ക്ലാസിക്കും ഹണ്ടറും വാങ്ങാൻ ആളില്ലാതാവും? കൊതിപ്പിക്കുന്ന വിലയുമായി ഹീറോ മാവ്റിക് 440 വിപണിയിൽ
കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ തമ്പുരാക്കൻമാരായ ഹീറോ മോട്ടോകോർപ് ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഇമേജ് ചെറുതായൊന്ന് പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. ഒരു പ്രീമിയം ബൈക്ക് ബ്രാൻഡാവാൻ തന്നെയുള്ള പദ്ധതിയുടെ ആദ്യഭാഗമായി കരിസ്‌മ പോലുള്ള പുത്തൻ മോഡലുകളെ കമ്പനി അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനായി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ കൂട്ടുപിടിച്ചിരിക്കുന്നത് അമേരിക്കക്കാരായ ഹാർലി ഡേവിഡ്‌സണിനെയാണ്.
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ അരങ്ങുവാഴുന്ന റോയൽ എൻഫീൽഡിന്റെ വെല്ലാനായി ഹാർലി-ഹീറോ പങ്കാളിത്തത്തിൽ X440 റോഡ്സ്റ്റർ പണിതിറക്കിയത് പോയ വർഷമായിരുന്നു. സംഭവം ക്ലിക്കായതോടെ ഇതേ ബൈക്കിനെ അടിസ്ഥാനമാക്കിയുള്ള തങ്ങളുടെ മോഡലും വിപണിയിലെത്തുമെന്ന് ഹീറോ മുമ്പേകൂട്ടി പ്രഖ്യാപിക്കുകയും ചെയ്‌തു. വാക്കുപാലിച്ചുകൊണ്ട് ഹീറോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ മാവ്റിക്കിനെ 2024 ജനുവരിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്‌തു.

എന്നാൽ വില പ്രഖ്യാപനമോ ബുക്കിംഗോ ആരംഭിക്കാതിരുന്ന കമ്പനി ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മാവ്റിക് 440 മോട്ടോർസൈക്കിളിന്റെ വില പുറത്തുവിട്ടിരിക്കുകയാണ്.റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന 350 സിസി സെഗ്മെന്റ് തൂക്കാനെത്തുന്ന ഹീറോയുടെ അവതാരത്തിന് വെറും 1.99 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
അതേസമയം ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വരുന്ന മാവ്റിക് 440 ബൈക്കിന്റെ മിഡ്, ടോപ്പ് എന്നിവയ്ക്ക് യഥാക്രമം 2.14 ലക്ഷം, 2.24 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഹീറോയുടെ പുത്തൻ റോഡ്സ്റ്റർ മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വാഹനം ഇപ്പോൾ തന്നെ പ്രീ-ബുക്ക് ചെയ്‌തിടാം. മാവ്റിക്കിനായുള്ള ഡെലിവറി ഏപ്രിൽ മാസം മുതൽ ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

മാർച്ച് 15-ന് മുമ്പ് മാവ്റിക് 440 ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന 'വെൽക്കം ടു മാവ്റിക് ക്ലബ് ഓഫർ' എന്നൊരു ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അവർക്ക് കസ്റ്റമൈസ്‌ഡ് മാവ്‌റിക് കിറ്റ് ആക്‌സസറികളും 10,000 രൂപ വിലമതിക്കുന്ന മെർച്ചൻഡൈസും ലഭിക്കും. ഹാർലിയുടെ X440 അടിസ്ഥാനമാക്കിയാണ് നിർമിക്കുന്നതെങ്കിലും മാവ്‌റിക്ക് മൊത്തത്തിൽ തികച്ചും വ്യത്യസ്തമായ സ്റ്റൈലിംഗാണ് സ്വീകരിച്ചിരിക്കുന്നത്.
മസ്‌കുലർ സ്‌റ്റൈലിംഗിൽ സെഗ്മെന്റിലേക്ക് എത്തുമ്പോൾ റോയൽ എൻഫീൽഡ് ക്ലാസിക്കിന് പുറമെ ഹണ്ടറിന്റെ വിപണിയും ഉന്നംവെച്ചാണ് ഹീറോ മോട്ടോകോർപ് സെഗ്മെന്റിലേക്ക് എത്തുന്നത്. ഡിസൈനിൻ്റെ കാര്യത്തിൽ നിയോ-റെട്രോ ഘടകങ്ങളുള്ള മസ്ക്കുലർ ഫ്യുവൽ ടാങ്കുള്ള റോഡ്‌സ്റ്ററാണ് മാവ്‌റിക് 440. ഫ്യുവൽ ടാങ്ക്, കഫൻ, ഫെൻഡറുകൾക്ക് പോലും കമ്പനി മെറ്റൽ ഉപയോഗിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

