഡ് വാഗ്ദാനം ചെയ്യുന്നതും. ഓട്ടോ ത്രോട്ടിൽ കട്ട്-ഓഫ് ഫീച്ചറുള്ള ഡിസ്‌ക് ബ്രേക്കുകളാണ് ടി-റെക്സ് പ്രോ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാൽ എനർജി പാഴാകില്ല.

ഒപ്പം ഇത് മെച്ചപ്പെട്ട കൺട്രോളും സേഫ്റ്റിയും ഉറപ്പാക്കുകയും ചെയ്യും. 7-സ്പീഡ് ഷിമാനോ ആൾട്ടസാണ് റിയർ ഡെറില്ലറായി ഉപയോഗിച്ചിരിക്കുന്നത് ഇത് മിഡ്-റേഞ്ച്, ഇക്കണോമിക് ഡ്രൈവ്ട്രെയിൻ ആണ്. ബൈക്കിൻ്റെ ക്രാങ്കിൽ ഒരു വേരിയബിൾ സ്പീഡ് ഫങ്ഷണാലിറ്റിയും വാഗ്ദാനം ചെയ്യുന്നില്ല. ഇലക്ട്രിക് സൈക്കിളിന് 250 വാട്ട്സ് റേറ്റഡ് റിയർ-ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.
ഇത് 13 Ah ശേഷിയുള്ള 36 വോൾട്ട് ലിഥിയം-അയൺ ബാറ്ററിയുമായി ജോടിയാക്കിയിരിക്കുന്നു. ടി-റെക്സ് പ്രോയിൽ പെഡൽ ഉപയോഗിച്ച് യാത്ര ചെയ്യുകയാണെങ്കിൽ പരമാവധി 70 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് ഇമോട്ടോറാഡ് പറയുന്നത്. ഇലക്ട്രിക് കരുത്ത് മാത്രം ഉപയോഗിച്ചാൽ ബാറ്ററിയിൽ മാത്രം 45 കിലോമീറ്റർ റേഞ്ചും ലഭിക്കും. കാലാവസ്ഥയ്ക്കും വ്യക്തിഗത മുൻഗണനകൾക്കും അനുസൃതമായി ക്രമീകരിക്കാവുന്ന അഞ്ച് വ്യത്യസ്ത മോഡുകളും ഇതിലുണ്ട്.
ഇലക്ട്രിക് സൈക്കിൾ പൂർണമായി ചാർജ് ചെയ്യാൻ നാല് മുതൽ ആറ് മണിക്കൂർ വരെ സമയമെടുക്കും. ടി-റെക്സ് പ്രോയുടെ സുരക്ഷാ സവിശേഷതകളിൽ ഓട്ടോ കട്ട്-ഓഫ് ബ്രേക്ക് ലിവറുകൾ, ഹൈ, ലോ ബീം ഓപ്ഷനുകളുള്ള ഹാൻഡിൽബാർ ഇന്റഗ്രേറ്റഡ് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ബ്രേക്ക് ലൈറ്റുകൾ എന്നിവയും ഇമോട്ടോറാഡിന്റെ പുത്തൻ ഇലക്ട്രിക് സൈക്കിളിലുണ്ട്.
മുൻവശത്തെ ഹാൻഡിൽബാറിന് ഇൻ-ബിൽറ്റ് ഹോൺ, ഫ്ലാഷ്ലൈറ്റ്, ആംബിയൻ്റ് ലൈറ്റ് ക്രമീകരണം എന്നിവയും ലഭിക്കുന്നു. അലങ്കോലങ്ങൾ കുറയ്ക്കുന്നതിനും റൈഡിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനുമായി ഈ സവിശേഷതകൾ ഹാൻഡിൽബാറിലാണ് സംയോജിപ്പിച്ചിരിക്കുന്നത്. താത്പര്യമുള്ളവർക്ക് ഇമോട്ടോറാഡിന്റെ വെബ്‌സൈറ്റിൽ ടി-റെക്സ് മുൻകൂട്ടി ബുക്ക് ചെയ്യാനാവും. ഇലക്ട്രിക് സൈക്കിൾ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.


Click it and Unblock the Notifications








