30 വർഷത്തിനിടെ സ്പ്ലെൻഡറിൽ ഇതാദ്യം, ഒപ്പം 80 കിലോമീറ്റർ മൈലേജും; ഇവി വാങ്ങാൻ പ്ലാനുള്ളവർ വരെ വാങ്ങിപ്പോവും
ഇന്ത്യൻ ബൈക്കുകളിലെ രാജാവാണ് ഹീറോ സ്പ്ലെൻഡർ (Hero Splendor). തൊണ്ണൂറുകളിൽ പിറവിയെടുത്ത മോഡൽ വാങ്ങാൻ ഇന്നും ആളുകളുണ്ടെന്നതാണ് രസകരമായ കാര്യം. അതും പത്തോ പതിനായിരമോ അല്ല. സ്പ്ലെൻഡറിന്റെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഒരോ മാസവും കമ്പനി നിരത്തുകളിൽ എത്തിക്കുന്നത്. ഇന്ന് പല വേരിയന്റുകളുണ്ടെങ്കിലും എല്ലാം ഒന്നിനൊന്നിന് മെച്ചമാണ്. ആധുനിക കാലത്തിനൊത്ത് മാറാൻ ഈ ഇതിഹാസത്തിനായിട്ടുണ്ടെന്നതാണ് ഇത്രയും വലിയ വിജയമായി നിലനിൽക്കാൻ കാരണമാവുന്നത്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായ സ്‌പ്ലെൻഡർ പ്ലസ് 100 സിസി കമ്മ്യൂട്ടർ ബൈക്കിനെ കൂടുതൽ പരിഷക്കാരിയാക്കിയിരിക്കുകയാണ്.
മറ്റൊന്നുമല്ല, ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബൈക്കായതിനാൽ സേഫ്റ്റി കൂട്ടാനായി ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സഹിതം അപ്‌ഡേറ്റുചെയ്‌താണ് സംഭവം. 30 വർഷത്തിനിടെ ഇതാദ്യമായാണ് സ്‌പ്ലെൻഡറിന് നവീകരിച്ച ബ്രേക്കിംഗ് സജ്ജീകരണം ലഭിക്കുന്നത്. പുതിയ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ഇപ്പോൾ ഹീറോ സ്‌പ്ലെൻഡർ പ്ലസ് XTEC വേരിയൻ്റിൽ ലഭ്യമാണ്. 83,461 രൂപ എക്സ്ഷോറൂം വിലയാണ് ഇതിനായി മുടക്കേണ്ടി വരികയെന്ന് മാത്രം.

അതായത് ഹീറോ സ്‌പ്ലെൻഡർ പ്ലസ് ഡ്രം ബ്രേക്ക് വേരിയൻ്റിനേക്കാൾ വെറും 3,550 രൂപ അധികമായി കൊടുത്താൽ ഫ്രണ്ട് ഡിസ്‌ക് മോഡൽ സ്വന്തമാക്കാനാവും. അധികം പൈസ കൊടുക്കുന്നുണ്ടെങ്കിലും എൽഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ലൈവ് മൈലേജ് ഇൻഡിക്കേറ്റർ, മെച്ചപ്പെട്ട ഇന്ധന ലാഭത്തിനായി i3S സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം എന്നിവയെല്ലാം ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് ഫീച്ചറും ബൈക്കിലുണ്ട്. ബ്ലാക്ക് സ്പാർക്ലിംഗ് ബ്ലൂ, ബ്ലാക്ക് ടൊർണാഡോ ഗ്രേ, ബ്ലാക്ക് റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ സ്പ്ലെൻഡർ പ്ലസ് XTEC വേരിയന്റിൽ ലഭ്യമാണ്. കമ്മ്യൂട്ടർ സെഗ്‌മെൻ്റിലെ ഏറ്റവും ആദരണീയമായ പേരുകളിലൊന്നായി സ്‌പ്ലെൻഡർ തുടരുന്നതിനുള്ള പ്രധാന കാരണവും ഇത്തരത്തിലുള്ള മോഡേൺ നവീകരണങ്ങളാണ്. ഇന്നും നഗര, ഗ്രാമ വിപണികളിലുടനീളം നിരവധി വാങ്ങുന്നവരുടെ ഇഷ്ടപ്പെട്ട ഇരുചക്ര വാഹനമാണിത്.

പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസിൽ ഡിസ്ക്ക് ബ്രേക്ക് ചേർത്തുവെങ്കിലും മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ഹീറോ മോട്ടോകോർപ് കൊണ്ടുവന്നിട്ടില്ല. 8,000 ആർപിഎമ്മിൽ 7.9 bhp പവറും 6,000 ആർപിഎമ്മിൽ 8.05 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്യുവൽ ഇഞ്ചക്ഷനോടു കൂടിയ 97.2 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനിനാണ് വാഹനത്തിന്റെ ഹൃദയം. 4-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ഹീറോ സ്പ്ലെൻഡറിന്റെ സ്റ്റാൻഡേർഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കോടുകൂടിയ പുതിയ സ്‌പ്ലെൻഡർ പ്ലസിന് 1.6 കിലോഗ്രാം ഭാരം അധികമായി വരും. അങ്ങനെ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് മൊത്തത്തിൽ 113.6 കിലോഗ്രാം ഭാരമാണ് വരുന്നത്. മൈലേജിന്റെ കാര്യത്തിലും എതിരാളികളില്ലെന്ന് വേണം പറയാൻ. ലിറ്ററിന് ഏകദേശം 80.6 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ 5-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്യുവൽ ഷോക്കുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. ടോപ്പ് വേരിയന്റായ XTEC പതിപ്പിന്റെ മുൻവശത്ത് പുതുതായി ഫിറ്റ് ചെയ്‌ത 240 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം യൂണിറ്റുമാണ് ബ്രേക്കിംഗിനായി നിയോഗിച്ചിരിക്കുന്നത്. ബേസ് ട്രിമ്മിൽ 130 mm ഡ്രം ബ്രേക്കുകളാണ് രണ്ടറ്റത്തും ഒരുക്കിയിരിക്കുന്നത്.
ഇൻ്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം (IBS) സഹിതമാണ് ഹീറോ സ്‌പ്ലെൻഡർ പ്ലസ് XTEC മോഡൽ വിപണിയിൽ എത്തുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ കോളുകൾ, എസ്എംഎസ്, ബാറ്ററി അലേർട്ടുകൾ എന്നിവയും മികച്ച സുരക്ഷയ്ക്കായി ബൈക്കിൽ ഹസാർഡ് ലൈറ്റുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. യുഎസ്ബി ചാർജിംഗ്, മികച്ച സൗകര്യത്തിനായി നീളമേറിയ സീറ്റ്, ഹിഞ്ച്-ടൈപ്പ് ഡിസൈനുള്ള വലിയ ഗ്ലൗബോക്സ് എന്നിവയും മോഡലിലെ പ്രധാന സവിശേഷതകളാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








