പെട്രോൾ സ്‌കൂട്ടറിന്റെ പകുതി വിലയ്ക്ക് 90 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി സ്റ്റാർട്ടപ്പ് കമ്പനി
ഇരുചക്ര വാഹന വിപണിയുടെ നെടുംതൂണായി മാറിയിരിക്കുകയാണ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ. പെട്രോൾ മോഡലുകളിൽ നിന്നും ആളുകൾ മാറിചിന്തിച്ചു തുടങ്ങിയ കാലഘട്ടം കൂടിയാണിത്. ഇവി ഉപയോഗിക്കുമ്പോഴുണ്ടാവുന്ന പണലാഭത്തിന് പുറമെ മെയിന്റനെൻസ് ചെലവുകളും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഇന്ത്യക്കാർക്ക് വൈദ്യുത വാഹനങ്ങളോട് ഇപ്പോൾ വല്ലാത്ത അടുപ്പമാണുള്ളത്.
പുതിയ ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളും പലരേയും ആകർഷിക്കുന്ന കാര്യമാണ്. പോരാത്തതിന് ഓല, ഏഥർ പോലുള്ള ബ്രാൻഡുകൾ അടിക്കടി മോഡൽ നിരയിൽ കിടിലൻ ഓഫറുകൾ പ്രഖ്യാപിക്കുന്നതും വിൽപ്പന കൂടാൻ സഹായിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ വിപണിയിൽ ഒരുപാട് മറ്റ് ഇവി സ്റ്റാർട്ടപ്പ് ബ്രാൻഡുകളും പണംവാരുന്നുണ്ടെന്നതാണ് സത്യം. അക്കൂട്ടത്തിലെ മിടുക്കരാണ് ഫുജിയാമ.

ഇലക്ട്രിക് വാഹന (EV) നിർമാണ കമ്പനിയായ ഫുജിയാമ ഇന്ത്യൻ വിപണിക്കായിതാ പുത്തനൊരു വൈദ്യുത സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ്. തണ്ടർ പ്ലസ് എന്നുപേരിട്ടിരിക്കുന്ന മോഡൽ VLRA, LI എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സ്വന്തമാക്കാം. ഇത് വിപണിയിലെ ലോ-സ്പീഡ്, ഹൈ-സ്പീഡ് ഇവി സെഗ്‌മെൻ്റുകളെ ഉന്നംവെച്ചാണ് പുറത്തിറക്കിയിരിക്കുന്നതെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്.
തണ്ടർ VLRA വേരിയന്റ് ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായാണ് പണികഴിപ്പിച്ചിരിക്കുന്നത്. പരമാവധി 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന ഫുജിയാമ മോഡലിന് സിംഗിൾ ചാർജിൽ 60 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 250 വാട്ട് മോട്ടോർ ഉപയോഗിച്ചാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. 48V 28AH VRLA ബാറ്ററി കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന തണ്ടർ VLRA വിശ്വസനീയവും കാര്യക്ഷമവുമായ യാത്ര ഉറപ്പാക്കുന്നുവെന്നും ഫ്യുജിയാമ പറയുന്നു.

മറുവശത്ത് തണ്ടർ LI വേരിയന്റും ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിലാണ് എത്തുന്നത്. 25 കിലോമീറ്റർ വേഗതയിലും 250 വാട്ട് മോട്ടോറിലും സമാനമായ പ്രകടനമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ 60V 30AH VRLA ബാറ്ററി ഉപയോഗിച്ച് അതിൻ്റെ റേഞ്ച് 90 കിലോമീറ്റർ വരെ ഉയരുന്നുണ്ട്. രണ്ട് സ്കൂട്ടറുകളും ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന വിധത്തിലാണ് മൊത്തത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകൾ, ഡിആർഎൽ ഉള്ള എൽഇഡി ലൈറ്റുകൾ, റിമോട്ട് ലോക്ക് ആൻഡ് അൺലോക്ക്, ആൻ്റി-തെഫ്റ്റ് അലേർട്ട്, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, പോലുള്ള സൗകര്യവും സുരക്ഷാ ഫീച്ചറുകളുമാണ് ഫുജിയാമ തണ്ടർ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ, തണ്ടർ LI മോഡൽ ഒരു പോർട്ടബിൾ ബാറ്ററിയുടെ സൗകര്യം പ്രദാനം ചെയ്യുന്നുമുണ്ട്. ഇത് യാത്രയ്ക്കിടയിലും എളുപ്പത്തിൽ ചാർജ് ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്.

ഇന്ധന വിലക്കയറ്റവും തിരക്കേറിയ റോഡുകളും ഉയർത്തുന്ന വെല്ലുവിളികൾക്ക് പ്രായോഗികമായ പരിഹാരം വാഗ്ദാനം ചെയ്യുന്നതോടൊപ്പം വർധിച്ചു വരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്ന അത്യാധുനിക ഇവി സൊല്യൂഷനുകൾ നൽകാനുള്ള ഇവി നിർമാതാക്കളായ ഫുജിയാമയുടെ പ്രതിബദ്ധതയാണ് തണ്ടർ പ്ലസ് പ്രതിനിധീകരിക്കുന്നതെന്ന് കമ്പനിയുടെ സിഇഒ ഉദിത് അഗർവാൾ പറഞ്ഞു.
നൂതന സവിശേഷതകളും മികച്ച പെർഫോമൻസും കോർത്തിണക്കികൊണ്ട് വരുന്ന തണ്ടർ പ്ലസ് ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സ്വീകര്യത കൂടുതൽ ത്വരിതപ്പെടുത്തുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും കമ്പനി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്ലി വൈദ്യുത സ്കൂട്ടറുകൾ പുറത്തിറക്കുന്നതിൽ പേരെടുത്തവരാണ് ഫ്യുജിയാമ. 51,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള വില നിലവാരത്തിലാണ് കമ്പനി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
പുതിയ തണ്ടർ സീരീസിന് പുറമെ സ്പെക്‌ട്ര, സ്പെക്‌ട്ര പ്രോ, വെസ്പർ, ഓസോൺ പോലുള്ള ഇലക്ട്രിക് സ്കൂട്ടറുകളും ഫുജിയാമയുടെ നിരയിലുണ്ട്. ഇവയ്ക്ക് 51,528 രൂപ മുതൽ 99,918 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മികച്ച റേഞ്ചുള്ളത്, ഏറ്റവും വിലയേറിയത്, കുറഞ്ഞ വിലയുള്ളത് തുടങ്ങിയ വൈവിധ്യമാർന്ന ഓപ്ഷനുകളാണ് കമ്പനിയുടെ ഹൈലൈറ്റ്. പോരാത്തതിന് 55 ഷോറൂമുകളുടെ വിപുലമായ ശൃംഖലയും ഫുജിയാമയ്ക്കുണ്ട്.


Click it and Unblock the Notifications








