സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം, മാറ്റത്തിന് തുടക്കം കുറിക്കാൻ ഹീറോയുടെ പുതിയ ഇലക്‌ട്രിക് വാഹനം
ഒരു വണ്ടിവാങ്ങിയാൽ അതൊന്ന് ഇരട്ടിയായി ഉപയോഗിക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ചുമ്മാതെങ്കിലും സ്വപ്‌നം കാണുന്നവരാണ് നാം. കാർ ബൈക്കായും ബൈക്ക് കാറായും മാറുന്ന മായാജാലം അറിയാമായിരുന്നെങ്കിൽ എന്ത് രസമായിരുന്നു അല്ലേ. എന്നാൽ ഇപ്പോൾ അത്തരത്തിലൊരു സ്വപ്നം യാഥാർഥ്യമായിരിക്കുകയാണ്. ലോകം മാറുന്നതിന്റെ വേഗതയ്ക്ക് അനുസരിച്ച് വാഹന വിപണിയുടെ സ്വഭാവവും മാറുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനി പറയാൻ പോവുന്നത്.
ഹീറോ മോട്ടോകോർപ്പിൻ്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ് തങ്ങളുടെ ആദ്യ S32 വെളിപ്പെടുത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. മുകളിൽ പറഞ്ഞതുപോലെ രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന വണ്ടിയാണിത്. എന്നാൽ കാർ അല്ലെന്ന് മാത്രം. പകരം ഇതൊരു ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമാണ്.

ത്രീവീലറായും ടൂവീലറായും ഈ വാഹനം കൊണ്ടുനടക്കാമെന്ന് സാരം. കാർഗോ അല്ലെങ്കിൽ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനുമായാണ് ഈ മോഡൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും.
പുതുമകളോടുള്ള ഹീറോയുടെ അശ്രാന്തമായ സമീപനമാണ് ഈ വാഹനത്തിന്റെ വരവ് സൂചിപ്പിക്കുന്നത്. ക്രിസ്റ്റഫർ നോളൻ്റെ ഡാർക്ക് നൈറ്റ് എപ്പോഴെങ്കിലും കണ്ടിട്ട് ഇത്തരമൊരു വാഹനം സ്വന്തമാക്കണമെന്ന് വിചാരിച്ചിരുന്നവർക്കുള്ള വിരുന്നാണ് സംഭവം. ശതകോടീശ്വരൻമാരെ ഒന്നും തൃപ്തിപ്പെടുത്തുത്തില്ലെങ്കിലും സാധാരണക്കാർക്ക് ഈ വാഹനം വിപണനത്തിന് എത്തിയാൽ വാങ്ങിച്ചിടാൻ സാധിക്കും.

എന്നാൽ ഈ മോഡുലാർ വാഹനം സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന യഥാർഥ സ്വയം തൊഴിലുള്ള ആളുകൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയേക്കാനും സാധ്യതയുണ്ട് കേട്ടോ. വാഹനം വാങ്ങുന്നതിലൂടെ സ്വകാര്യ ഉപയോഗവും ഒപ്പം ജോലിക്കാവശ്യമായ യാത്രകളും ഒരേസമയം പൂർത്തിയാക്കാൻ സാധിക്കും. ഇതുവഴി, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിക്ക് ഒന്നിൻ്റെ വിലയ്ക്ക് രണ്ട് വാഹനങ്ങൾ ലഭിക്കും. സർജ് ഇതിനെ "ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിൾ" എന്നാണ് വിളിക്കുന്നത്.
ഉപയോക്താക്കൾക്കും വാങ്ങുന്നവർക്കും അവരുടെ വരുമാന സാധ്യതയും അവരുടെ മൊത്തത്തിലുള്ള ജീവിതശൈലിയും ഉയർത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു വാഹനം സ്വന്തമാക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്കും വാങ്ങുന്നവർക്കും രണ്ട് മോഡലുകളായി മാറാം എന്നതാണ് സർജ് S32 ഇവിക്ക് പിന്നിലെ ആശയം. 3W സെറ്റപ്പിൽ നിന്ന് സ്കൂട്ടർ വേർതിരിച്ചെടുക്കാൻ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന് സർജ് പറയുന്നു.

