100 സിസി ബൈക്കും ഗംഭീര മൈലേജും, പക്ഷേ ഷൈൻ വേണോ സ്പ്ലെൻഡർ വാങ്ങണോയെന്ന സംശയത്തിലാണോ?
ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇത്രയും സ്വീകാര്യത കിട്ടാൻ കാരണമായ പ്രധാന കാരണം പെട്രോൾ വില തന്നെയാണ്. കൊവിഡിന് ശേഷം ഇന്ധന വില സർവകാല റെക്കോർഡിൽ എത്തിയതോടെ ആളുകളുടെ ജീവിത ചെലവ് താറുമാറായി. ഓഫീസിലേക്കുള്ള യാത്രക്കായാലും ബജറ്റ് ഇരട്ടിയായതോടെ മിക്കവരും വൈദ്യുത ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ തുടങ്ങി. എന്തായാലും ഇവി നിർമാതാക്കൾക്ക് ചാകരയായെങ്കിലും രാജ്യത്തെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ രംഗത്തിനും ഇതൊരു ഉണർവായി. ഏറെക്കാലമായി ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഹീറോ സ്പ്ലെൻഡർ (Hero Splendor) വാങ്ങാനെത്തുന്നവരുടെ എണ്ണവും ഇരട്ടിയായി.
ഫുഡ് ഡെലിവറിയും ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലെയുള്ളവയുടെയും ഡെലിവറി ഉപജീവനമാക്കി മാറ്റിയവരെല്ലാം കൂടുതൽ മൈലേജുള്ള സ്‌കൂട്ടറുകളും ബൈക്കുകളുമാണ് വാങ്ങാൻ ആഗ്രഹിക്കുന്നത്. ഇതെല്ലാം മനസിലാക്കി സ്‌പ്ലെൻഡർ പ്ലസ് Xtec 2.0 എന്ന ഏറ്റവും പുതിയ തലമുറ മോഡൽ ഹീറോ മോട്ടോകോർപ് അടുത്തിടെ പുറത്തിറക്കി. അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളും മറ്റുമെല്ലാമായി വണ്ടി മൊത്തത്തിൽ അടിപൊളിയായെന്ന് വേണം പറയാൻ.

കുറഞ്ഞ ബജറ്റിൽ എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾ തേടുന്നവരുടെയെല്ലാം ജനപ്രിയ മോഡലാണ് സ്പ്ലെൻഡർ പ്ലസ്. ഇതിനെവെല്ലാൻ സാക്ഷാൽ ഹോണ്ട ഷൈൻ 100 എന്നൊരു തട്ടുപൊളിപ്പൻ ബൈക്കും പോയവർഷം പുറത്തിറക്കിയിരുന്നു. ഈ 100 സിസി ഷൈൻ വാങ്ങാൻ ഇതുവരെ വാങ്ങാനെത്തിയത് 3 ലക്ഷത്തിലധികം ആളുകളാണ്. എന്നാൽ സ്പ്ലെൻഡർ പ്ലസ് Xtec 2.0 ആണോ അതോ ഷൈൻ 100 ആരാണ് അടിപൊളിയെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ. അവർക്കായിതാ ഒരു താരതമ്യം നോക്കാം.
എക്സ്ഷോറൂം വില: സ്‌പ്ലെൻഡർ പ്ലസ് Xtec 2.0 പതിപ്പിന് 82,911 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഷൈൻ 100 ആണെങ്കിൽ ബജറ്റ് 64,900 രൂപയായി കുറയും കേട്ടോ. രണ്ട് ബൈക്കുകളും തമ്മിലുള്ള വില വ്യത്യാസം ഏകദേശം 18,000 രൂപയാണ്. അതിനാൽ ബജറ്റ് നോക്കി വണ്ടിയെടുക്കുന്നതാവും ഉചിതം. പിന്നെ ആവശ്യവും ഇക്കൂട്ടത്തിൽ പരിഗണിക്കാം. അതിനായി രണ്ട് മോട്ടോർസൈക്കിളുകളുടേയും മറ്റ് വിശദാംശങ്ങൾ കൂടി നോക്കിയാലോ?

