യുകെയിലുള്ള ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, ഹീറോയുടെ മാവീരൻ ഇനി അവിടെയും വാങ്ങാൻ കിട്ടും
ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട വിദേശ രാജ്യങ്ങളാണ് യുകെ, കാനഡ, ഓസ്ട്രേലിയ പോലുള്ളവ. അതിനാൽ തന്നെ പല ഇന്ത്യൻ വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകളെല്ലാം ഇത്തരം രാജ്യങ്ങളിൽ അവതരിപ്പിക്കാറുമുണ്ടെന്ന് വേണം പറയാൻ. റോയൽ എൻഫീൽഡ് പോലുള്ള ഇന്ത്യൻ ബ്രാൻഡുകൾക്ക് വിദേശത്തും ഏറെ ഡിമാന്റാണുള്ളത്. ഈ സാധ്യത തേടി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും യുകെയിൽ എത്തുകയാണ്.
കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിളായ മാവ്റിക് 440 യുകെയിൽ അവതരിപ്പിച്ചുകൊണ്ടാണ് പുതിയ തുടക്കത്തിന് ഹരിശ്രീ കുറിക്കാൻ പോവുന്നത്. യുകെയിലും മറ്റ് യൂറോപ്യൻ വിപണികളിലും കമ്പനിയുടെ വിതരണ പങ്കാളിയായി MotoGB പ്രവർത്തിക്കും. നിയോ-റെട്രോ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന റോഡ്സ്റ്റർ മോഡലിനെ കയറ്റുമതി വിപണികളെയും മുന്നിൽ കണ്ടാണ് ഹീറോ ഡിസൈൻ ചെയ്‌തിരിക്കുന്നത്.

യൂറോപ്പിലെ A2 ലൈസൻസ് ഹോൾഡർമാരെ ഉന്നംവെച്ചുകൊണ്ടാണ് ഹീറോ മോട്ടോകോർപ് മാവ്റിക് 440 എന്ന മോഡലിനെ അവതരിപ്പിക്കാൻ പോവുന്നത്. ഇത് വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് കമ്പനിക്ക് എത്തിച്ചെല്ലാൻ സഹായിക്കുന്ന കാര്യം കൂടിയാണ്. മാത്രമല്ല, മാവ്റിക്കിന്റെ റിലാക്‌സ്ഡ് റൈഡിംഗ് സ്വഭാവവും ടോർക്കി എഞ്ചിനും മോട്ടോർസൈക്കിളിനെ ഉപയോക്താക്കളിലേക്ക് അടുപ്പിക്കുന്ന കാര്യമാണ്.
ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്നതിനാൽ ഹീറോയുടെ ഇമേജ് വർധിക്കാനും ഇടയുണ്ടാക്കും. രണ്ട് മോട്ടോർസൈക്കിളുകളും ഹീറോയും ഹാർലിയും ചേർന്ന് വികസിപ്പിച്ചെടുത്ത ഫ്ലാഗ്ഷിപ്പ് മോഡൽ ആഗോളതലത്തിൽ വളരുന്ന ഇടത്തരം മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിനെ ലക്ഷ്യമിട്ടാണ് വരുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ബുക്കിംഗ് ആരംഭിച്ച മാവ്റിക്കിന് ഇന്ത്യയിൽ 1.99 ലക്ഷം മുതൽ 2.24 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഇന്ത്യയിൽ ഡെലിവറി ആരംഭിക്കാനിരിക്കുന്ന ഹീറോ മാവ്റിക്കിന് യുകെയിൽ ഏകദേശം 5,000 പൗണ്ടോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഇന്ത്യൻ റുപ്പിയിലേക്ക് കൺവേർട്ട് ചെയ്യുമ്പോൾ ഏകദേശം 5.20 ലക്ഷം രൂപയോളം വരുമെന്ന് സാരം. ഇന്ത്യയിലേതു പോലെ തന്നെ ട്രയംഫ് സ്പീഡ് 400, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവയുമായാണ് മാവ്റിക് 440 യുകെയിലും മത്സരിക്കുന്നത്.
മൂന്ന് ബൈക്കുകളും ഇന്ത്യയിൽ നിർമിച്ച് യുകെയിലേക്ക് കയറ്റുമതി ചെയ്യുന്നവയാണ് എന്നതാണ് ശ്രദ്ധേയം. ഡിസൈനിലേക്ക് നോക്കിയാൽ ഹീറോ മാവ്റിക് 440 ഒരു നിയോ-റെട്രോ മോട്ടോർസൈക്കിളായാണ് വരുന്നത്. സിഗ്നേച്ചർ എൽഇഡി ഡിആർഎല്ലുകളോടുകൂടിയ എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനുമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഓൾ-മെറ്റൽ ബോഡി, 13.5 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയാണ് ബൈക്കിനെ വേറിട്ടു നിർത്തുന്നത്.

മൂന്ന് വേരിയന്റുകളിലാണ് മാവ്‌റിക്ക് 440 വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ആർട്ടിക് വൈറ്റ് ഷേഡും സ്‌പോക്ക് വീലുകളും ലഭിക്കുന്ന ബേസ് ട്രിമ്മാണ് ആദ്യത്തേത്. മിഡ്-ട്രിമ്മിന് അലോയ് വീലുകളോട് കൂടിയ മെറ്റാലിക് ബ്ലൂ, റെഡ് കളർ ഓപ്‌ഷനുകൾ ലഭിക്കുന്നു. അതേസമയം ടോപ്പ് വേരിയന്റിന് മാറ്റ്, ഗ്ലോസ് ബ്ലാക്ക് നിറങ്ങൾ എഞ്ചിനിലും മെഷീൻഡ് അലോയ് ഫിനിഷും ഇന്ധന ടാങ്കിൽ 3D ബാഡ്ജിംഗും ലഭിക്കുന്നു.
വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, സിംഗിൾ പീസ് സീറ്റ്, 440 സിസി സിംഗിൾ-സിലിണ്ടർ എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ എന്നിവയെല്ലാം മൂന്ന് വേരിയന്റുകളിലും സമാനമാണെന്നും പറയാം. 440 സിസി സിംഗിൾ-സിലിണ്ടർ എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് ഹീറോ മാവ്റിക്കിന്റെ ഹൃദയം. ഇത് 6,000 ആർപിഎമ്മിൽ 27 bhp പവറും 4,000 ആർപിഎമ്മിൽ 36 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കമ്പനി പറയുന്നു.

സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ലഭിക്കുന്ന 6-സ്പീഡ് യൂണിറ്റാണ് ഗിയർബോക്‌സ്. സുഗമമായ യാത്രകളും ഹൈവേ റൈഡിംഗും നൽകുന്നതിന് ലോ-എൻഡ് ടോർക്കിനായി എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്തിട്ടുണ്ടെന്നും ഹീറോ പറയുന്നു. ഇതെല്ലാം യുകെ വിപണിയിലും കരുത്താവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഇന്ത്യൻ മോഡലിന് സമാനമായ രീതിയിൽ തന്നെയാണ് മാവ്റിക് 440 വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








