വിഡ V1 ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയാൽ 5 വർഷത്തേക്ക് ടെൻഷൻ വേണ്ട, 27,000 രൂപയുടെ കിടിലൻ സമ്മാനവുമായി ഹീറോ
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഓല, ഏഥർ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് വിരാജിക്കുന്നതെങ്കിലും ഒരു വലിയ വിഹിതം കൈക്കലാക്കാൻ കഴിഞ്ഞവരാണ് രാജ്യത്തെ ഏറ്റവും വലിയ ടൂവീലർ ബ്രാൻഡായ ഹീറോ മോട്ടോകോർപ്. ഇവി വിപ്ലവം വേറെ ലെവലിലേക്ക് പോവുന്നത് മനസിലാക്കി കൃത്യസമയത്ത് കിടുക്കാച്ചിയൊരു ഇലക്ട്രിക് സ്‌കൂട്ടറുമായി രംഗത്തെത്തിയവരാണ് ഇവർ.
ഓലയ്ക്കും ഏഥറിനുമെല്ലാം പകരംവെക്കാൻ ഹീറോ നിരയിൽ പിറവിയെടുത്ത വിഡ V1 മോഡലിനെ കുറിച്ചാണീ പറഞ്ഞുവരുന്നത്. ഇന്ന് നിരത്തിലിറങ്ങിയാൽ കാണാൻ കഴിയുന്ന ഇവികളിൽ പ്രധാനിയായി ഇത് മാറിയിട്ടുമുണ്ട്. എല്ലാ മാസവും തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിൽ ഗംഭീര ഓഫറുകൾ അണിനിരത്തിയാണ് കമ്പനി വലിയ നിരയിലേക്ക് ഉയർന്നു വന്നിരിക്കുന്നത്. അത്തരത്തിൽ വീണ്ടുമൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്.

വിഡ V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടർ ഉടമകൾക്ക് അവരുടെ ഉടമസ്ഥാവകാശ അനുഭവം ലഘൂകരിക്കുന്നതിനായി പുതിയ വിഡ അഡ്വാന്റേജ് പാക്കേജ് അവതരിപ്പിച്ചതാണ് ഹീറോയുടെ പുതിയ തന്ത്രം. അഞ്ച് വർഷത്തിനുള്ളിൽ നിരവധി ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്ന ഒരു സെഗ്മെന്റ് ഫസ്റ്റ് സംരംഭമാണ് ഇതെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. അതായത് ഏകദേശം 27,000 രൂപ ചെലവ് വരുന്ന ഈ ആനുകൂല്യം ഇപ്പോൾ സൗജന്യമായാണ് കമ്പനി നൽകുന്നതെന്ന് സാരം.
പുതിയ ഉപഭോക്താക്കൾക്ക് 2024 ഏപ്രിൽ 31 വരെ ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിന് അഡ്വാന്റേജ് പാക്കേജ് സൗജന്യമായി ലഭ്യമാകും. വാഹനത്തിലെ രണ്ട് ബാറ്ററി പായ്ക്കുകൾക്കും 5 വർഷത്തെ അല്ലെങ്കിൽ 60,000 കിലോമീറ്റർ വരെയുള്ള എക്സ്റ്റൻഡഡ് ബാറ്ററി വാറണ്ടി ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വിഡ അഡ്വാന്റേജ് പാക്കേജ് വാഗ്ദാനം ചെയ്യും. ഇതുകൂടാതെ 2,000-ലധികം ചാർജിംഗ് പോയിന്റുകളുള്ള ബ്രാൻഡിൻ്റെ ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസും ലഭിക്കും.

അഡ്വാന്റേജ് പാക്കേജ് (Advantage Package) അഞ്ച് വർഷത്തേക്ക് കമ്പനിയുടെ വർക്ക്ഷോപ്പുകളിലുടനീളം സൗജന്യ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു എന്ന കാര്യവും ഉടമകൾക്ക് ആശ്വാസമേകുന്ന കാര്യമായി. അവസാനമായി ഉപയോക്താക്കൾക്ക് തടസങ്ങളില്ലാത്ത ഉടമസ്ഥതയ്ക്കായി 24x7 റോഡ്സൈഡ് അസിസ്റ്റൻസിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും ഹീറോ മോട്ടോകോർപ് അറിയിക്കുകയുണ്ടായി.
അങ്ങനെ മൊത്തത്തിൽ V1 ഇവി ഉടമകളെ ടെൻഷൻ ഫ്രീയാക്കുകയാണ് ബ്രാൻഡ്. ഇലക്‌ട്രിക് മൊബിലിറ്റിയിലേക്ക് മാറുന്നത് ഒരു വാഹനം വാങ്ങുക മാത്രമല്ല, ലൈഫ്-സ്റ്റൈൽ സ്വീകരിക്കുകയുമാണ് എന്ന് തങ്ങൾ മനസിലാക്കുന്നുവെന്ന് ഹീറോ മോട്ടോകോർപിന്റെ എമർജിംഗ് മൊബിലിറ്റി ബിസിനസ് യൂണിറ്റ് (EMBU) ചീഫ് ബിസിനസ് ഓഫീസർ സ്വദേശ് ശ്രീവാസ്തവ വിഡ അഡ്വാന്റേജ് പാക്കേജിന്റെ പ്രഖ്യാപനത്തിൽ അഭിപ്രായപ്പെട്ടു.

അറ്റകുറ്റപ്പണി മുതൽ ചാർജിംഗ് വരെയുള്ള ഉപഭോക്താക്കളുടെ ഉടമസ്ഥാവകാശ അനുഭവത്തിൻ്റെ എല്ലാ മേഖലകളിലും മനസമാധാനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡ V1 പ്ലസ്, V1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഹീറോ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ പിന്നീട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ V1 പ്ലസ് വേരിയന്റിന്റെ വില്‍പ്പന ഹീറോ നിര്‍ത്തിയിരുന്നു.
എന്നാൽ അടുത്തിടെ ഡിമാന്റ് വർധിക്കുന്നത് മനസിലാക്കിയ കമ്പവി 2024 വിഡ V1 പ്ലസിനെ ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ V1 പ്ലസിന് 97,800 രൂപ മുതലും V1 പ്രോയ്ക്ക് 1.26 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില തുടങ്ങുന്നത്. 6 kW ഇലക്ട്രിക് മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്ന V1 പ്രോയ്ക്ക് 0-40 കിലോമീറ്റർ വേഗത വെറും 3.2 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയുമെന്നാണ് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നത്.

കൂടാതെ 80 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. പൂർണമായി ചാർജ് ചെയ്‌താൽ V1 പ്രോയ്ക്ക് 110 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും, കസ്റ്റം മോഡ്, ക്രൂയിസ് കൺട്രോൾ, ബൂസ്റ്റ് മോഡ്, ടു-വേ ത്രോട്ടിൽ, കീലെസ് ആക്‌സസ്, OTA- പ്രവർത്തനക്ഷമമാക്കിയ 7 ഇഞ്ച് TFT ഡാഷ്‌ബോർഡ് എന്നിവയുൾപ്പെടെ നിരവധി മോഡേൺ ഫീച്ചറുകളുമായാണ് ഹീറോയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്.


Click it and Unblock the Notifications








