വൈബ്രേഷനില്ലാത്ത 'ഹീറോയുടെ ബുള്ളറ്റ്' ബുക്ക് ചെയ്‌തിരുന്നോ? ഡെലിവറി തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം
ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് പൂണ്ടുവിളയാടുകയാണ്. ഹണ്ടർ, ബുള്ളറ്റ്, ക്ലാസിക് പോലുള്ള 350 സിസി മോഡലുകൾ കൂടുതൽ വിൽപ്പന നേടുമ്പോൾ എതിരാളികളായ പല കമ്പനികളും ഇതിനോട് കിടപിടിക്കാൻ പെടാപാട് പെടുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഫ്ലാഗ്ഷിപ്പ് ബൈക്കുകൾക്ക് രൂപം കൊടുക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ തീരുമാനമെടുക്കുന്നത്.
അതിന് കൂട്ടുകൂടിയതാവട്ടെ അമേരിക്കൻ വമ്പൻമാരായ ഹാർലി ഡേവിഡ്‌സണുമായും. അങ്ങനെ ഈ കൂട്ടുകെട്ടിലെ ആദ്യത്തെ മോഡലായി ഹാർലി X440 രൂപമെടുത്തു. സംഭവം ഹിറ്റായതോടെ ചില മാറ്റങ്ങളോടെ ഹീറോയും 440 സിസി എഞ്ചിനോടെ ഇതിന്റെ മറ്റൊരു പതിപ്പും ഇന്ത്യക്കായി സമ്മാനിക്കുകയുണ്ടായി. അതാണ് മാവ്റിക് 440 എന്ന മോട്ടോർസൈക്കിൾ. അവതരണവും ബുക്കിംഗും 2024 ഫെബ്രുവരിയിൽ തന്നെയുണ്ടായെങ്കിലും ഡെലിവറി ഇതുവരെ ആരംഭിക്കാൻ കമ്പനിക്കായിരുന്നില്ല.

പക്ഷേ ഏപ്രിൽ മാസം തന്നെ മാവ്റിക്കിനെ വിതരണം ചെയ്‌ത് തുടങ്ങുമെന്ന് കമ്പനി അറിയിക്കുകയും ചെയ്‌തിരുന്നു. ദേ ഇപ്പോൾ കൃത്യമായ തീയതിയും പുറത്തുവിട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. ആരാധകർ ഏറെ പ്രതീക്ഷോടെ കാത്തിരിക്കുന്ന മാവ്റിക് 440 വിഷുവിന്റെ പിറ്റേദിവസം അതായത് ഏപ്രിൽ 15 മുതൽ നിരത്തുകളിലേക്ക് എത്തും.
ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഹീറോ മാവ്‌റിക്ക് 440 വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 1.99 ലക്ഷം, 2.14 ലക്ഷം, 2.24 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മാവ്റിക്ക് ഹീറോയുടെ പ്രീമിയ ഡീലർഷിപ്പുകൾ വഴി മാത്രമേ വിൽക്കൂ. മാർച്ച് 15-ന് മുമ്പ് മോട്ടോർസൈക്കിൾ ബുക്ക് ചെയ്ത ആളുകൾക്ക് 10,000 രൂപ വിലമതിക്കുന്ന ആക്‌സസറികളുടെ കിറ്റും സ്പെഷ്യൽ സമ്മാനമായി ലഭിക്കും.

