ഇനി എല്ലാരും വാങ്ങും, 143 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന് 32,000 രൂപ വിലക്കുറച്ച് ഹീറോ
ഇന്ത്യയും ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ പിന്നാലെ പായുമ്പോൾ വിപണി മുമ്പോട്ട് കുതിക്കുകയാണ്. ഇവി വിപണിയിൽ ഓല, ഏഥർ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് മുൻപന്തിയിൽ നിൽക്കുന്നതെങ്കിലും ഹീറോ മോട്ടോകോർപ്, ബജാജ്, ടിവിഎസ് പോലുള്ള മുൻനിരക്കമ്പനികളും സെഗ്മെന്റിൽ നിന്നും പണംവാരുന്നുണ്ട്. പെട്രോൾ സ്‌കൂട്ടറുകളേക്കാൾ ലാഭമാണെന്നതാണ് ഇവയെ ജനകീയമാക്കുന്ന പ്രധാന കാരണം. വീട്ടിൽ തന്നെ ചാർജ് ചെയ്‌ത് ഉപയോഗിക്കാനുള്ള എളുപ്പവും ആളുകളെ ആകർഷിക്കുന്ന കാര്യമാണ്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് പുറത്തിറക്കിയ വിഡ V1 ഇവികൾക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ട്.
സ്പ്ലെൻഡർ നിർമിക്കുന്ന കമ്പനിയിലുള്ള വിശ്വാസവും മറ്റുമാണ് ഹീറോയുടെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടറിന് വിജയം സമ്മാനിച്ചത്. സെഗ്മെന്റിലെ മറ്റ് എതിരാളികൾക്കൊപ്പം നിരത്തുകൾ കൈയടക്കി മുന്നേറുന്ന ഇവി വാങ്ങാൻ ഏറ്റവും മികച്ച സമയങ്ങളിൽ ഒന്നാണ് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി വിൽപ്പന വർധിപ്പിക്കുന്നതിനായി വിഡ V1 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന് വലിയ ഡിസ്‌കൗണ്ട് ഓഫറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമുകളായ ആമസോണിലും ഫ്ലിപ്കാർട്ടിലും 32,000 രൂപ വരെയുള്ള ഡിസ്‌കൗണ്ടോടെ ഹീറോ വിഡ V1 ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ 25,000 രൂപ ഓഫറിൽ മോഡൽ ലഭ്യമാകുമ്പോൾ ആമസോണിൽ ഇവിക്ക് പരമാവധി 32,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. വിൽപ്പന ഡബിളാക്കാനായി വിലക്കിഴിവ് സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഈ സ്പെഷ്യൽ പ്രൈസിൽ ഇവി സ്വന്തമാക്കണമെങ്കിൽ ഓൺലൈൻ വഴി വാഹനം വാങ്ങണമെന്ന് മാത്രം. ആമസോണിൽ ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കുമ്പോൾ ഫുൾ പേയ്‌മെന്റ് നടത്തുകയാണെങ്കിൽ 27,000 രൂപ വരെ ഡിസ്‌കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം EMI പേയ്‌മെന്റാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഓഫർ 32,000 രൂപ വരെ ഉയരും. ഇത് ഉപയോഗിക്കുന്ന നിർദ്ദിഷ്ട ബാങ്ക് കാർഡുകൾക്ക് അനുസരിച്ച് മാറിയേക്കുകയും ചെയ്യും.

ഈ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നതിലൂടെ ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടറിൻ്റെ വില 91,000 രൂപ മുതൽ 94,000 രൂപയായി വരെ കുറയും. അതായത് ബജാജ് അടുത്തിടെ പുറത്തിറക്കിയ ചേതക് ഇവിയുടെ എൻട്രി ലെവൽ വേരിയന്റിനേക്കാൾ താങ്ങാനാവുന്ന വിലയിൽ വിഡ V1 സ്വന്തമാക്കാമെന്ന് സാരം. ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ വൈകിയാണ് എത്തിയതെങ്കിലും വിഡ സബ് ബ്രാൻഡിന് കീഴിൽ വിൽക്കുന്ന V1 ഇവികളിലൂടെ ഹീറോ മോട്ടോകോർപ് തങ്ങളുടെ കഴിവ് തെളിയിച്ചു.
ബോൾഡും മസ്‌കുലാർ ഡിസൈനുമാണ് V1 ഇലക്ട്രിക് സ്കൂട്ടറിലേക്ക് ആളുകളെ ആദ്യം ആകർഷിക്കുന്ന കാര്യം. അങ്ങനെ സെഗ്മെന്റിൽ മറ്റ് എതിരാളികളെ അപേക്ഷിച്ച് വേറിട്ടു നിൽക്കാനും ഹീറോയുടെ ഇവിക്കാവുന്നുണ്ട്. മോഡേൺ ഫീച്ചറുകളുടെ കാര്യത്തിലും ആള് പുലിയാണ്. V1 പ്ലസ് ഇലക്ട്രിക് സ്കൂട്ടറിന് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഫുൾ എൽഇഡി ലൈറ്റിംഗ് സജ്ജീകരണവും 7 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഡിസ്‌പ്ലേയും ഇവിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്.

ഇതുകൂടാതെ കീലെസ് എൻട്രി, 26-ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ്, മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകൾ എന്നിവയാണ് ഹീറോ വിഡ വൈദ്യുത സ്കൂട്ടറിന്റെ മറ്റ് പ്രധാന സവിശേഷതകൾ. ട്യൂബ്‌ലെസ് ടയറുകളാൽ പൊതിഞ്ഞ അലോയ് വീലുകൾ, സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക്, ബ്രേക്കിംഗിനായി ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയും വിഡ V1 മോഡലിൽ കാണാം.
3.4 kWh ബാറ്ററി പായ്ക്കിലാണ് വിഡ V1 പ്ലസ് ഇവി വരുന്നത്. ഇത് ഒറ്റ ചാർജിൽ 143 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നത്. മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുന്ന സ്കൂട്ടറിന് 3.4 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. വിഡ V1 പ്ലസിന് അഞ്ച് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്. ബാറ്ററി പാക്കിന് മൂന്ന് വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറണ്ടിയും കിട്ടും.


Click it and Unblock the Notifications








