സ്‌കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്‌ട്രിക് സൈക്കിളുമായി ഹീറോ
നാട്ടിലും റോഡിലുമെല്ലാം ഇപ്പോഴത്തെ ട്രെൻഡ് സെറ്ററുകൾ ഇലക്‌ട്രിക് വാഹനങ്ങളാണ്. കാറിലായാലും ബൈക്കിലായാലും സ്‌കൂട്ടറിലായാലും മാത്രമല്ല നമ്മുടെ സൈക്കിൾ സെഗ്മെന്റിലും വൈദ്യുതി കരുത്തിൽ ഓടുന്നവർക്കാണ് ഡിമാന്റ് കൂടുതലുള്ളത്. ചവിട്ടി ആരോഗ്യം വർധിപ്പിക്കുന്നതിന് പുറമെ ക്ഷീണിക്കുമ്പോൾ ബാറ്ററിയുടെ ബലത്തിൽ സഞ്ചരിക്കാനാവുമെന്നതാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
പിന്നെ മടിയൻമാർക്ക് കുറഞ്ഞ ചെലവിൽ അടുത്തുള്ള കടയിലെ കൂട്ടുകാരുടെ വീട്ടിലോ ഒക്കെ പോവാൻ ഇത്തരമൊരു ബൈസൈക്കിൾ ധാരാളം. ഇപ്പോൾ ഒരുപാട് കമ്പനികൾ ഈ മേഖലയിലെ സൈക്കിളുകളുടെ പ്രാധാന്യം മനസിലാക്കി കടന്നുവരുന്നുമുണ്ട്. അധിക ദൂരം ചവിട്ടേണ്ട, ചെറിയ ദൂരങ്ങളിലേക്ക് വൈദ്യുതി ഉപയോഗിച്ച് എത്തിച്ചേരാം എന്നതെല്ലാം ഇലക്‌ട്രിക് സൈക്കിളുകളെ ജനപ്രിമാക്കി മാറ്റിയിട്ടുമുണ്ട്.

മെട്രോ നഗരങ്ങളിലെല്ലാമാണ് വൈദ്യുത സൈക്കിളുകൾ കൂടുതലായും ഉപയോഗിക്കുന്നതെങ്കിലും പതിയെ നാട്ടിൻപുറങ്ങളിലേക്കും ഇവരുടെ സേവനം എത്തിക്കഴിഞ്ഞതായി പറയാം. പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന്റെ പകുതിയുടെ പകുതി കാശുണ്ടെങ്കിൽ ഇത്തരം സൈക്കിളുകൾ വാങ്ങാനാവും എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ - ഫയർഫോക്‌സ് ബൈക്ക്‌സ് ലിമിറ്റഡിൻ്റെ ഇ-സൈക്കിൾ ബ്രാൻഡായ ഹീറോ ലെക്‌ട്രോ സൈക്കിളുകൾക്ക് പുതിയൊരു മാനം സമ്മാനിച്ചിരിക്കുകയാണ്.
ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കും ചെറുകിട ബിസിനസ്സ് ഉടമകൾക്കും ഡെലിവറി റൈഡർമാർക്കും അനുയോജ്യമായ ഒരു തകർപ്പൻ കാർഗോ ഇ-സൈക്കിളായ മൂവ്-ഇ (Muv-E) അവതരിപ്പിച്ചുകൊണ്ടാണ് സൈക്കിളുകളുടെ സങ്കൽപ്പനം തന്നെ പൊളിച്ചെഴുതാൻ പോവുന്നത്. ഹ്രസ്വ ദൂര യാത്രകൾക്ക് താങ്ങാനാവുന്നതും പരിസ്ഥിതി ബോധമുള്ളതുമായ പരിഹാരമായാണ് ഇതിനെ കമ്പനി വിപണനം ചെയ്യുന്നതും. പക്ഷേ വില കേട്ടാൽ പലരും ഒന്ന് ശങ്കിച്ചേക്കും.

61,999 രൂപയാണ് ഹീറോ ലെക്ട്രോയുടെ ഏറ്റവും പുതിയ മൂവ്-ഇ ഇലക്ട്രിക് ബൈസൈക്കിളിനായി മുടക്കേണ്ടി വരുന്ന വില. നിലവിൽ ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രം ലഭ്യമാക്കിയിരിക്കുന്ന മോഡൽ പക്ഷേ സാധാരണ സൈക്കിളുകളിൽ നിന്നും അൽപം വ്യത്യസ്‌തനാണെന്ന് വേണം പറയാൻ. മൂവ്- ഇ അതിൻ്റെ ചിന്തനീയമായ ഡിസൈൻ സവിശേഷതകളോടെയാണ് വരുന്നത്. ലാസ്റ്റ് മൈൽ ഡെലിവറിയിലെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് തന്നെ.
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാനും ഡെലിവറിയും മറ്റ് കാര്യങ്ങളും കൂടുതൽ എളുപ്പവുമാക്കാനുമായി 10 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുള്ള മുൻവശത്തെ ബാസ്‌ക്കറ്റും 25 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള പിൻ കാരിയറും വാഗ്‌ദാനം ചെയ്‌താണ് ഹീറോ ലെക്ട്രോ മൂവ്-ഇ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതുവഴി ഏതുതരം പാക്കേജുകളും ലഗേജുകളും മറ്റും കൊണ്ടുപോകുന്നതിനുള്ള ബഹുമുഖവും കാര്യക്ഷമവുമായ ഓപ്ഷനായി ഇലക്ട്രിക് സൈക്കിൾ ഉപയോഗിക്കാം.

കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ റൈഡറുടെ ഭാരം ഉൾപ്പെടെ 120 കിലോഗ്രാം ഭാരം വരെ വഹിക്കാനുള്ള ലോഡ് കപ്പാസിറ്റിയാണ് ഹീറോ ലെക്ട്രോ മൂവ്-ഇ സൈക്കിളിനുള്ളത്. 14.5 AH ശേഷിയുള്ള റിമൂവബിൾ ബാറ്ററി പായ്ക്കുമായാണ് വാഹനം വരുന്നത്. ഒറ്റ ചാർജിൽ പെഡൽ അസിസ്റ്റിനൊപ്പം 70 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഈ വൈദ്യുത സൈക്കിൾ പ്രാപ്‌തമാണ്.
വെറും 8 മണിക്കൂർ ചാർജ് ചെയ്താൽ റൈഡർമാർക്ക് തടസമില്ലാത്ത യാത്രകൾ ആസ്വദിക്കാനാകും. സുഗമവും അനായാസവുമായ ഗിയർ ഷിഫ്റ്റുകൾ വാഗ്ദാനം ചെയ്യുന്നതിനായി മൂവ്-ഇയിൽ 7-സ്പീഡ് ഷിമാനോ ഗിയർ സംവിധാനമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം IP67 റേറ്റിംഗുള്ളതിനാൽ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ബാറ്ററിക്ക് സംരക്ഷണവും ലഭിക്കും. പരമാവധി 25 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് മൂവ്-ഇയിൽ സഞ്ചരിക്കാനാവുക.

എന്തിനധികം സൈക്കിൾ വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ തന്നെ മൂവ്-ഇ ഉപയോഗിക്കാൻ ഒരു ഡ്രൈവിംഗ് ലൈസൻസിന്റേയും ആവശ്യമില്ലെന്നതാണ് മറ്റൊരു രസകരമായ കാര്യം. ചെറിയ തോതിലുള്ള ഡെലിവറികൾക്കായി കസ്റ്റമൈസ് ചെയ്‌ത മൂവ്-ഇ ഗോയിൽ മൊബൈൽ ചാർജിംഗ് ഓപ്ഷൻ വരെയുണ്ടെന്നാണ് കമ്പനി പറയുന്നത്. യാത്രയിൽ പോലും മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ അനുവദിക്കുന്നത് എന്തായാലും വലിയൊരു കാര്യമാണ്.
എൽഇഡി ഡിസ്പ്ലേ S2 പിന്തുണയുള്ള യുഎസ്ബി ടൈപ്പ് ചാർജറാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കാം. ഇരിപ്പിടം സുഖകരമാക്കുന്നതിനായി കുഷ്യൻ സീറ്റുകളാണ് ഹീറോ ലെക്ട്രോ മൂവ്-ഇ സൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. അധിക സേഫ്റ്റിക്കായി കീ ഇഗ്നിഷൻ സിസ്റ്റം, രാത്രികാലങ്ങളിഷ വെളിച്ചത്തിനായി പവർ കൂടിയ ഫ്രണ്ട് ലൈറ്റ് എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളും ഈ ഇലക്ട്രിക് സൈക്കിളിൽ ലഭ്യമാണ്.
റിഫ്ലക്ടറുകളുള്ള ആൻ്റി-സ്കിഡ് പെഡലുകൾ, സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി നൽകിയിരിക്കുന്ന റിഫ്ലക്ടറുകൾ എന്നിവ കാഴ്ച്ചയും സുരക്ഷയും വർധിപ്പിക്കുന്ന കാര്യങ്ങളാണ്. കൂടാതെ, 80 mm ട്രാവൽ സസ്‌പെൻഷനും 26 ഇഞ്ച് അലോയ് യുണിസെക്‌സ് ഫ്രെയിമും ഉൾപ്പെടുത്തിയിരിക്കുന്നത് സുഗമവും സുസ്ഥിരവുമായ സവാരി ഉറപ്പാക്കുന്നുമുണ്ടെന്നത് മുടക്കുന്ന പണത്തിമുള്ള മുതലുണ്ടെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ്.


Click it and Unblock the Notifications