ഹാർലി ഡേവിഡ്‌സൺ X440 ഒരു ക്രൂയിസർ സ്റ്റൈലാണ് പിടിച്ചിരിക്കുന്നതെങ്കിൽ ആധുനികവും റെട്രോ ഘടകങ്ങളും സംയോജിപ്പിച്ച് മസ്‌കുലർ ഇന്ധന ഫ്യുവൽ ടാങ്ക് ഫീച്ചർ ചെയ്യുന്ന റോഡ്‌സ്റ്റർ ഡിസൈനാണ് മാവ്‌റിക്ക് 440 പിന്തുടർന്നിരിക്കുന്നത്. ബൈക്കിന്റെ ഫ്യുവൽ ടാങ്ക്, കഫൻ, ഫെൻഡറുകൾ എന്നിവയ്ക്കായി മെറ്റൽ പാർട്‌സുകളാണ് ഹീറോ മോട്ടോകോർപ് ഉപയോഗിച്ചിരിക്കുന്നത്. ലൈറ്റിംഗ് എല്ലാം എൽഇഡി ആണെന്നതും മോട്ടോർസൈക്കിളിനെ മോഡേണാക്കുന്ന കാര്യമാണ്.
അതേസമയം ഡിജിറ്റൽ സ്പീഡോമീറ്റർ ഒരു നെഗറ്റീവ് ഡിസ്പ്ലേ ഉൾപ്പെടുത്തുകയും ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുമുണ്ട്. കോളുകളും എസ്എംഎസ് അലേർട്ടുകളും മ്യൂസിക് പ്ലേബാക്കും ടേൺ-ബൈ-ടേൺ നാവിഗേഷനുമെല്ലാം വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ്, ബൾബസ് ഫ്യുവൽ ടാങ്ക്, മസ്കുലർ ലൈനുകൾ എന്നിവ പോലുള്ള സിഗ്നേച്ചർ ഘടകങ്ങളുള്ള ശക്തമായ റോഡ് പ്രസൻസ് മോട്ടോർസൈക്കിളിനുണ്ട്.

സ്റ്റബി ടെയിൽ സെക്ഷൻ, സ്കൂപ്പ്-ഔട്ട് സിംഗിൾ പീസ് സീറ്റ് എന്നിവയാണ് ഹീറോയുടെ മോഡേൺ റെട്രോ ബൈക്കിനെ വേറിട്ടുനിർത്തുന്നത്. ന്നേവരെ ഹീറോ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും പ്രീമിയമായ മോഡലാണ് പുതിയ മാവ്റിക് 440. . 803 mm സീറ്റ് ഹൈറ്റുള്ള ബൈക്കിൽ ടോളായതും എന്നാൽ വൈഡായതുമായ ഹാൻഡിൽ ബാറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ടൂറിംഗിന് ബൈക്കിനെ അനുയോജ്യമാക്കുകയും ചെയ്യും.
ഹാർലി ഡേവിഡ്‌സൺ X440 മോഡലിൽ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിനാണ് മാവ്‌റിക് 440 പതിപ്പിനും തുടിപ്പേകുന്നത്. ഈ 440 സിസി സിംഗിൾ സിലിണ്ടർ, എയർ, ഓയിൽ കൂൾഡ് എഞ്ചിന് 6,000 ആർപിഎമ്മിൽ പരമാവധി 27 ബിഎച്ച്പി പവർ ഔട്ട്പുട്ടും 4,000 ആർപിഎമ്മിൽ 36 എൻഎം പീക്ക് ടോർക്കും നൽകാൻ ശേഷിയുള്ളതാണ്. ഹാർലി ബൈക്കിന്റെ ടോർക്കിനേക്കാൾ 2 Nm കുറവാണ് മാവ്റിക്കിന്.

സിറ്റി റൈഡിനും ഹൈവേ യാത്രകൾക്കും സുഗമമായ റൈഡിംഗ് അനുഭവം ഉറപ്പാക്കിക്കൊണ്ട് ലോ-എൻഡ് ടോർക്കിന് മുൻഗണന നൽകുന്നതിനായി എഞ്ചിൻ കാലിബ്രേറ്റ് ചെയ്തിട്ടുണ്ടെന്നും ഹീറോ പറയുന്നു. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിനായി മുൻവശത്ത് 43 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 7-തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്യുവൽ ഷോക്കുകളുമാണ് ഹീറോ മാവ്റിക് 440 മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇവ രണ്ടിനും 130 mm ട്രാവലും ലഭിക്കും. ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്കും പിന്നിൽ 240 mm ഡിസ്കും ഡ്യുവൽ ചാനൽ എബിഎസും മാവ്റിക്കിൽ നൽകുന്നുണ്ട്.


Click it and Unblock the Notifications








