വൈബ്രേഷനുമില്ല, വികാരവുമില്ല, മാസ് എൻട്രിയുമായി ഹീറോ മാവ്റിക് 440; വില പിന്നെ പറയാമെന്ന് കമ്പനി
സ്പ്ലെൻഡർ, പാഷൻ, ഗ്ലാമർ പോലുള്ള ഗംഭീര കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറിപ്പാർത്തവരാണ് ഹീറോ മോട്ടോകോർപ് (Hero Motocorp). പണ്ട് ഹോണ്ടയുമായുള്ള പങ്കാളിത്തത്തിൽ ഉടലെടുത്ത 'ഹീറോ ഹോണ്ട' (Hero Honda) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും കൂട്ടുകെട്ടുകളെല്ലാം പൊളിച്ച് സ്വയം പര്യാപ്‌തമായി വളർന്ന് പന്തലിച്ചിരിക്കുകയാണ് ഹീറോയിപ്പോൾ.
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയുടെ കൂട്ടുകെട്ടിപ്പോൾ അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി ഡേവിഡ്‌സണുമായാണ്. ഈ കൂട്ടുകെട്ടിൽ പുറത്തിറക്കിയ X440 റോഡ്സ്റ്റർ ഇന്ത്യയിൽ വലിയ ഓളം സൃഷ്‌ടിച്ചപ്പോൾ ഇതേ ബൈക്കിനെ അടിസ്ഥാനമാക്കിയുള്ള തങ്ങളുടെയൊരു പ്രീമിയം ബൈക്കും അധികം വൈകാതെ വിപണിയിലെത്തുമെന്ന് ഹീറോ ഉറപ്പു നൽകിയിരുന്നു.

ഇപ്പോഴിതാ വാക്കുപാലിച്ചുകൊണ്ട് ഹീറോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ മാവ്റിക്കിനെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. ഹീറോ-ഹാർലി പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ മോഡലാണിത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. X440 അടിസ്ഥാനമാക്കിയാണ് പണിതിറക്കിയിരിക്കുന്നതെങ്കിലും മാവ്‌റിക്ക് മൊത്തത്തിൽ തികച്ചും വ്യത്യസ്തമായ സ്റ്റൈലിംഗാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് കൈയടി അർഹിക്കുന്നുണ്ട്.
ഹീറോ മാവ്‌റിക്ക് 440 മസ്‌കുലർ സ്‌റ്റൈലിംഗാണ് സ്വീകരിച്ചിരിക്കുന്നത്. ബൾബസ് ഫ്യൂവൽ ടാങ്ക്, എൽഇഡി ഡിആർഎല്ലുകളുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, വൈഡ് ഹാൻഡിൽബാർ. സ്റ്റബി ടെയിൽ സെക്ഷൻ, സ്കൂപ്പ്-ഔട്ട് സിംഗിൾ പീസ് സീറ്റ് എന്നിവയാണ് പുതിയ മോഡേൺ റെട്രോ ബൈക്കിനെ ആകർഷണീയമാക്കുന്നത്. അതോടൊപ്പം ഫോർക്ക് ശൈലിയിലുള്ള അലോയ് വീലുകളും രൂപഭംഗി പൂർത്തിയാക്കാൻ സ്റ്റബി എക്‌സ്‌ഹോസ്റ്റുമാണ് മാവ്റിക്കിൽ ബ്രാൻഡ് കോർത്തിണക്കിയിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാലും പിശുക്കൊന്നും കൂടാതെയാണ് ഹീറോ മോട്ടോകോർപ് ബൈക്കിനെ ഒരുക്കിയിരിക്കുന്നത്. ഇൻസ്ട്രുമെന്റ് കൺസോളിനായി മാവ്‌റിക്ക് ഒരു എൽസിഡി സ്‌ക്രീനുമായാണ് വരുന്നത്. ധാരാളം വിവരങ്ങൾ ഉൾക്കൊള്ളുന്ന യൂണിറ്റ് കോളുകളും എസ്എംഎസ് അലേർട്ടുകളും മ്യൂസിക് പ്ലേബാക്കും ടേൺ-ബൈ-ടേൺ നാവിഗേഷനും നൽകുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയാണ് വരുന്നത്.
അതേസമയം നിരവധി കണക്റ്റഡ് സവിശേഷതകൾ മൊബൈൽ ആപ്പ് വഴി ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ഹീറോ പറയുന്നു. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും ഫുൾ എൽഇഡി ലൈറ്റിംഗുമാണ് മോട്ടോർസൈക്കിളിന്റെ മറ്റ് ഹൈലൈറ്റുകൾ. മൂന്ന് വേരിയന്റുകളിലായി അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ അവതരിപ്പിക്കുന്ന ഹീറോ മാവ്റിക്ക് സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് മോട്ടോർസൈക്കിൾ ഫെബ്രുവരി മുതൽ പ്രീ-ബുക്ക് ചെയ്യാം.

അതേസമയം ഡെലിവറി ഏപ്രിൽ മാസത്തോടെയായിരിക്കും ആരംഭിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിൽ നിന്നുള്ള 440 സിസി സിംഗിൾ-സിലിണ്ടർ എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലിനും തുടിപ്പേകുന്നത്. റീട്യൂണിംഗൊന്നും വരുത്തിയിട്ടില്ലെങ്കിൽ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27 bhp കരുത്തിൽ 38 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
പക്ഷേ ഹീറോ പറയുന്നത് അനുസരിച്ച് 2,000 ആർപിഎമ്മിൽ നിന്ന് 90 ശതമാനം ടോർക്കും ഉത്പാദിപ്പിക്കുന്നതിനാൽ ലോംഗ്-സ്ട്രോക്ക് എഞ്ചിൻ ടോർക്കിനായി ട്യൂൺ ചെയ്തിട്ടുണ്ടെന്ന് മനസിലാക്കാം. ഹാർലിയിൽ നിന്ന് വ്യത്യസ്തമായി ഹീറോ 43 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് ഉപയോഗിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

മിഡ്-കപ്പാസിറ്റി സെഗ്‌മെന്റിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ 350, ഹോണ്ട ഹൈനസ് CB350, ഹാർലി-ഡേവിഡ്‌സൺ X440 എന്നിവയ്‌ക്കെതിരെയാണ് ഹീറോ മാവ്‌റിക് 440 മത്സരിക്കുന്നത്. ഹാർലി X440, ഹീറോ കരിസ്‌മ XMR, വിഡ V1 എന്നീ മോഡലുകൾ മറ്റും റീട്ടെയിൽ ചെയ്യുന്ന ബ്രാൻഡിന്റെ പുതിയതും പ്രീമിയവുമായ 'ഹീറോ പ്രീമിയ' ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെ മാത്രമായിരിക്കും മാവ്റിക്ക് വിൽക്കുക.


Click it and Unblock the Notifications







