ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ പോവാണോ? എന്നാൽ ഇക്കാര്യങ്ങൾ ഒന്ന് ഓർത്തിട്ട് വേണം പണം മുടക്കാൻ
പ്രായോഗികതയുടെ പേരിൽ ഇന്ത്യക്കാർക്കിടയിൽ ഹിറ്റായ വാഹനമാണ് സ്‌കൂട്ടറുകൾ. ഇന്ന് ഒരു സ്‌കൂട്ടറെങ്കിലും ഇല്ലാത്ത വീടുകളുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരന്റെ വീടുകളിൽ ശരിക്കും ഒരു കാർ ചെയ്യുന്ന എല്ലാ ജോലികളുമാണ് സ്‌കൂട്ടർ ചെയ്യുന്നത്. ഗ്യാസ് കുറ്റി കയറ്റാനും സാധാനങ്ങൾ വാങ്ങി തൂക്കിയിടാനുമെല്ലാം ഇത്രയും ഉപകാരപ്രദമായ മറ്റൊരു ടൂവീലർ ഇല്ലേയില്ല. ഉപയോഗിക്കാനുള്ള എളുപ്പവും മൈലേജുമെല്ലാം ഇവയുടെ ഹൈലൈറ്റുകളാണ്. ഇന്ധനവില കൂടിയതോടെ ഇപ്പോൾ ട്രെൻഡ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. പെട്രോളിനേക്കാൾ ലാഭമാണെങ്കിലും പലർക്കും ഉപയോഗിക്കാൻ ഇപ്പോഴും മടിയുണ്ട്.
റേഞ്ചിന്റെ ആശങ്കയും ചാർജിംഗ് പോലുള്ള കാര്യങ്ങൾക്ക് നമ്മുടെ നാട് അത്ര പുരോഗമിച്ചിട്ടില്ലാത്തതും എല്ലാം ഇവികൾ വാങ്ങാൻ ആളുകൾ മടിക്കുന്നതിന് കാരണമാണ്. പക്ഷേ ഇന്ധന വിലയുടെ കാര്യം വാങ്ങുമ്പോൾ ഇതെല്ലാം മറക്കാനും പലരും തയാറാവുന്നുണ്ട്. ചിലരാണെങ്കിൽ പെട്രോളാണോ ഇലക്ട്രിക്കാണോ ലാഭമെന്ന കൺഫ്യൂഷനിലിരിക്കുകയാണ്. ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് മുമ്പ് നമ്മൾ പരിഗണിക്കേണ്ട ചില ഘടകങ്ങളുണ്ട്. എന്നിട്ട് മാത്രമേ തീരുമാനത്തിലെത്താവൂ. അത് എന്തെല്ലാമെന്ന് പറഞ്ഞുതരാം.

അതിൽ ആദ്യത്തേത് ഒരു ദിവസം നിങ്ങൾ എത്ര കിലോമീറ്റർ സഞ്ചരിക്കുന്നുവെന്നതാണ്. ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനുള്ള തീരുമാനത്തെ ആശ്രയിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് നിങ്ങൾ ഒരു ദിവസം എത്ര ദൂരം സഞ്ചരിക്കും എന്നതാണ്. ഇവിയാണ് വാങ്ങുന്നതെങ്കിൽ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ പോയി ആവശ്യങ്ങൾ നിറവേറ്റി തിരിച്ച് വീട്ടിലെത്താനാവുന്ന റേഞ്ച് കിട്ടുമോ എന്നതാണ് പരിഗണിക്കേണ്ടത്.
സാധാരണയായി പരമ്പരാഗത പെട്രോൾ സ്കൂട്ടറുകൾക്ക് ഇത്തരം ആശങ്കകളൊന്നുമില്ല. ഇന്ധനം തീരുന്നുവെന്ന് കണ്ടാൽ അടുത്ത പമ്പിൽ കയറി പെട്രോളടിച്ച് തിരിച്ച് വീട്ടിലെത്താം. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നൽകാൻ കഴിയുന്നതിനേക്കാൾ പ്രായോഗികതയാണ് ഇതുവഴി പെട്രോൾ മോഡലുകൾക്ക് നൽകാനാവുക. പക്ഷേ ഇവിയാണെങ്കിൽ കണക്കുകൂട്ടലുകളില്ലെങ്കിൽ സംഗതി അവതാളത്തിലായേക്കാം. എന്നിരുന്നാലും കൃത്യമായ പ്ലാനിംഗുണ്ടേൽ ഏത് യാത്രയുടേയും ചെലവ് കുറക്കാൻ ഇവികൾക്കാവും.

ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുമ്പോൾ അടുത്തായി ചിന്തിക്കേണ്ട വിഷയമാണ് എവിടെ നിന്ന് ചാർജ് ചെയ്യും എന്നത്. വീട്ടിൽ ചാർജ് ചെയ്യാൻ നല്ലൊരു സ്ഥലമുണ്ടെങ്കിലും എങ്ങോട്ടെങ്കിലുമുള്ള യാത്രകളിൽ ചാർജ് ചെയ്യേണ്ട അവസ്ഥ വന്നാൽ പലരും പെട്ടുപോവാൻ സാധ്യതയുണ്ട്. ചാർജിംഗ് അടിസ്ഥാന സൌകര്യങ്ങൾ ഇപ്പോഴും വികസന ഘട്ടത്തിലായതിനാൽ പബ്ലിക് ചാർജിംഗ് സ്റ്റേഷൻ അല്ലെങ്കിൽ ചാർജർ കണ്ടെത്തുക അൽപം പണിയാണ്. നാട്ടിൽ കാക്കകളെ പോലെ പമ്പുകളും അനേകമുള്ളതിനാൽ പെട്രോൾ സ്‌കൂട്ടറിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവുകയേ ഇല്ല.
മെയിന്റനെൻസിന്റെ കാര്യമാണ് അടുത്തതായി ചിന്തിക്കേണ്ട പ്രധാന വിഷയം. പെട്രോളിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറുകൾക്ക് ഓയിൽ മാറ്റങ്ങളും എയർ ഫിൽട്ടർ മാറ്റങ്ങളും പോലുള്ള പതിവ് അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വളരെ കുറച്ച് അറ്റകുറ്റപ്പണികൾ മാത്രമേ ആവശ്യമുള്ളൂ. അതായത് ഇവികൾക്ക് പലപ്പോഴും ഇത് ഒരു റെഗുലർ പരിശോധന മാത്രമാണ് വേണ്ടിവരിക.

ഇലക്ട്രിക് സ്കൂട്ടറുകളിൽ ചലിക്കുന്ന ഭാഗങ്ങൾ കുറവായതിനാൽ തന്നെ മെയിന്റനെൻസിനായി പണം കണ്ടത്തേണ്ട ആവശ്യമൊന്നും അങ്ങനെ വരാറില്ല. ബ്രേക്ക് റീജനറേഷൻ ഉപയോഗിക്കുന്നതിനാൽ ബ്രേക്ക് പാഡുകൾ സാധാരണയായി ഇലക്ട്രിക് സ്കൂട്ടറുകളിൽ കൂടുതൽ നാൾ നിലനിൽക്കുമെന്നതിനാൽ പെട്രോൾ മോഡലുകളേക്കാൾ മെയിന്റനെൻസിന്റെ കാര്യത്തിൽ കൂടുതൽ ലാഭകരമാണെന്ന് വേണം പറയാൻ.
പരിസ്ഥിതി ഏറ്റവും അനുയോജ്യമായവയാണ് ഇലക്ട്രിക് വാഹനങ്ങളെന്ന സംഗതിയും നാം ഓർക്കേണ്ടതുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം നമ്മുടെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ലോകം മുഴുവനുള്ള രാജ്യങ്ങളും സർക്കാരുകളും ഇവികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുകമലിനീകരണത്തിന് പുറമെ ഇവികൾക്ക് ശബ്‌ദ മലിനീകരണവും ഇല്ലെന്നതാണ് മറ്റൊരു ഗുണം. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ച് മാത്രമേ വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറാനുള്ള തീരുമാനം കൈക്കൊള്ളാവൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