എൽഇഡി ഡിആർഎല്ലുകളുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, വൈഡ് ഹാൻഡിൽബാർ. സ്റ്റബി ടെയിൽ സെക്ഷൻ, സ്കൂപ്പ്-ഔട്ട് സിംഗിൾ പീസ് സീറ്റ് എന്നിവയാണ് ഹീറോയുടെ മോഡേൺ റെട്രോ ബൈക്കിനെ വേറിട്ടുനിർത്തുന്നത്. കൂടാതെ ഫോർക്ക് ശൈലിയിലുള്ള അലോയ് വീലുകളും റബി എക്‌സ്‌ഹോസ്റ്റും മാവ്റിക്കിന്റെ രൂപത്തെ പൂരകമാക്കുന്നു. ഹീറോ മോട്ടോകോർപ് പറയുന്നതനുസരിച്ച് കമ്പനി നിർമിച്ചതിൽ വെച്ച് ഏറ്റവും പ്രീമിയമായുള്ള മോട്ടോർസൈക്കിളാണ് മാവ്റിക്ക് 440.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഹാർലി ഡേവിഡ്‌സണിന്റെ X440 പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ധാരാളം ചെലവ് ചുരുക്കലുകൾ ഹീറോ മാവ്റിക്കിൽ നടപ്പിലാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. ഇൻസ്ട്രുമെന്റ് കൺസോളിനായി എൽസിഡി സ്‌ക്രീനാണ് ബൈക്കിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. കോളുകളും എസ്എംഎസ് അലേർട്ടുകളും മ്യൂസിക് പ്ലേബാക്കും ടേൺ-ബൈ-ടേൺ നാവിഗേഷനും നൽകുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇതിൽ ലഭ്യമാണ്.

ഹാർലി X440 മോഡലിന്റെ അതേ എഞ്ചിനാണ് മാവ്‌റിക് റോഡ്സ്റ്ററിനും തുടിപ്പേകുന്നത്. എഞ്ചിൻ 6,000 ആർപിഎമ്മിൽ 27 bhp പവറും 4,000 ആർപിഎമ്മിൽ പരമാവധി 36 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടോർക്ക് ഹാർലിയേക്കാൾ 2 Nm കുറവാണ്. സുഗമമായ യാത്രകളും ഹൈവേ റൈഡിംഗും നൽകുന്നതിന് ലോ-എൻഡ് ടോർക്കിനായി എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്തിട്ടുണ്ടെന്നും ഹീറോ പറയുന്നു. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ലഭിക്കുന്ന 6-സ്പീഡ് യൂണിറ്റാണ് ഗിയർബോക്‌സ്.
മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ഹാർലിയിൽ നിന്ന് വ്യത്യസ്തമായി ഹീറോ മാവ്റിക്കിന്റെ മുൻവശത്ത് 43 mm ടെലിസ്‌കോപിക് ഫോർക്കുകളാണ് കിട്ടുക. അതേസമയം പിന്നിൽ മോണോഷോക്ക് സസ്പെൻഷനാണ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകളാണ് മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നത്. ബ്രാൻഡിന്റെ പുതിയതും പ്രീമിയവുമായ ഹീറോ പ്രീമിയ ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെ മാത്രമാണ് മാവ്റിക്ക് വിൽക്കുക എന്നതും പ്രത്യേകം ഓർമിക്കണേ.


Click it and Unblock the Notifications








