സ്പ്ലെൻഡറിനേക്കാൾ ലാഭം, 130 കി.മീ. വരെ റേഞ്ച്; കുറഞ്ഞ വിലയിൽ പുതിയ ഇലക്‌ട്രിക് ബൈക്കുമായി ജിടി ഫോഴ്‌സ്
ഇരുചക്ര വാഹന വിപണിയെ ഇലക്‌ട്രിക് മോഡലുകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. പച്ച നമ്പർപ്ലേറ്റുള്ള വാഹനങ്ങൾ നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയാവാൻ കാരണമായത് പെട്രോൾ വില ഉയർന്നു നിൽക്കുന്നതാണ്. സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഇവി (EV) രംഗത്ത് പണംവാരുന്നതെന്ന് വേണം പറയാൻ. എങ്കിലും കൂട്ടത്തിൽ ഹീറോ മോട്ടോകോർപ്പും (Hero Motocorp) ടിവിഎസും (TVS) ബജാജും (Bajaj) ഒത്തുപിടിക്കുന്നുമുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം ഒരു ലക്ഷത്തിന് മുകളിൽ വില പോവുമെന്നതിനാൽ സാധാരണക്കാർക്ക് അത്രപ്രിയമില്ലതാനും. അവിടെയാണ് കുറഞ്ഞ വിലയ്ക്ക് ഇവികൾ നൽകുന്ന കമ്പനികളുടെ സാധ്യത പടർന്നു കിടക്കുന്നത്.
ഇത് കൃത്യമായി മനസിലാക്കിയവരാണ് ഇവി സ്റ്റാർട്ടപ്പായ ജിടി ഫോഴ്‌സ് (GT Force). ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളതെങ്കിലും മോട്ടോർസൈക്കിളുകളെ ഇഷ്‌ടപ്പെടുന്നവരെ ആകർഷിക്കാനായി കമ്പനി ഇപ്പോഴിതാ പുതിയൊരു ഇ-ബൈക്കിനെ രംഗത്തിറക്കിയിരിക്കുകയാണ്. ജിടി ടെക്‌സ എന്നുപേരിട്ടിരിക്കുന്ന മോഡൽ പൾസർ NS200 മോഡലിന്റെ ലുക്കിലാണ് വരുന്നത്.

സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കളായ ജിടി ഫോഴ്‌സ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളായ ജിടി ടെക്‌സയ്ക്ക് 1,19,555 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. അത്യാധുനിക സാങ്കേതികവിദ്യ, ഹൈ പെർഫോമൻസ്, ഇക്കോ ഫ്രണ്ട്ലി മൊബിലിറ്റി എന്നിവയുടെ സമന്വയമാണെന്ന് കമ്പനി പറയുന്നത്. പ്രധാനമായും സിറ്റി റൈഡിനായി പുതിയൊരു വൈദ്യുത വാഹനം തേടുന്ന ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ്ടെക്‌സ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
80 KMPH എന്ന ഉയർന്ന വേഗത നൽകുന്ന ഇൻസുലേറ്റഡ് BLDC മോട്ടോറാണ് ജിടി ടെക്സയ്ക്ക് കരുത്തേകുന്നത്. ഇത് 3.5 kWh ലിഥിയം-അയൺ ബാറ്ററിയുമായാണ് വരുന്നത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 120 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും ഇലക്ട്രിക് മോട്ടോർസൈക്കിളിനാവും. ആയതിനാൽ ദൈനംദിന യാത്രയ്ക്ക് തികച്ചും അനുയോജ്യമായ വാഹനമാണിതെന്ന് നിസംശയം പറയാം.

4-5 മണിക്കൂറിനുള്ളിൽ ഫുൾ ചാർജിംഗ് സാധ്യമാക്കുന്ന ഓട്ടോ-കട്ട് ഓഫുള്ള മൈക്രോ ചാർജറും പുതിയ ജിടി ഫോഴ്‌സ് ഇലട്രിക് മോട്ടോർസൈക്കിളിൻ്റെ സവിശേഷതയാണ്. നഗര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇതിന് 180 കിലോഗ്രാം ലോഡ് കപ്പാസിറ്റിയും 18 ഡിഗ്രി ഗ്രേഡബിലിറ്റിയും ഉണ്ടെന്നാണ് ബ്രാൻഡ് പറയുന്നത്. സ്റ്റൈലും പ്രവർത്തനക്ഷമതയും സംയോജിപ്പിച്ച് ബ്ലാക്ക്, റെഡ് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ വാങ്ങാനും സാധിക്കും.
ദുർഘടമായ റോഡുകളിൽ പോലും സുഗമമായ യാത്രയ്ക്കായി മുന്നിലും പിന്നിലും ടെലിസ്‌കോപ്പിക് ഡ്യുവൽ സസ്‌പെൻഷനാണ് ജിടി ടെക്‌സയിൽ ജിടി ഫോഴ്‌സ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് 770 mm ഉയരവും 145 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ഇത് ഏത് ഉയരത്തിലുള്ള ആളുകൾക്കും ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്ന കാര്യമാണ്. 120 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ബൈക്കിന് മികച്ച ഹാൻഡിലിംഗുമുണ്ട്.

ട്യൂബ്‌ലെസ് ടയറുകളാൽ സജ്ജീകരിച്ചിരിക്കുന്ന ജിടി ടെക്‌സയിൽ മുൻവശത്തെ ടയർ വലിപ്പം 80-100/18 സെക്ഷനും പിന്നിലെ ടയർ സൈസ് 120-80/17 സെക്ഷനുമാണ്. സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി അലോയ് വീലുകളും സമ്മാനിച്ചിട്ടുണ്ട്. റൈഡറിന്റെ അധിക സുരക്ഷയ്ക്കായി ഇവിയുടെ രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത് മികച്ച ബ്രേക്കിംഗ് പെർഫോമൻസിനായി ഇ-എബിഎസ് കൺട്രോളറും ലഭ്യമാവും.
ഫീച്ചറുകളുടെ കാര്യത്തിലും ആള് മോശക്കാരനല്ലെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. റിമോട്ട് സ്റ്റാർട്ട് അല്ലെങ്കിൽ ഒരു കീ ഓപ്പറേഷൻ ഉപയോഗിച്ച് റൈഡർമാർക്ക് ജിടി ടെക്സ സ്റ്റാർട്ട് ചെയ്യാൻ വരെ കഴിയും. 17.78 CM വലിപ്പമുള്ള എൽഇഡി ഡിസ്‌പ്ലേയും ഇലക്ട്രിക് ബൈക്കിനെ പ്രീമിയമാക്കുന്നുണ്ട്. ഡിജിറ്റൽ സ്പീഡോമീറ്റർ, സെൻട്രൽ ലോക്കിംഗ് സിസ്റ്റം, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്റർ ലാമ്പുകൾ എന്നിവയും ജിടി ഫോഴ്‌സ് ഇവിയുടെ സവിശേഷതകളാണ്.
നിലവിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, ഡൽഹി തുടങ്ങി ഒന്നിലധികം സംസ്ഥാനങ്ങളിലായി ജിടി ഫോഴ്‌സിന്റെ 35 ഔട്ട്‌ലെറ്റുകളിലൂടെ ഇലക്ട്രിക് ബൈക്ക് ലഭ്യമാവും. കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് ആകർഷിക്കുന്നതിനായി 2024 അവസാനത്തോടെ മറ്റ് സംസ്ഥാനങ്ങളിൽ കൂടി 100 ഡീലർഷിപ്പ് ഷോറൂമുകൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.


Click it and Unblock the Notifications








