പെട്രോളടിച്ച് പൈസ കളയണ്ട! 150 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ വെറും 58,350 രൂപയ്ക്ക് വാങ്ങാം
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്ത് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ മൊട്ടിട്ട കാലം മുതലേ പലരും കേട്ടിട്ടുണ്ടാവുന്നൊരു പേരായിരിക്കും ജെമോപായ് എന്ന കമ്പനിയുടേത്. ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി നിർമാതാക്കൾ വ്യത്യസ്‌തമായ പ്രഖ്യാപനങ്ങളിലൂടെ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ അവതരിപ്പിച്ചാണ് ജെമോപായ് ശ്രദ്ധനേടിയത്.
200 കിലോമീറ്റർ വരെ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പോയ മാസം 12000 രൂപ വരെ ഡിസ്കൗണ്ട് നൽകിയ കമ്പനി തുടർച്ചയായ രണ്ടാം മാസത്തിലും ഓഫർ നീട്ടിയിരിക്കുകയാണ്. എന്നാൽ മെയ് മാസത്തേക്കായി ജെമോപായ് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. റൈഡർ, റൈഡർ സൂപ്പർമാക്സ്, ആസ്ട്രിഡ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് കമ്പനി ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്.

ജെമോപായ് റൈഡർ ഇവിക്ക് 70,850 രൂപയും റൈഡർ സൂപ്പർമാക്സ് ഇലക്ട്രിക് സ്‌കൂട്ടറിന് 79,999 രൂപയും, ആസ്ട്രിഡ് പതിപ്പിന് 1,11,195 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. എന്നാൽ മെയ് മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിനു കീഴിൽ മൂന്ന് മോഡലുകളും 15,000 രൂപ വിലക്കിഴിവോടെ 58,350 രൂപ, 66,999 രൂപ, 96,195 രൂപ എന്നീ ഡിസ്‌കൗണ്ടോടെ വീട്ട് മുറ്റത്തെത്തിക്കാൻ സാധിക്കും.
2024 മെയ് 31 വരെ മാത്രമേ ക്യാഷ്ബാക്ക് ഓഫറിന് സാധുതയുള്ളൂവെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്യാഷ്ബാക്ക് തുകയും വ്യത്യാസപ്പെടാം. അതിനാൽ, ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള ജെമോപായ് ഇവി ഡീലർഷിപ്പുകൾ സന്ദർശിക്കുകയോ അവരുമായി ബന്ധപ്പെടുകയോ ചെയ്യുന്നതാവും ഉചിതം. പുതുതായി ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വന്നെത്തിയിരിക്കുന്നത് ഒരു സുവർണാവസരമാണ്.

ഇലക്ട്രിക് മൊബിലിറ്റി എല്ലാവർക്കും താങ്ങാനാവുന്നതുമാക്കുക എന്ന തങ്ങളുടെ ദൗത്യത്തിൻ്റെ ആദ്യപടിയായാണ് വലിയ സമ്മർ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ജെമോപായിയുടെ എംഡിയും സ്ഥാപകനുമായ അമിത് രാജ് സിംഗ് പറഞ്ഞു. ഈ ആകർഷകമായ ഓഫറുകൾ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് കൂടുതൽ ആളുകളെ പ്രചോദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒറ്റ ചാർജിൽ 90 കിലോമീറ്ററിനും 150 കിലോമീറ്ററിനും ഇടയിൽ റേഞ്ച് അവകാശപ്പെടുന്ന മോഡലാണ് ജെമോപായ് റൈഡർ. ഒരു ലോ-സ്പീഡ് ഇവിയാണെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലാണ് ഇലക്ട്രിക് സ്കൂട്ടർ പണികഴിപ്പിച്ചിരിക്കുന്നത്. പരമാവധി 50 W പവർ ഔട്ട്‌പുട്ടും നൽകാനാവുന്ന ഇവിയിൽ 25 കിലോമീറ്റർ വേഗത നൽകാനാവുന്ന BLDC മോട്ടോറാണ് വാഗ്‌ദാനം ചെയ്യുന്നത്.

ജെമോപായ് റൈഡറിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബ്രേക്കിംഗിനായി മുൻവശത്ത് ഒരു ഡിസ്ക്ക് യൂണിറ്റും പിന്നിൽ ഒരു ഡ്രമ്മും യൂണിറ്റുമാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ സസ്പെൻഷൻ ചുമതലകൾക്കായി മുൻവശത്ത് ടെലിസ്കോപ്പിക് യൂണിറ്റുകളും പിന്നിൽ ഇരട്ട ഹൈഡ്രോളിക് യൂണിറ്റുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
ആസ്‌ട്രൈറ്റ് ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ മൂന്ന് വേരിയന്റുകളിലായി 1.7 KW, 2.16 KW, 2.88 KW ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. കിടിലൻ റേഞ്ചാണ് ഇവിയുടെ ഏറ്റവും വലിയ പ്രത്യേകത. സിംഗിൾ ചാര്‍ജിൽ ജെമോപായ് വൈദ്യുത സ്കൂട്ടറിന് 90 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ റേഞ്ച് നൽകാനാവുമെന്നാണ് സ്റ്റാർട്ട് ബ്രാൻഡ് അവകാശപ്പെടുന്നത്. പൊലിമക്കായി സ്പോര്‍ട്സ്, സിറ്റി, ഇക്കണോമി എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ആസ്‌ട്രൈറ്റ് ലൈറ്റിൽ കിട്ടും.
മറുവശത്ത് റൈഡർ സൂപ്പർമാക്‌സ് ഹൈ-സ്പീഡ് സ്‌കൂട്ടറായാണ് അറിയപ്പെടുന്നത്. BLDC മോട്ടോർ ഉപയോഗിക്കുന്ന ഇവി 1600 W റേറ്റഡ് പവറിനും 2700 W പീക്ക് പവറിനും റേറ്റുചെയ്തിരിക്കുന്നു. 60 കിലോമീറ്ററാണ് ഇലക്ട്രിക് സ്കൂട്ടറിൻ്റെ ഉയർന്ന വേഗത. ബാറ്ററി പായ്ക്ക് പൂർണമായും ചാർജ് ചെയ്യാൻ 5 മുതൽ 6 മണിക്കൂർ വരെ സമയം വേണ്ടി വരികയും ചെയ്യും. ഒന്ന് ചാർജ് ചെയ്താൽ ഇലക്ട്രിക് സ്കൂട്ടറിന് 100 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും.
കൂടുതല്‍ റേഞ്ച്, മികച്ച രൂപകല്‍പ്പന, മെയിന്റനന്‍സ് കുറവ്, ഉയര്‍ന്ന ലോഡിംഗ് ശേഷി എന്നിവയാണ് ജെമോപായ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായി പറയാൻ സാധിക്കുക. വില കുറയ്ക്കുക വഴി ഓല ഇലക്ട്രിക്. ടിവിഎസ്, ബജാജ് ചേതക്, ഏഥര്‍ എനര്‍ജി എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് സാധിക്കും. നിലവിൽ മികച്ച രീതിയിൽ മുന്നോട്ട് പോവുന്നുണ്ടെങ്കിലും ഓഫറിട്ടതോടെ കൂടുതൽ ആളുകൾ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി.


Click it and Unblock the Notifications