ഡിസൈൻ: കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ അവയുടെ രൂപത്തിലും സ്റ്റൈലിലും കാര്യമായി ശ്രദ്ധിക്കാറില്ലെങ്കിലും സ്പ്ലെൻഡറും ഷൈനും കാഴ്ച്ചയിൽ ഒട്ടും ബോറടിപ്പിക്കുന്നില്ലെന്ന് വേണം പറയാൻ. സ്‌പ്ലെൻഡർ പ്ലസ് Xtec 2.0 മോഡലിന്റെ പിന്നിൽ ടെയിൽ റാക്കായി ഉപയോഗിക്കാവുന്ന ഒരു ചെറിയ ഗ്രാബ് റെയിലുമായാണ് വരുന്നത്. മാത്രമല്ല, ഇതിന് ഇരുവശത്തും കൊളുത്തുകളും ഉണ്ടെന്നതിനാൽ ബൈക്ക് വാണിജ്യപരമായ ഉപയോഗത്തിന് ശരിക്കും പ്രയോജനപ്പെടുന്ന ഒന്നാണ്.
മറുവശത്ത് ഷൈനിന് കൂടുതൽ പ്ലെയിൻ-ജെയ്ൻ ബിൽഡാണ് ലഭിക്കുന്നത്. സാധനങ്ങൾ കയറ്റാനുള്ള അധിക പ്രായോഗികയൊന്നുമില്ലെങ്കിലും ഹോണ്ടയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ ഓഫീസിൽ പോകുന്നവർക്കെല്ലാം തികച്ചും അനുയോജ്യമാകും. അങ്ങനെ രണ്ട് വിഭാഗമായി ഇരുവരെയും തിരിച്ചാൽ നിങ്ങളുടെ ഉപയോഗത്തിനും ഇഷ്‌ടത്തിനുമാണ് ഇവിടെ പ്രാധാന്യം കൊടുക്കേണ്ടത്.

ഫീച്ചറുകൾ: ഹീറോ സ്പ്ലെൻഡർ പ്ലസ് Xtec 2.0 ചില ആധുനിക സവിശേഷതകളാൽ സമ്പന്നമാണെന്ന് വേണം പറയാൻ. എൽഇഡി ഹെഡ്‌ലൈറ്റ് മുതൽ കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയ്‌ക്കായുള്ള സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളുമായാണ് ഇത് വരുന്നത്. കൂടാതെ യുഎസ്ബി ചാർജിംഗ് പോർട്ടും ബൈക്കിലുണ്ട്. മറുവശത്ത് ഷൈൻ 100 ക്ലസ്റ്ററിൽ അനലോഗ് സജ്ജീകരണമാണ് സ്വീകരിച്ചിരിക്കുന്നത്. ആയതിനാൽ സ്‌പ്ലെൻഡറുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീച്ചറുകളിൽ വളരെ പിന്നിലാണ്.
എഞ്ചിൻ: 100 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്പ്ലെൻഡർ പ്ലസ് Xtec 2.0 എന്ന പുതുതലമുറ മോഡലിന് കരുത്ത് പകരുന്നത്. നാല് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇത് 7.09 bhp കരുത്തിൽ പരമാവധി 8.05 Nm torque വരെ നൽകാനും പ്രാപ്‌തമാണ്. അതേസമയം 73 കിലോമീറ്റർ മൈലേജാണ് സ്പ്ലെൻഡർ പ്ലസിന് ഹീറോ പറയുന്ന ഇന്ധനക്ഷമത.
മറുവശത്ത് ഹോണ്ട ഷൈൻ 100 ബൈക്കിന് 7.28 bhp പവറിൽ 8.05 Nm torque ഉത്പാദിപ്പിക്കാനാവുന്ന 98.9 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇതിന് നാല് സ്പീഡ് ഗിയർബോക്സും ലഭിക്കും. അതായത് പെർഫോമൻസ് കണക്കുകളിൽ ഇരുവരും ഏകദേശം തുല്യമാണെന്ന് സാരം. അതുപോലെ ലിറ്റിന് 65 കിലോമീറ്റർ മൈലേജാണ് കമ്പനി 100 സിസി ഷൈനിൽ അവകാശപ്പെടുന്നത്.
സസ്പെൻഷനും ബ്രേക്കിംഗും: ഈ രണ്ട് മോട്ടോർസൈക്കിളുകളിലെയും സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്കുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടറ്റത്തും ഡ്രം ബ്രേക്ക്, റോഡ്-ബയേസ്ഡ് ടയറുകളുള്ള അലോയ് വീലുകൾ എന്നിവയും സമാനമാണ്. യാത്ര ചെയ്യാൻ ഒരു ബൈക്കിൻ്റെ പ്രാഥമിക ഉപയോഗം മാത്രം നോക്കുന്ന ഒരാളാണെങ്കിൽ ഷൈൻ 100 ആയിരിക്കും നിങ്ങൾക്ക് അനുയോജ്യമാവുക. എന്നാൽ കൂടുതൽ ഫീച്ചറുകളും മറ്റുമാണ് നോക്കുന്നതെങ്കിൽ സ്പ്ലെൻഡർ പ്ലസിലേക്ക് പോവാം.


Click it and Unblock the Notifications