ത്രീവീലർ വാഹനവും സ്‌കൂട്ടറും തമ്മിലുള്ള പരിവർത്തനം എവിടെവെച്ച് വേണമെങ്കിലും സാധ്യമാണെന്നും സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ അഡാപ്റ്റീവ് കൺട്രോളുകളും പ്രവർത്തനങ്ങളും ഉണ്ടെന്നും സർജ് S32 മോഡൽ ഉറപ്പുവരുത്തുന്നുണ്ട്. ഒറ്റനോട്ടത്തിൽ സർജ് S23 ഏതെങ്കിലും 3W ഇലക്ട്രിക് കാർഗോ വാഹനമോ റിക്ഷയോ പോലെയാണിരിക്കുന്നത്. ഫ്രണ്ട് പാസഞ്ചർ ക്യാബിനും ഇതിന്റെ പ്രത്യേകതയാണ്.
ഓട്ടോയുടേതായ വിൻഡ്‌സ്‌ക്രീൻ, ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, വിൻഡ്‌സ്‌ക്രീൻ വൈപ്പറുകൾ തുടങ്ങി എല്ലാ സവിശേഷതകളും ഇതിൽ കമ്പനി കോർത്തിണക്കിയിട്ടുമുണ്ട്. എന്നിരുന്നാലും ഡോറുകൾ ഇപ്പോൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടില്ലെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. പക്ഷേ കാലാവസ്ഥാ സംരക്ഷണത്തിനായി സർജ് നീക്കം ചെയ്യാവുന്നതും സിപ്പർ ചെയ്തതുമായ സോഫ്റ്റ് ഡോറുകൾ വാഗ്ദാനം ചെയ്യാനുള്ള സാധ്യതയുണ്ട്.

ഇനി സ്കൂട്ടറായി ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ ക്യാബിനിലുള്ള ഒരു ബട്ടണിൽ അമർത്തിയാൽ മുൻവശത്തെ വിൻഡ്ഷീൽഡ് ഭാഗം ലംബമായി ഉയർത്തുകയും ഉള്ളിലുള്ള സീറ്റ് കൺസോൾ തുറക്കുകയും തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ വെളിപ്പെടുത്തുകയും ചെയ്യും. 3W വാഹനത്തിൻ്റെ ക്യാബിന് വിന്യസിച്ചിരിക്കുന്ന സ്പ്രിംഗ്-ലോഡഡ് ഡബിൾ സ്റ്റാൻഡ് പോലെയുള്ള മെക്കാനിസവും ലഭിക്കുന്നു. അങ്ങനെ ടൂവീലറായി മാറിയാലും വാഹനത്തിന്റെ ബാക്കിയുള്ള ഭാഗം സേഫായി തന്നെയിരിക്കും.
സ്‌കൂട്ടറിന് അതിൻ്റേതായ എൽഇഡി ഹെഡ്‌ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു. സ്‌കൂട്ടറിലാണ് സ്പീഡോയും സ്വിച്ച് ഗിയറുകളും ഒരുക്കിയിരിക്കുന്നത്. കൂടാതെ 3W വാഹനത്തിൻ്റെ ഘടകങ്ങൾ പവർട്രെയിൻ, ബാറ്ററി എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ഇലക്ട്രിക് ഇൻ്റർഫേസ് ഉടമ സ്വമേധയാ പ്രവർത്തിപ്പിക്കേണ്ടതാണ്. 3W വാഹനത്തിനും 2W സ്‌കൂട്ടറിനും ഇടയിലാണ് ബാറ്ററിയും പവർട്രെയിനും വിഭജിച്ചിരിക്കുന്നത്.
ഓട്ടോറിക്ഷക്ക് 10 kW (13.4 bhp) പവറുള്ള 11 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇതിന് പരമാവധി 50 കിലോമീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചരിക്കാനാവുന്നതെന്ന് കമ്പനി പറയുന്നു. ലോഡ് വഹിക്കാനുള്ള ശേഷി 500 കിലോഗ്രാമാണെന്നും സർജ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കാർഗോ മോഡലുകളുടെ 3 വകഭേദങ്ങളും യാത്രക്കാരെ കൊണ്ടുപോകാൻ ഒരു വേരിയൻ്റും (ഇ-റിക്ഷ) സർജ് വാഗ്ദാനം ചെയ്യും.
മറുവശത്ത് സ്‌കൂട്ടറിൽ 3 kW (4 bhp) കരുത്തുള്ള 3.5 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് 60 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുക. എന്തായാലും ഈ വാഹനം യാഥാർഥ്യമാവുകയാണെങ്കിൽ ഇന്ത്യയിലെ വാഹന വ്യവസായത്തിൽ തന്നെ പുതിയൊരു മാറ്റത്തിന് ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിൾ തുടക്കം കുറിച്ചേക്കും. സിനിമകളിൽ മാത്രം കണ്ടിരുന്ന ഇത്തരം ഫാന്റസി മോഡലുകൾ സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








